മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട തമിഴ് നടന്മാരില്‍ ഒരാളാണ് പ്രഭു ദേവ. അഭിനേതാവ് എന്നതിന് പുറമെ നൃത്തസംവിധായകന്‍, ചലച്ചിത്ര സംവിധായകന്‍, സിനിമാ നിര്‍മാതാവ് എന്നീ നിലകളിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
തമിഴിനൊപ്പം ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലും പ്രഭുദേവ അഭിനയിച്ചിട്ടുണ്ട്. 2011ല്‍ ഉറുമി എന്ന സന്തോഷ് ശിവന്‍ – പൃഥ്വിരാജ് ചിത്രത്തിലൂടെയാണ് മലയാളത്തില്‍ ആദ്യമായി അഭിനയിക്കുന്നത്.
ഹോം എന്ന ചിത്രത്തിന് ശേഷം റോജിന്‍ തോമസ് സംവിധാനം ചെയ്ത് എത്തുന്ന കത്തനാര്‍ എന്ന മലയാള സിനിമയിലും പ്രഭു ദേവ ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ജയസൂര്യയാണ് ഈ സിനിമയില്‍ നായകനാകുന്നത്.
ഇപ്പോള്‍ മലയാള സിനിമയെ കുറിച്ച് പറയുകയാണ് പ്രഭുദേവ. ആരും വിളിക്കാതിരുന്നത് കൊണ്ടായിരുന്നു താന്‍ ഉറുമിക്ക് ശേഷം മലയാളത്തില്‍ സിനിമകള്‍ ചെയ്യാതിരുന്നത് എന്നാണ് നടന്‍ പറയുന്നത്. മലയാളത്തില്‍ ഒരു പടം സംവിധാനം ചെയ്യുന്നുണ്ടെങ്കില്‍ നായകനായി താന്‍ ആഗ്രഹിക്കുന്നത് മോഹന്‍ലാലിനെ ആണെന്നും അദ്ദേഹം പറഞ്ഞു.
മലയാള പടമൊക്കെ ഞാന്‍ കാണാറുണ്ട്. എനിക്ക് മോഹന്‍ലാല്‍ സാറിനെ ഒരുപാട് ഇഷ്ടമാണ്. മലയാളത്തില്‍ ഒരു പടം സംവിധാനം ചെയ്യുന്നുണ്ടെങ്കില്‍ ആരായിരിക്കും നായകനെന്ന് ചോദിച്ചാല്‍ അത് മോഹന്‍ലാല്‍ സാറായിരിക്കും.
എന്റെ കഴിവ് വെച്ച് മോഹന്‍ലാല്‍ സാറിന്റെ ഒരു പടം എടുക്കാന്‍ ആവുമോയെന്ന് എനിക്ക് അറിയില്ല. എന്നാലും എന്റെയൊരു ആഗ്രഹമാണത്. പിന്നെ നല്ല കഥയൊക്കെ വേണമല്ലോ. മലയാള ഭാഷ കേട്ടാല്‍ എനിക്ക് മനസിലാകും.
പക്ഷേ സംസാരിക്കാന്‍ കഴിയില്ല. പഠിക്കാന്‍ വിഷമമുള്ള ഒരു ഭാഷയാണത്. എന്നാലും മലയാളവും കേരളവും എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഒരുപാട് തവണ ഷൂട്ടിങ്ങിന് ഞാന്‍ കേരളത്തില്‍ വന്നിട്ടുണ്ട്,’ പ്രഭു ദേവ പറയുന്നു.
Content Highlight: Prabhu Deva Talks About Mohanlal