അടുത്തിടെ ജിയോ ഹോട്‌സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിച്ച വെബ് സീരീസാണ് സീക്രട്ട് സ്റ്റോറീസ്: റോസ്‌ലിന്‍. നവാഗതനായ സുമേഷ് നന്ദകുമാര്‍ സംവിധാനം ചെയ്ത സൈക്കോളജിക്കല്‍ ത്രില്ലര്‍ സീരീസിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. മലയാളത്തിലെ മുന്‍നിര ഗാനരചയിതാവായ വിനായക് ശശികുമാറാണ് സീരീസിന്റെ സ്‌ക്രിപ്റ്റ് തയാറാക്കിയത്.
സഞ്ജന ദീപു, മീന, വിനീത്, ഹക്കിം ഷാ എന്നിവരാണ് റോസ്‌ലിനിലെ പ്രധാന താരങ്ങള്‍. സ്ലോ പേസില്‍ കഥപറയുന്ന സീരീസിലെ അവസാന രണ്ട് എപ്പിസോഡിലാണ് പ്രധാന ട്വിസ്റ്റ്. സ്വത്തിന് വേണ്ടി സ്വന്തം മകളെപ്പോലെ വളര്‍ത്തിയ റോസ്‌ലിനെ കൊല്ലാന്‍ ശ്രമിക്കുന്ന ദമ്പതികളുടെ കഥയാണ് സീരീസിന്റേത്. ഇവരില്‍ നിന്ന് റോസ്‌ലിനെ രക്ഷിക്കാന്‍ എത്തുന്ന പൊലീസ് ഓഫീസറായാണ് ഹക്കിം ഷാ വേഷമിടുന്നത്.
എന്നാല്‍ റോസ്‌ലിന്റെ കഥ 36 വര്‍ഷം മുമ്പ് റിലീസായ മറ്റൊരു സിനിമയുടെ കഥയുമായി സാമ്യമുണ്ടെന്ന് സോഷ്യല്‍ മീഡിയ കണ്ടുപിടിച്ചിരിക്കുകയാണ്. ജയറാം, ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിജി തമ്പി സംവിധാനം ചെയ്ത നഗരങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം എന്ന ചിത്രത്തിനും ഇതേ കഥയാണെന്ന് പോസ്റ്റില്‍ പറയുന്നുണ്ട്.
തിലകന്‍ അവതരിപ്പിച്ച എം.ആര്‍.സി എന്ന കഥാപാത്രം സ്വന്തം മകളെ കൊല്ലാന്‍ വേണ്ടി വാടകക്കൊലയാളികളെ ഏര്‍പ്പാടാക്കുന്നതാണ് ചിത്രത്തിന്റെ കഥ. പണ്ട് താന്‍ ജോലിക്ക് നിന്ന വീട്ടിലെ മുതലാളിയുടെ മകളാണ് നായിക. മുതലാളി മരിച്ചതിന് ശേഷം അയാളുടെ സ്വത്തുക്കള്‍ എം.ആര്‍.സി കൈവശം വെക്കുകയും 18 വയസായതിന് ശേഷം അവളെ കൊല്ലാന്‍ ശ്രമിക്കുന്നതുമെല്ലാം നഗരങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം എന്ന ചിത്രത്തില്‍ കാണിക്കുന്നുണ്ട്.
ഇതേ കഥ തന്നെയാണ് റോസ്‌ലിനിലുമെന്നാണ് പോസ്റ്റില്‍ പറയുന്നുണ്ട്. ‘ഉണ്ണുക- ഉറങ്ങുക- സ്വപ്‌നം കാണുക’ എന്ന സീരീസിന്റൈ ട്വിസ്റ്റും ഇതുപോലെയാണെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. വീട്ടിലെ ആളുകള്‍ രാവിലെയും ഉച്ചക്കും രാത്രിയും എന്ത് കഴിച്ചു എന്നാണ് ആദ്യത്തെ നാല് എപ്പിസോഡില്‍ കാണിച്ചതെന്നും പിന്നീടുള്ള രണ്ട് എപ്പിസോഡില്‍ ഈ ട്വിസ്റ്റുമാണെന്നും പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്. ഞാന്‍ അരുണ്‍ എന്ന ഐ.ഡിയാണ് പോസ്റ്റ് പങ്കുവെച്ചത്.
റോസ്‌ലിനെക്കുറിച്ചുള്ള മറ്റൊരു പോസ്റ്റും കഴിഞ്ഞദിവസം വൈറലായി. മൂന്ന് മണിക്കൂറുള്ള സീരീസില്‍ ഒന്നര മണിക്കൂറും പ്രധാന കഥാപാത്രങ്ങള്‍ ഭക്ഷണം കഴിക്കുന്നത് മാത്രമാണ് കാണിക്കുന്നതെന്നും ആവറേജ് ഫീല്‍ മാത്രമേ സീരീസ് സമ്മാനിച്ചതെന്നും പോസ്റ്റില്‍ പറഞ്ഞിരുന്നു. ജീത്തു ജോസഫ് ഷോ റണ്ണറായ സീരീസാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
Content Highlight: Post saying that Roslin sreies copied the story of Nagarangalil Chennu Raparkam movie