മലയാളസിനിമക്ക് ഫാസില്‍ സമ്മാനിച്ച നടന്മാരാണ് കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും. അനിയത്തിപ്രാവിലൂടെ കുഞ്ചാക്കോ ബോബന്‍ സിനിമാലോകത്തേക്ക് കടന്നുവന്നപ്പോള്‍ കൈയെത്തും ദൂരത്തിലൂടെയാണ് ഫഹദ് ആദ്യമായി നായകനായത്. ആദ്യ സിനിമയിലെ പ്രകടനത്തില്‍ നിന്ന് ഇരുവരും ഇന്ന് ബഹുദൂരം മുന്നിലാണ്.
തന്റെ ഇമേജുകളെ തെല്ലും ഭയപ്പെടാതെ ചലഞ്ചിങ്ങായുള്ള വേഷങ്ങള്‍ ചെയ്തുകൊണ്ട് കുഞ്ചാക്കോ ബോബന്‍ ഞെട്ടിക്കുകയാണ്. ഫഹദാകട്ടെ പാന്‍ ഇന്ത്യന്‍ തലത്തില്‍ തന്റെ റേഞ്ച് വ്യക്തമാക്കുകയാണ്. എന്നാല്‍ കരിയറില്‍ എത്ര തന്നെ വ്യത്യസ്ത വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ഇരുവരും കൈവെക്കാത്ത ഴോണറിനെക്കുറിച്ചുള്ള പോസ്റ്റാണ് ഇപ്പോള്‍ വൈറല്‍.
സിനിമയിലെത്തി 20 വര്‍ഷമായിട്ടും കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ഇന്നേവരെ ഹൊറര്‍ ഴോണറില്‍ സിനിമകള്‍ ചെയ്തിട്ടില്ലെന്നാണ് പോസ്റ്റ്. പ്രോപ്പറായിട്ടുള്ള ഹൊറര്‍ സിനിമകളൊന്നും ഇരുവരും ചെയ്തിട്ടില്ലെന്നാണ് പോസ്റ്റില്‍ പറയുന്നത്. ആറ്റിപ്പ്രാക്കല്‍ ജിമ്മി എന്ന ഐ.ഡിയാണ് ഫേസ്ബുക്കില്‍ ഈ പോസ്റ്റ് പങ്കുവെച്ചത്.
കുഞ്ചാക്കോ ബോബന്റെ കരിയറില്‍ മയില്‍പ്പീലിക്കാവ്, കൊന്തയും പൂണൂലും എന്നീ സിനിമകളില്‍ ഹൊറര്‍ എലമെന്റുണ്ടായിരുന്നെങ്കിലും കംപ്ലീറ്റായിട്ടുള്ള ഹൊറര്‍ സിനിമ ഒന്നും വന്നിട്ടില്ലെന്നും പോസ്റ്റില്‍ പറയുന്നു. നീലവെളിച്ചത്തില്‍ ആദ്യം കുഞ്ചാക്കോ ബോബനെ കാസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് അദ്ദേഹം ആ പ്രൊജക്ടില്‍ നിന്ന് പിന്മാറിയെന്നും പോസ്റ്റിലുണ്ട്.
കേരള കഫെ എന്ന ആന്തോളജി ചിത്രത്തില്‍ ഫഹദ് അഭിനയിച്ച മൃത്യുഞ്ജയം എന്ന സെഗ്മെന്റ് ഹൊറര്‍ ഴോണറിലുള്ളതായിരുന്നു. അകം, കാര്‍ബണ്‍ എന്നീ ചിത്രങ്ങളിലും ചെറുതായി ഹൊറര്‍ എലമെന്റുണ്ടായിരുന്നു. എന്നിരുന്നാലും കരിയറില്‍ ഇതുവരെ കംപ്ലീറ്റ് ഹൊറര്‍ ചിത്രം ഫഹദും ചെയ്തിട്ടില്ല. വരും കാലങ്ങളില്‍ ഫഹദില്‍ നിന്ന് ഒരു ഹൊറര്‍ ചിത്രം പ്രതീക്ഷിക്കുന്നുണ്ടെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.
മലയാളത്തില്‍ ഏറ്റവുമധികം ഹൊറര്‍ സിനിമകള്‍ ചെയ്ത മുന്‍നിര നടന്മാര്‍ മോഹന്‍ലാല്‍, ജയറാം, പൃഥ്വിരാജ് എന്നിവരാണെന്നും പോസ്റ്റിലുണ്ട്. മൂന്ന് പേരും കരിയറില്‍ അഞ്ച് ഹൊറര്‍ സിനിമകള്‍ വീതം ചെയ്തിട്ടുണ്ട്. മമ്മൂട്ടിയും ഒട്ടും പിന്നിലല്ല. നാല് ഹൊറര്‍ സിനിമകളാണ് മമ്മൂട്ടി കരിയറില്‍ ചെയ്തിട്ടുള്ളത്. പോസ്റ്റിന് മികച്ച കമന്റുകളും ലഭിക്കുന്നുണ്ട്.
നിവിന്‍ പോളി സര്‍വ്വം മായയിലൂടെ ഹൊറര്‍ ഴോണര്‍ പരീക്ഷിച്ചപ്പോള്‍ ദുല്‍ഖര്‍ ഇതുവരെ ഹൊറര്‍ ഴോണറിന്റെ പരിസരത്തേക്ക് പോയിട്ടില്ലെന്നും ചിലര്‍ കമന്റ് ബോക്‌സില്‍ ഓര്‍മപ്പെടുത്തി. കുഞ്ചാക്കോ ബോബന്റെ മയില്‍പ്പീലിക്കാവിലെ ചെറിയ ഹൊറര്‍ എലമെന്റ് ഇന്നും സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാണെന്നും കമന്റുകളുണ്ട്.