വാഴ 2വുമായി ക്ലാഷ് ഒഴിവാക്കിയതില്‍ ഗുണം ദൃശ്യം 3യ്ക്ക് തന്നെയെന്ന് സോഷ്യല്‍ മീഡിയ; ആന്റണി പെരുമ്പാവൂരിന് അഭിനന്ദനം
Malayalam Cinema
വാഴ 2വുമായി ക്ലാഷ് ഒഴിവാക്കിയതില്‍ ഗുണം ദൃശ്യം 3യ്ക്ക് തന്നെയെന്ന് സോഷ്യല്‍ മീഡിയ; ആന്റണി പെരുമ്പാവൂരിന് അഭിനന്ദനം
അശ്വിന്‍ രാജേന്ദ്രന്‍
Thursday, 4th June 2026, 8:30 pm

2026 ആരംഭിച്ച് പകുതി വര്‍ഷം പിന്നിടുമ്പോള്‍ മറ്റൊരു ഇന്‍ഡസ്ട്രിയ്ക്കും അവകാശപ്പെടാനാകാത്ത വിധത്തില്‍ കോടികളുടെ ബിസിനസാണ് മോളിവുഡില്‍ നടന്നിരിക്കുന്നത്. ഒരു ചിത്രത്തിന്റെ കളക്ഷനുയര്‍ത്താന്‍ വലിയ പ്രൊമോഷന്റെ ആവശ്യമില്ലെന്നും പ്രേക്ഷകര്‍ നല്‍കുന്ന പിന്തുണ കൊണ്ട് മാത്രമേ വലിയ വിജയങ്ങളിലേക്ക് ഒരു ചിത്രത്തെ കൈ പിടിച്ചുയര്‍ത്താനാകുകയുള്ളൂ എന്ന് പലവട്ടം തെളിയിക്കുന്നതായിരുന്നു ഈ ചിത്രങ്ങളുടെയെല്ലാം വിജയം.

2026ല്‍ ശ്രദ്ധേയമായ വിജയം നേടിയ രണ്ട് ചിത്രങ്ങളായിരുന്നു സവിന്‍ സാ സംവിധാനം ചെയ്ത വാഴ 2വും ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 3യും. മലയാളത്തിലെ ഹിറ്റ് ഫ്രാഞ്ചൈസികളുടെ ഭാഗമായി പുറത്തിറങ്ങിയ രണ്ട് ചിത്രങ്ങളും 200 കോടിയിലധികം നേടി മികച്ച വിജയമാണ് തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയിരിക്കുന്നത്. രണ്ട് ചിത്രങ്ങളും നേരത്തേ ഏപ്രില്‍ രണ്ടിനായിരുന്നു റിലീസ് ചെയ്യാന്‍ തീരുമാനിച്ചതെങ്കിലും പിന്നീട് ദൃശ്യം 3 റിലീസ് തിയതി മാറ്റി മെയ് 21ന് റിലീസ് ചെയ്യുകയായിരുന്നു. ഇതോടെ പോസിറ്റീവ് ലഭിച്ച രണ്ട് ചിത്രങ്ങള്‍ക്കും ആവശ്യത്തിന് സ്‌പേസ് ലഭിക്കുകയും വലിയ കളക്ഷന്‍ സ്വന്തമാക്കാന്‍ സാധിക്കുകയുമായിരുന്നു.

വാഴ 2. Photo: IMDB

ഇപ്പോഴിതാ വാഴ 2വുമായുള്ള ക്ലാഷ് ഒഴിവാക്കാനുള്ള ദൃശ്യം 3 നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ തീരുമാനത്തെ പ്രശംസിച്ച് കൊണ്ടുള്ള പോസ്റ്റുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ക്ലാഷ് ഒഴിവാക്കിയത് എല്ലാം കൊണ്ടും ഗുണകരമായത് ദൃശ്യം 3യ്ക്കാണെന്നും ഇല്ലായിരുന്നെങ്കില്‍ ഒരു പക്ഷേ ഇത്രയും വലിയ കളക്ഷന്‍ ചിത്രത്തിന് നേടാന്‍ സാധിക്കില്ലായിരുന്നു എന്നും പലരും അഭിപ്രായപ്പെടുന്നു. വാഴ 2വും ദൃശ്യം 3യും ഒരേ ദിവസം ക്ലാഷ് വെച്ചിരുന്നെങ്കില്‍ മോഹന്‍ലാല്‍ എന്ന നടന്റെ സ്റ്റാര്‍ഡം വെച്ച് ആദ്യത്തെ ഒരാഴ്ച്ച ദൃശ്യം 3യ്ക്ക് വലിയ കളക്ഷന്‍ ലഭിക്കുമായിരുന്നു.

എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ വാഴ 2 പ്രേക്ഷകരില്‍ നിന്നുമുള്ള മൗത്ത് പബ്ലിസിറ്റിയിലൂടെ ഷോകള്‍ വര്‍ദ്ധിപ്പിക്കുകയും കളക്ഷനില്‍ ദൃശ്യം 3യെ മറികടക്കാനുമുള്ള സാധ്യതകളുണ്ടായേനെയെന്നും പലരും അഭിപ്രായപ്പെടുന്നു. ഇങ്ങനെ വന്നാല്‍ രണ്ട് ചിത്രങ്ങളെയും അത് കാര്യമായി ബാധിക്കുമെങ്കിലും ഒരു മോഹന്‍ലാല്‍ ചിത്രം പുതുമുഖങ്ങള്‍ നായകന്മാരായ ചിത്രത്തിന് മുന്നില്‍ അടി പതറി എന്ന നാണക്കേട് ഒഴിവാക്കാന്‍ സാധിച്ചു എന്നതിനാല്‍ ദൃശ്യം 3യ്ക്കാണ് അത് കൂടുതല്‍ ഉപകാരപ്രദമയതെന്നും പലരും ചൂണ്ടിക്കാണിക്കുന്നു.

ദൃശ്യം 3. Photo: District

ഇങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ഇരു ചിത്രങ്ങളും 200 കോടി പിന്നിടുമോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നേനെ എന്നും വാഴ 2വിന് ഇന്‍ഡസ്ട്രി ഹിറ്റ് ലഭിക്കില്ലായിരുന്നുവെന്നും പലരും വിലയിരുത്തുന്നു. മലയാളം പോലെ ചെറിയ ഒരു ഇന്‍ഡസ്ട്രിയില്‍ നിന്നും ഇത്തരത്തില്‍ ആവശ്യത്തിന് സ്‌പേസ് നല്‍കി ചിത്രങ്ങള്‍ റിലീസ് ചെയ്താല്‍ ഇത് ഇന്‍ഡസ്ട്രിയുടെ വളര്‍ച്ചയില്‍ കാര്യമായി ഗുണം ചെയ്യുമെന്നതിന്റെ ഉദാഹരണമാണിതെന്ന് പലരും കമന്റുകളിലൂടെ അറിയിക്കുന്നുണ്ട്.

Content Highlight: Post on social media which talks about Drishyam 3 and Vaazha 2

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.