മലയാള സിനിമാ ചരിത്രത്തില്‍ ഏറെ വിജയകരമായ ഫ്രാഞ്ചൈസാണ് വിപിന്‍ ദാസിന്റെ തിരക്കഥയില്‍ പിറന്ന വാഴ. 2024 ല്‍ പുറത്തിറങ്ങിയ ആദ്യഭാഗം പ്രതീക്ഷിക്കാതെ വിജയം നേടിയപ്പോള്‍ ഹാഷിറിനെയും ടീമിനെയും നായകന്മാരാക്കി ഒരുക്കിയ രണ്ടാം ഭാഗം 180 കോടിയും പിന്നിട്ട് വലിയ വിജയത്തിലേക്കാണ് മുന്നേറുന്നത്. പുതുമുഖങ്ങളെ നായകന്മാരാക്കി ഒരുക്കിയ ചിത്രം ഏവരെയും ഞെട്ടിച്ചുകൊണ്ട് വിജയം നേടുന്നതിലെ പ്രധാന കാരണം പ്രേക്ഷകരുമായി വാഴയ്ക്ക് കണക്ട് ചെയ്യാന്‍ സാധിക്കുന്നതായിരുന്നു.
വാഴ 2. Photo: X.com
ബോക്‌സ് ഓഫീസ് വിന്നറായി മുന്നേറുന്ന സമയത്താണ് ചിത്രത്തിന് ഒരു മൂന്നാം ഭാഗമുണ്ടാകുമെന്ന അറിയിപ്പുമായി തിരക്കഥാകൃത്തും നിര്‍മാതാവുമായ വിപിന്‍ ദാസ് രംഗത്തെത്തുന്നത്. ആദ്യ രണ്ട് ഭാഗങ്ങള്‍ ആണ്‍കുട്ടികളുടെ പോയിന്റ് ഓഫ് വ്യൂവില്‍ ചിത്രീകരിച്ച കമിങ് ഓഫ് ഏജ് ചിത്രങ്ങളായിരുന്നെങ്കില്‍ മൂന്നാം ഭാഗം പെണ്‍കുട്ടികളെ കേന്ദ്രകഥാപാത്രങ്ങളാക്കിയാണ് ഒരുക്കുന്നതെന്ന് വിപിന്‍ ദാസ് പറഞ്ഞിരുന്നു
ആദ്യ രണ്ട് ഭാഗങ്ങള്‍ ബയോപിക്ക് ഓഫ് എ ബില്ല്യണ്‍ ബോയ്‌സ് ആയിരുന്നെങ്കില്‍ മൂന്നാം ഭാഗം ബയോപിക് ഓഫ് ബില്ല്യണ്‍ ഗേള്‍സ് എന്ന ടാഗ് ലൈനിലാണെത്തുന്നതെന്ന പ്രത്യേകതയുണ്ട്. എന്നാല്‍ ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് മുതല്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന കമന്റുകളാണ് ഇപ്പോള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വെക്കുന്നത്. ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളാകുക സ്ത്രീകളായിരിക്കും എന്ന് അറിഞ്ഞതോടെയാണ് പലരും സ്ത്രീത്വത്തെ തന്നെ അപമാനിക്കുന്ന തരത്തിലുള്ള കമന്റുകളുമായി രംഗത്തെത്തിയത്.
പെണ്ണാണ് നായികയെങ്കില്‍ സെന്റി പറഞ്ഞ് അലമ്പാക്കുമെന്നും മൂഡ്‌സ്വിങ്‌സും പിരീയഡ്‌സിന്റെയും പ്രസവത്തിന്റെയും വേദനയുമാണ് ഇവര്‍ക്കെപ്പോഴുമെന്നും കമന്റുകളുണ്ടായിരുന്നു. എന്നാല്‍ ഇതിനി മറുപടിയായാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സിനിഫൈല്‍ എന്ന സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെ പുറത്തുവന്ന കുറിപ്പാണ് ഇത്തരം കമന്റുകള്‍ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
‘പുരുഷന്മാര്‍ സ്‌ക്രീനില്‍ വരുമ്പോള്‍ എപ്പോഴും റിയലിസ്റ്റിക്കും സ്ത്രീകളാണ് വരുന്നതെങ്കില്‍ അണ്‍റിയലിസ്റ്റിക്കുമാകുന്നത് സ്ഥിരം കാഴ്ച്ചയാണ്. ആണ്‍കുട്ടികളെ കേന്ദ്രകഥാപാത്രങ്ങളാക്കി വാഴ 2 ഒരുക്കിയപ്പോള്‍ ആര്‍ക്കും യാതൊരു വിധ ചോദ്യങ്ങളുമില്ലായിരുന്നു. എല്ലാവരും ചിരിക്കുകയും ആഘോഷിക്കുകയും ചെയ്ത് ചിത്രത്തെ വന്‍ വിജയമാക്കി മാറ്റി. ആരും തന്നെ എന്തുകൊണ്ടാണ് എപ്പോഴും ആണ്‍കുട്ടികള്‍ എന്ന് ചോദിച്ചിരുന്നില്ല.
അതേസമയം വാഴ 3യില്‍ സ്ത്രീകളായിരിക്കും പ്രധാനകഥാപാത്രങ്ങളായി എത്തുക എന്ന് സൂചന ലഭിച്ചത് മുതല്‍ ഇവരെല്ലാവരും വിമര്‍ശകരായി മാറിയിരിക്കുകയാണ്. ആണ്‍കുട്ടികളെ പോലെ കണ്ടിരിക്കാന്‍ അര്‍ഹതയുള്ള ജീവിതവും, കഥകളും, സൗഹൃദങ്ങളും, കഷ്ടതകളും പെണ്‍കുട്ടികള്‍ക്കില്ല എന്നാണ് പലരുടെയും അഭിപ്രായം. ഈ ഘട്ടത്തിലാണ് സമൂഹത്തിലെ പലരുടെയും മെയില്‍ ഈഗോ തുറന്നുകാട്ടപ്പെടുന്നത്.
പുരുഷന്മാര്‍ നായകരാവുന്ന സിനിമകള്‍ക്ക് സ്ത്രീകള്‍ കാഴ്ച്ചക്കാരായെത്തുകയും പിന്തുണ നല്‍കുകയും ചെയ്യുമ്പോള്‍ സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങളെ ലോകം അവസാനിക്കാന്‍ പോകുന്നുവെന്ന തരത്തിലാണ് പലരും കാണുന്നത്. ഇതിലെ രസകരമായ വസ്തുത എന്തെന്നാല്‍ ഇത്തരം ചിത്രങ്ങളെ അണ്‍റിയലിസ്റ്റിക്ക് എന്ന് വിളിക്കുന്നവര്‍ ഒരിക്കലും എന്തിലൂടെയാണ് സ്ത്രീ കടന്നുപോകുന്നതെന്ന് അറിയാത്തവരാണ്.
ഫേസ്ബുക്കിലെ കമന്റുകള്‍. Photo: Screen Grab/ Facebook.com
അതുകൊണ്ട് തന്നെ പ്രധാന പ്രശ്‌നം ചിത്രത്തിന്റെ കഥയല്ല, മറിച്ച് ആണ്‍കുട്ടികളെ അവതരിപ്പിക്കുന്ന പോലെ വളരെ കോംപ്ലെക്‌സായ, ലൗഡായ, തമാശ നിറഞ്ഞ കഥാപാത്രങ്ങളായി പെണ്‍കുട്ടികളെ അവതരിപ്പിക്കുന്നത് കാണാനുള്ള സമൂഹത്തിന്റെ സൗകര്യക്കുറവാണ്. പുരുഷന്മാരുടെ കാര്യത്തില്‍ ഇത് വര്‍ക്കായെങ്കില്‍ സ്ത്രീകളുടെ കാര്യത്തിലും ഇത് വര്‍ക്കാകും,’ പോസ്റ്റില്‍ പറയുന്നു.
Content Highlight: Post against Hate comments under vaazha 3 announcement casting female leads