മലയാള സിനിമാ ചരിത്രത്തില്‍ ഏറെ വിജയകരമായ ഫ്രാഞ്ചൈസാണ് വിപിന്‍ ദാസിന്റെ തിരക്കഥയില്‍ പിറന്ന വാഴ. 2024 ല്‍ പുറത്തിറങ്ങിയ ആദ്യഭാഗം പ്രതീക്ഷിക്കാതെ വിജയം നേടിയപ്പോള്‍ ഹാഷിറിനെയും ടീമിനെയും നായകന്മാരാക്കി ഒരുക്കിയ രണ്ടാം ഭാഗം 180 കോടിയും പിന്നിട്ട് വലിയ വിജയത്തിലേക്കാണ് മുന്നേറുന്നത്. പുതുമുഖങ്ങളെ നായകന്മാരാക്കി ഒരുക്കിയ ചിത്രം ഏവരെയും ഞെട്ടിച്ചുകൊണ്ട് വിജയം നേടുന്നതിലെ പ്രധാന കാരണം പ്രേക്ഷകരുമായി വാഴയ്ക്ക് കണക്ട് ചെയ്യാന്‍ സാധിക്കുന്നതായിരുന്നു.

വാഴ 2. Photo: X.com

ബോക്‌സ് ഓഫീസ് വിന്നറായി മുന്നേറുന്ന സമയത്താണ് ചിത്രത്തിന് ഒരു മൂന്നാം ഭാഗമുണ്ടാകുമെന്ന അറിയിപ്പുമായി തിരക്കഥാകൃത്തും നിര്‍മാതാവുമായ വിപിന്‍ ദാസ് രംഗത്തെത്തുന്നത്. ആദ്യ രണ്ട് ഭാഗങ്ങള്‍ ആണ്‍കുട്ടികളുടെ പോയിന്റ് ഓഫ് വ്യൂവില്‍ ചിത്രീകരിച്ച കമിങ് ഓഫ് ഏജ് ചിത്രങ്ങളായിരുന്നെങ്കില്‍ മൂന്നാം ഭാഗം പെണ്‍കുട്ടികളെ കേന്ദ്രകഥാപാത്രങ്ങളാക്കിയാണ് ഒരുക്കുന്നതെന്ന് വിപിന്‍ ദാസ് പറഞ്ഞിരുന്നു

ആദ്യ രണ്ട് ഭാഗങ്ങള്‍ ബയോപിക്ക് ഓഫ് എ ബില്ല്യണ്‍ ബോയ്‌സ് ആയിരുന്നെങ്കില്‍ മൂന്നാം ഭാഗം ബയോപിക് ഓഫ് ബില്ല്യണ്‍ ഗേള്‍സ് എന്ന ടാഗ് ലൈനിലാണെത്തുന്നതെന്ന പ്രത്യേകതയുണ്ട്. എന്നാല്‍ ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് മുതല്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന കമന്റുകളാണ് ഇപ്പോള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വെക്കുന്നത്. ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളാകുക സ്ത്രീകളായിരിക്കും എന്ന് അറിഞ്ഞതോടെയാണ് പലരും സ്ത്രീത്വത്തെ തന്നെ അപമാനിക്കുന്ന തരത്തിലുള്ള കമന്റുകളുമായി രംഗത്തെത്തിയത്.

പെണ്ണാണ് നായികയെങ്കില്‍ സെന്റി പറഞ്ഞ് അലമ്പാക്കുമെന്നും മൂഡ്‌സ്വിങ്‌സും പിരീയഡ്‌സിന്റെയും പ്രസവത്തിന്റെയും വേദനയുമാണ് ഇവര്‍ക്കെപ്പോഴുമെന്നും കമന്റുകളുണ്ടായിരുന്നു. എന്നാല്‍ ഇതിനി മറുപടിയായാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സിനിഫൈല്‍ എന്ന സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെ പുറത്തുവന്ന കുറിപ്പാണ് ഇത്തരം കമന്റുകള്‍ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.