മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് സിനിമകളായ സ്ഫടികത്തിന്റെയും ഉദയനാണ് താരത്തിന്റെയും തമിഴ് റീമേക്കിനെക്കുറിച്ചാണ് പോസ്റ്റില്‍ പരാമര്‍ശിക്കുന്നത്. രണ്ട് റീമേക്കുകളും ബോക്‌സ് ഓഫീസില്‍ പരാജയമായെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. അതിന്റെ പ്രധാന കാരണം കാസ്റ്റിങ്ങാണെന്നാണ് പോസ്റ്റിലുള്ളത്. രാജേഷ് ബി പബ്ലിക് ലൈബ്രറി എന്ന ഐ.ഡിയാണ് ഈ പോസ്റ്റ് പങ്കുവെച്ചത്.
സ്ഫടികം തമിഴിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ അതില്‍ നായകനായത് സുന്ദര്‍ സിയായിരുന്നുവെന്നും തിലകന്റെ വേഷം ചെയ്തത് പ്രകാശ് രാജായിരുന്നെന്നും രാജേഷ് പറയുന്നു. മലയാളത്തില്‍ മോഹന്‍ലാലിന്റെ അച്ഛനായി തിലകന്‍ വേഷമിട്ടപ്പോള്‍ സുന്ദര്‍ സിയുടെ അതേ പ്രായമുള്ള പ്രകാശ് രാജ് അച്ഛനായി വേഷമിട്ടത് പരാജയത്തിന് കാരണമായെന്നും പോസ്റ്റിലുണ്ട്.
തിലകനെപ്പോലെ അച്ഛന്‍ വേഷങ്ങളില്‍ ശ്രദ്ധ നേടിയ വിജയകുമാറോ അല്ലെങ്കില്‍ തിലകന്‍ തന്നെ ആ വേഷം ചെയ്തിരുന്നെങ്കില്‍ ചിത്രം രക്ഷപ്പെട്ടേനെയെന്നും രാജേഷ് അഭിപ്രായപ്പെട്ടു. വീരാപ്പ് പോലെ പ്രകാശ് രാജ് മിസ്‌കാസ്റ്റായ ചിത്രങ്ങളിലൊന്നാണ് ഉദയനാണ് താരത്തിന്റെ റീമേക്കെന്നും പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.
ശ്രീനിവാസന്‍ അനശ്വരമാക്കിയ സരോജ് കുമാറിനെ പ്രകാശ് രാജ് അവതരിപ്പിച്ചത് ശരിയായില്ലെന്നാണ് രാജേഷിന്റെ അഭിപ്രായം. തമിഴില്‍ തന്നെയുള്ള കരുണാസോ വടിവേലുവോ ലിവിങ്‌സ്റ്റണോ ആ വേഷം ചെയ്യണമായിരുന്നെന്നും രാജേഷ് പറയുന്നു. വെള്ളിത്തിരൈ എന്ന് പേരിട്ട ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ പരാജയമായിരുന്നു നേരിട്ടത്.
കാസ്റ്റിങ്ങില്‍ മാത്രമല്ല, മേക്കിങ്ങിന്റെ കാര്യത്തിലും ഒറിജിനലിന്റെ അടുത്തെത്താന്‍ ഈ റീമേക്കുകള്‍ക്ക് സാധിച്ചിട്ടില്ലെന്നും പോസ്റ്റിലുണ്ട്. രണ്ട് ചിത്രങ്ങളിലും നായികയായത് മലയാളിയായ ഗോപികയാണെന്ന സാമ്യവും രാജേഷ് ചൂണ്ടിക്കാണിച്ചു. പോസ്റ്റിനെക്കാള്‍ രസകരമായ കമന്റുകളും പലരുടെയും ശ്രദ്ധ നേടുന്നുണ്ട്.
ശ്രീനിവാസന്‍ നായകനായ ചിന്താവിഷ്ടയായ ശ്യാമള തെലുങ്കില്‍ റീമേക്ക് ചെയ്തപ്പോള്‍ നായകനായത് പ്രകാശ് രാജ് തന്നെയായിരുന്നെന്നും ആ സിനിമയും പരാജയപ്പെട്ടെന്നും ഒരാള്‍ കമന്റ് പങ്കുവെച്ചു. സ്ഫടികത്തിന്റെ റീമേക്കില്‍ വിക്രവും ഉദയനാണ് താരത്തിന്റെ റീമേക്കില്‍ കാര്‍ത്തിക്കും നായകരായി എത്തിയിരുന്നെങ്കില്‍ വിജയിച്ചേനെയെന്നും കമന്റുണ്ട്.
Content Highlight: Post about remake movies acted by Prakash Raj viral