പത്രമേതായാലും അതിന്റെ ചീഫ് എഡിറ്റര്‍ വര്‍മ സാര്‍ തന്നെ, വൈറലായി ഫേസ്ബുക്ക് പോസ്റ്റ്
Malayalam Cinema
പത്രമേതായാലും അതിന്റെ ചീഫ് എഡിറ്റര്‍ വര്‍മ സാര്‍ തന്നെ, വൈറലായി ഫേസ്ബുക്ക് പോസ്റ്റ്
അമര്‍നാഥ് എം.
Friday, 6th March 2026, 9:59 pm

മലയാളസിനിമ പണ്ടുകാലത്ത് പിന്തുടര്‍ന്ന ചില ക്ലീഷേകളുണ്ടായിരുന്നു. പല കാര്യത്തിലും ഈ ക്ലീഷേ ആവര്‍ത്തിച്ചിരുന്നത് സോഷ്യല്‍ മീഡിയയുടെ കടന്നുവരവിന് ശേഷം പലരും ചൂണ്ടിക്കാണിച്ചിരുന്നു. അത്തരമൊരു ക്ലീഷേയുടെ ആവര്‍ത്തനത്തെക്കുറിച്ച് ഫേസ്ബുക്കില്‍ ഒരാള്‍ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

മലയാളത്തിലെ പഴയകാല നടനായിരുന്ന ജഗന്നാഥവര്‍മയെക്കുറിച്ചാണ് പോസ്റ്റില്‍ പറയുന്നത്. പണ്ടുകാലത്തെ മലയാളസിനിമകളില്‍ ഏതെങ്കിലും പത്രത്തെ കാണിക്കുകയാണെങ്കില്‍ അതിന്റെ ചീഫ് എഡിറ്റര്‍ ജഗന്നാഥവര്‍മയായിരിക്കുമെന്നാണ് പോസ്റ്റിലുള്ളത്. അഞ്ച് സിനിമകളിലാണ് ജഗന്നാഥവര്‍മ പത്രാധിപരായി വേഷമിട്ടത്.

1986ല്‍ റിലീസായ വാര്‍ത്ത എന്ന ചിത്രത്തിലാണ് ജഗന്നാഥവര്‍മ ആദ്യമായി ചീഫ് എഡിറ്ററായി വേഷമിട്ടത്. ചീഫ് എഡിറ്റര്‍ കുറുപ്പ് എന്ന കഥാപാത്രമായാണ് ജഗന്നാഥവര്‍മ പ്രത്യക്ഷപ്പെട്ടത്. പിന്നീട് 1991ല്‍ റിലീസായ നാട്ടുവിശേഷത്തിലും ചീഫ് എഡിറ്ററുടെ വേഷമായിരുന്നു അദ്ദേഹത്തിന്. മാധവമേനോന്‍ എന്ന കഥാപാത്രത്തെയാണ് ജഗന്നാഥവര്‍മ അവതരിപ്പിച്ചത്.

വിജി തമ്പി സംവിധാനം ചെയ്ത് 1993ല്‍ പുറത്തിറങ്ങിയ ജേര്‍ണലിസ്റ്റിലും ചീഫ് എഡിറ്ററായി തന്നെയാണ് ജഗന്നാഥവര്‍മയെ സംവിധായകന്‍ അവതരിപ്പിച്ചത്. ജോഷി- രഞ്ജി പണിക്കര്‍ കൂട്ടുകെട്ടിലൊരുങ്ങിയ പത്രം, പ്രജ എന്നീ ചിത്രങ്ങളിലും ചീഫ് എഡിറ്ററായി ജഗന്നാഥവര്‍മ തന്നെയായിരുന്നു സംവിധായകന്റെ ആദ്യ ചോയ്‌സ്. പ്രജയിലെ മണ്ണേല്‍ മാമച്ചനും പത്രത്തിലെ ഔതക്കുട്ടിയും ഇന്നും ഐക്കോണിക് കഥാപാത്രങ്ങളാണ്.

അനീസ് എളയോടന്‍ എന്നയാളാണ് ഈ സാമ്യത ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള പോസ്റ്റ് പങ്കുവെച്ചത്. പോസ്റ്റിന് താഴെ രസകരമായ കമന്റുകളുമുണ്ട്. സ്ഥിരം പത്രാധിപര്‍ മാത്രമല്ല, സ്ഥിരം ഡി.ജി.പി, ബിഷപ്പ് വേഷങ്ങളില്‍ ജഗന്നാഥവര്‍മയെ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെട്ടു എന്നാണ് പ്രധാന കമന്റ്. ലേലം, ക്രൈം ഫയല്‍ തുടങ്ങിയ സിനിമകളില്‍ അദ്ദേഹം ബിഷപ്പായി വേഷമിട്ടെന്നും കമന്റുണ്ട്.

‘എക്‌സെന്റട്രിക് സൈക്കോ, ജേര്‍ണലിസ്റ്റ്, ഫോട്ടോഗ്രാഫര്‍ എന്നീ വേഷങ്ങളില്‍ വിജയ് മേനോനും പണത്തിന് വേണ്ടി നായകനെ ഒറ്റുകൊടുക്കുന്നയാളായി വിജയകുമാര്‍, ആസ്ഥാന ജ്യോത്സനായി എം.എസ്. തൃപ്പുണിത്തുറ എന്നിവരെയാണ് കാസ്റ്റ് ചെയ്തിരുന്നത്’ എന്ന കമന്റിന് ‘ഇതില്‍ വിജയ് മേനോന്‍ ഇന്റര്‍വെല്ലിന് മുമ്പ് മരിക്കും’ എന്ന് ഒരാള്‍ മറുപടി നല്‍കി.

ഇത്തരം ടൈപ്പ്കാസ്റ്റ് കാരണം പല നടന്മാരുടെയും കംപ്ലീറ്റ് പൊട്ടന്‍ഷ്യല്‍ പുറത്തെടുക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ലെന്നും അഭിപ്രായങ്ങളുണ്ട്. പുതിയ സംവിധായകര്‍ അതിനെയെല്ലാം ബ്രേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിലാണ് സിനിമ വിജയിക്കന്നതെന്നും കമന്റുണ്ട്. പണ്ടുകാലത്തെ ഇത്തരം ക്ലീഷേകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള പോസ്റ്റ് വൈറലായി കഴിഞ്ഞു.

Content Highlight: Post about pointing Old clichés in Malayalam cinema viral in social media

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം