റോക്കി ഭായ്ക്കും ദില്ലിക്കും മുന്നേ തോക്ക് കൊണ്ട് മാസ് കാണിച്ചത് മ്മടെ ഡ്യൂഡാ, വൈറലായി ആട് സീരീസിലെ അണ്ടര്‍റേറ്റഡ് സീനിനെക്കുറിച്ചുള്ള പോസ്റ്റ്
Malayalam Cinema
റോക്കി ഭായ്ക്കും ദില്ലിക്കും മുന്നേ തോക്ക് കൊണ്ട് മാസ് കാണിച്ചത് മ്മടെ ഡ്യൂഡാ, വൈറലായി ആട് സീരീസിലെ അണ്ടര്‍റേറ്റഡ് സീനിനെക്കുറിച്ചുള്ള പോസ്റ്റ്
അമര്‍നാഥ് എം.
Friday, 27th March 2026, 9:35 am

അടുത്ത കാലത്തായി ഇന്ത്യന്‍ സിനിമയില്‍ കണ്ടുവരുന്ന ട്രെന്‍ഡാണ് നായകന്‍ മെഷീന്‍ ഗണ്‍ ഉപയോഗിക്കുന്ന സീനുകള്‍. കഥയില്‍ നായകന്റെ മാസ് കാണിക്കുക എന്നതിലപ്പുറം ആരാധകരെ ആവേശത്തിലാക്കുക എന്നതും ഇത്തരം സീനുകളുടെ ഉദ്ദേശമാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൈതിയിലാണ് ഈ ട്രെന്‍ഡ് ആരംഭിച്ചത്.

നൂറുകണക്കിന് വില്ലന്മാരെ ഒറ്റക്ക് അടിച്ചിടുന്നതിനെക്കാള്‍ വിശ്വാസയോഗ്യമായിരുന്നു ഈ സീന്‍. കൈതിക്ക് ശേഷം വിക്രമിലും ലോകേഷ് ഇതുപോലൊരു സീന്‍ തയറാക്കിയിരുന്നു. കന്നഡ ചിത്രം കെ.ജി.എഫ് 2, ബോളിവുഡ് ചിത്രം അനിമല്‍ എന്നിവയിലെ മെഷീന്‍ ഗണ്‍ സീക്വന്‍സും കൈയടി നേടിയിരുന്നു. എന്നാല്‍ ഈ സിനിമകള്‍ക്കെല്ലാം മുമ്പ് മലയാളത്തില്‍ ഇത്തരമൊരു സീനുണ്ടെന്ന് പറയുന്ന കുറിപ്പ് വൈറലായിരിക്കുകയാണ്.

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തില്‍ വിനായകന്‍ അവതരിപ്പിച്ച ഡ്യൂഡ് എന്ന കഥാപാത്രത്തിന്റെ ഗണ്‍ ഫയറിങ് സീനാണ് ചര്‍ച്ചയാകുന്നത്. റോക്കി ഭായ്ക്കും ദില്ലിക്കും മുന്നേ മെഷീന്‍ ഗണ്‍ കൊണ്ട് മാസ് കാണിച്ച കഥാപാത്രം മലയാളത്തിനുമുണ്ട് എന്നാണ് പോസ്റ്റില്‍ പറയുന്നത്.

മോളിവുഡിലെ അണ്ടര്‍റേറ്റഡായിട്ടുള്ള ആക്ഷന്‍ സീനാണ് ഇതെന്നും പോസ്റ്റില്‍ പറയുന്നു. മോളിവുഡിന്റെ ഒരേയൊരു ഡ്യൂഡാണ് ഇതെന്നും ആരും ഈ സീനിനെക്കുറിച്ച് പറയാറില്ലെന്നും പോസ്റ്റിലുണ്ട്. തന്റെ ആദ്യ ചിത്രത്തില്‍ തന്നെ ഇത്രയും ഗംഭീരമായ ആക്ഷന്‍ സീക്വന്‍സ് ഒരുക്കിയ മിഥുന്‍ മാനുവലിന് വേണ്ടത്ര അംഗീകാരം ലഭിച്ചിട്ടില്ലെന്നും പലരും കമന്റ് പങ്കുവെച്ചു.

അതുവരെ സൈലന്റായി നിന്ന ഡ്യൂഡിന്റെ അതിഗംഭീര ട്രാന്‍സ്‌ഫോര്‍മേഷനായിരുന്നു ഈ സീനില്‍. ഹോളിവുഡ് സംവിധായകന്‍ ഗയ് റിച്ചിയുടെ മേക്കിങ് സ്‌റ്റൈലാണ് ഈ സീനിന് മിഥുന്‍ ഉപയോഗിച്ചതെന്നും കമന്റുകളുണ്ട്. ക്യാമറ, എഡിറ്റിങ്, ബി.ജി.എം തുടങ്ങി സകല ടെക്‌നിക്കല്‍ മേഖലകളും ഒന്നിനൊന്ന് ഗംഭീരമാക്കിയ സീനാണ് ഇതെന്നും പലരും അഭിപ്രായപ്പെടുന്നു.

ആടിന്റെ മൂന്നാം ഭാഗം 100 കോടിയും കടന്ന് മുന്നോട്ട് കുതിക്കുമ്പോഴാണ് ആദ്യഭാഗത്തിലെ സീനുകള്‍ ചര്‍ച്ചയാകുന്നത്. ആദ്യഭാഗം പരാജയപ്പെട്ട ഒരു സിനിമയുടെ തുടര്‍ഭാഗങ്ങള്‍ വന്‍ വിജയമാവുക എന്ന അപൂര്‍വ നേട്ടവും ആട് ഫ്രാഞ്ചൈസി സ്വന്തമാക്കിയിരുന്നു. നാലാം ഭാഗത്തിന് സൂചന നല്‍കിക്കൊണ്ടാണ് ആട് 3 അവസാനിച്ചത്. 2027ല്‍ നാലാം ഭാഗത്തിന്റെ ഷൂട്ട് ആരംഭിക്കുമെന്ന് സംവിധായകന്‍ അറിയിച്ചിരുന്നു.

Content Highlight: Post about Machine gun scene in Aadu movie viral

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം