റോണോ ഇറങ്ങിയില്ല, അര്‍മേനിയയെ ചാരമാക്കി പറങ്കിപ്പട; സര്‍വാധിപത്യത്തില്‍ ലോകകപ്പ് യോഗ്യതയും!
Sports News
റോണോ ഇറങ്ങിയില്ല, അര്‍മേനിയയെ ചാരമാക്കി പറങ്കിപ്പട; സര്‍വാധിപത്യത്തില്‍ ലോകകപ്പ് യോഗ്യതയും!
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 16th November 2025, 10:14 pm

2026 ഫിഫ ലോകകപ്പ് യോഗ്യത നേടി പോര്‍ച്ചുഗല്‍. എസ്റ്റാഡിയോ ഡോ ഡ്രഗാവോയില്‍ നടന്ന മത്സരത്തില്‍ അര്‍മേനിയയെ പരാജയപ്പെടുത്തിയാണ് പറങ്കിപ്പട മുന്നേറിയത്. ഒന്നിനെതിരെ ഒമ്പത് ഗോളുകള്‍ നേടി കൂറ്റന്‍ വിജയമാണ് പോര്‍ച്ചുഗല്‍ സ്വന്തമാക്കിയത്.

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡേ ഇല്ലാതെയാണ് ടീം ലോകകപ്പിലേക്ക് ചേക്കേറിയത്. ഗ്രൂപ്പ് എഫില്‍ നിലവില്‍ ആറ് മത്സരത്തില്‍ നിന്ന് നാല് വിജയവും ഒരു സമനിലയും ഒരു തോല്‍വിയും ഉള്‍പ്പെടെ 13 പോയിന്റാണ് പോര്‍ച്ചുഗല്‍ നേടിയത്.

ജോവോ നെവ്‌സിന്റെയും ബ്രൂണോ ഫെര്‍ണാണ്ടസിന്റെയും ഹാട്രിക് ഗോളിലാണ് പറങ്കിപ്പട കൂറ്റന്‍ ലീഡിലെത്തിയത്. മത്സരത്തിലെ 30′, 41′, 81′ എന്നീ മിനിട്ടിലായിരുന്നു ജോവോയുടെ തകര്‍പ്പന്‍ സ്‌ട്രൈക്ക്. അതേസമയം ബ്രൂണോ രണ്ട് പെനാള്‍ട്ടി കിക്കിലൂടെയാണ് എതിരാളികളുടെ പോസ്റ്റിലേക്ക് നിറയൊഴിച്ചത്.

മത്സരത്തില്‍ പൂര്‍ണമായി പറങ്കിപ്പടയായിരുന്നു ആധിപത്യ സ്ഥാപിച്ചത്. പോര്‍ച്ചുഗലിന് വേണ്ടി ഏഴാം മിനിട്ടില്‍ റെവനാറ്റോ വെയ്ഗയാണ് എതിരാളികളുടെ വല ആദ്യം കുലുക്കിയത്. ശേഷം 28ാം മിനിട്ടില്‍ ഗോണ്‍സാലോ റോമസ് പോര്‍ച്ചുഗലിനെ മുന്നിലെത്തിച്ചു.

അവസാന ഘട്ടത്തിലെ അധിക സമയത്തില്‍ ഗോള്‍ നേടി ഫ്രാന്‍സിസ്‌കോ കണ്‍സിസാവോയും പോര്‍ച്ചുഗല്‍ നിരയില്‍ ഗോള്‍ നേടി. അതേസമയം അര്‍മേനിയക്കായി എഡ്‌വേര്‍ഡ് സ്‌പെര്‍ട്‌സ്യനാണ് ഒരേയൊരു ഗോള്‍ നേടിയത്.

മത്സരത്തില്‍ എല്ലാ മേഖലയിലും മുന്നിട്ട് നിന്നത്. 27 ഷോട്ടുകളാണ് പോര്‍ച്ചുഗല്‍ അര്‍മേനിയന്‍ പോസ്റ്റിലേക്ക് ഉന്നംവെച്ചത്. മറുഭാഗത്ത് വെറും മൂന്ന് ഷോട്ടുകള്‍ മാത്രമാണ് അര്‍മേനിയക്ക് ഉന്നംവെക്കാന്‍ സാധിച്ചത്. 72 ശതമാനവും ബോള്‍ കൈവശം വെച്ചത് പോര്‍ച്ചുഗലായിരുന്നു.

മാത്രമല്ല എട്ട് ഫൗള്‍ കിക്കുകള്‍ അര്‍മേനിയ ചെയ്തപ്പോള്‍ ഏഴെണ്ണമാണ് പറങ്കിപ്പടയുടെ അക്കൗണ്ടിലായത്. യെല്ലോ കാര്‍ഡ് വാങ്ങാതെ കളം നിറഞ്ഞാടിയ പറങ്കികള്‍ക്ക് ഏഴ് കോര്‍ണര്‍ കിക്കുകളും ലഭിച്ചു.

Content Highlight: Portugal qualifies for 2026 FIFA World Cup