മോശം ഫോമില്‍ തുടരുന്ന റോണോയെ നായകനാക്കിയതില്‍ ആശങ്ക, പരിക്ക് മൂലം ജോട്ട പുറത്ത്; ലോകകപ്പ് സ്‌ക്വാഡ് പ്രഖ്യാപിച്ച് പോര്‍ച്ചുഗല്‍
Football
മോശം ഫോമില്‍ തുടരുന്ന റോണോയെ നായകനാക്കിയതില്‍ ആശങ്ക, പരിക്ക് മൂലം ജോട്ട പുറത്ത്; ലോകകപ്പ് സ്‌ക്വാഡ് പ്രഖ്യാപിച്ച് പോര്‍ച്ചുഗല്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 11th November 2022, 10:16 am

ഖത്തര്‍ ലോകകപ്പിനുള്ള പോര്‍ച്ചുഗല്‍ ടീമിനെ പ്രഖ്യാപിച്ചു. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നയിക്കുന്ന ടീമില്‍ ജാവോ ഫെലിക്സ്, ബ്രൂണോ ഫെര്‍ണാണ്ടസ്, ബെര്‍ണാഡോ സില്‍വ, പെപ്പെ, റൂബന്‍ ഡയസ് തുടങ്ങിയവരെല്ലാം ഇടംപിടിച്ചിട്ടുണ്ട്.

അതേസമയം പരിക്കേറ്റതിനെ തുടര്‍ന്ന് ഡിയോഗോ ജോട്ടയെ ഒഴിവാക്കി. ജോട്ട കളിക്കില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.

കരുത്തരായ പോര്‍ച്ചുഗലിന് ജാവോ കാന്‍സലോ – നൂനോ മെന്‍ഡസിന്റെ ഏറ്റവും മികച്ച വിങ് ബാക്ക് സഖ്യമാണുള്ളത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ വലത് വിങ്ങായ കാന്‍സാലോ അസാധ്യ പാസിങ്ങ് കാഴ്ചവെക്കുമ്പോള്‍ പി.എസ്.ജിയുടെ മെന്‍ഡസ് പോര്‍ച്ചുഗലിന്റെ ഇടത് വശം ഊര്‍ജസ്വലമാക്കാനെത്തും.

ഇരുവരെയും ബാക്കപ്പ് ചെയ്യാന്‍ ഡിയെഗോ ഡോലോറ്റ് റാഫേല്‍, ഗുറേറോ, റൂബന്‍ ഡിയാസ്, പെപ്പെ, ഡാനിലോ പെരേര, അന്റോണിയോ സില്‍വ എന്നിവര്‍ അണിനിരക്കുന്ന ആഡംബര പ്രതിരോധ നിരയും പോര്‍ച്ചുഗലിനുണ്ട്.

മാഞ്ചസ്റ്റര്‍ ജോഡികളായ ബ്രൂണോ ഫെര്‍ണാണ്ടസും ബെര്‍ണാഡോ സില്‍വയും മധ്യനിര സര്‍ഗാത്മകമാക്കുമ്പോള്‍ വിറ്റിന്‍ഹയും റൂബന്‍ നെവെസുമാണ് സെന്റര്‍ ബാക്കിന് സ്ഥിരത നല്‍കാനെത്തുക.

2016ല്‍ യൂറോ കപ്പ് നേടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വെട്ടിരാന്‍ റൂയി പാട്രീഷ്യോ ആണ് വല കാക്കാനെത്തുക. വലിയ ടൂര്‍ണമെന്ററുകളില്‍ അനുഭവം കുറവാണെങ്കിലും ഡിയോഗെ കോസ്റ്റയും ഗോള് കീപ്പിങ്ങില്‍ തന്റെ കഴിവ് തെളിയിക്കാനെത്തും.

പട നയിക്കാനെത്തുന്നത് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണെങ്കിലും കുറച്ച് നാളുകളായി താരത്തിന്റെ ഫോമില്ലായ്മ ടീമില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍ പോര്‍ചുഗലിന് ഇത്തവണ ജോട്ടയും പെഡ്രോ നീറ്റോയും ഇല്ലാത്തത് ആക്രമണ നിരക്ക് തിരിച്ചടിയാകും.

എന്നിരുന്നാലും 37കാരനായ റൊണാള്‍ഡോയെ സംബന്ധിച്ച് താരം ഇനിയൊരു ലോകകപ്പ് കളിക്കാനുണ്ടാകുമോ എന്നുറപ്പില്ലാത്തതിനാലും മുന്‍ ടൂര്‍ണമെന്റുകളില്‍ റോണോ കാഴ്ചവെച്ച മിന്നും പ്രകടനങ്ങള്‍ മുന്‍ നിര്‍ത്തിയുമാണ് അദ്ദേഹത്തിന് തന്നെ ക്യാപ്റ്റന്‍ സ്ഥാനം നല്‍കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചത്.

ഗ്രൂപ്പ് എച്ചില്‍ ഉറുഗ്വേ, ഘാന, ദക്ഷിണ കൊറിയ എന്നിവര്‍ക്കൊപ്പമാണ് പോര്‍ച്ചുഗല്‍.

പ്രതിരോധ നിര: ജാവോ കാന്‍സലോ, ഡിയെഗോ ഡാലോറ്റ്, പെപ്പെ, റൂബന്‍ ഡിയാസ്, ഡാനിലോ പെരേര, അന്റോണിയോ സില്‍വ, നൂനോ മെന്‍ഡസ്, റാഫേല്‍ ഗുറേറോ

മധ്യ നിര: വില്ല്യം, റൂബന്‍ നെവെസ്, പലീഞ്ഞ, ബ്രൂണോ ഫെര്‍ണാണ്ടസ്, വിറ്റീഞ്ഞ, ഒറ്റാവിയോ, മതേയുസ് ന്യൂനെസ്, ബെര്‍ണാഡോ സില്‍വ, ജാവോ മരിയോ

ആക്രമണ നിര: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ജാവോ ഫെലിക്‌സ്, റാഫേല്‍ ലിയോ, റിക്കാര്‍ഡോ ഹോര്‍ട്ട, ആന്ദ്രേ സില്‍വ, ഗോണ്‍സാലോ റാമോസ്.

Content Highlights: Portugal have named their 26-man squad for the Qatar World Cup 2022