ഫുട്ബോള്‍ ലോകത്തെ കണ്ണീരിലാഴ്ത്തിക്കൊണ്ടാണ് ലിവര്‍പൂളിന്റെ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ഡിയാഗോ ജോട്ടയും സഹോദന്‍ ആന്ദ്രേ സില്‍വയും കാറപകടത്തില്‍ കൊല്ലപ്പെട്ടത്. സ്പെയ്നിലെ സമേറയില്‍ വെച്ചാണ് അപകടമുണ്ടായത്. ജോട്ടയും സഹോദരനും സഞ്ചരിച്ച ലംബോര്‍ഗിനി അപകടത്തില്‍പ്പെടുകയായിരുന്നു.
ഇപ്പോള്‍ ജോട്ടയുടെയും സഹോദരന്‍ ആന്ദ്രേ സില്‍വയുടെയും മരണത്തിന് പിന്നാലെ തനിക്ക് ലഭിക്കുന്ന അനുശോചന സന്ദേശങ്ങളെ കുറിച്ച് വ്യക്തമാക്കുകയാണ് പോര്‍ച്ചുഗീസ് മുന്നേറ്റ താരം ആന്ദ്രേ സില്‍വയുടെ പങ്കാളി മരിയ റോഡ്രിഗസ്.
ജോട്ടയുടെ സഹോദരന്റെയും തന്റെ പങ്കാളിയുടെയും പേരുകള്‍ ഒന്നായതിനാല്‍ പലരും തെറ്റുപറ്റി തനിക്ക് സന്ദേശങ്ങള്‍ അയക്കുന്നു എന്നാണ് മരിയ റോഡ്രിഗസ് പറയുന്നത്.
‘വളരെ വൈകി ഇപ്പോഴും എനിക്ക് ഒരുപാട് അനുശോചന സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്. സങ്കടകരമായ ഈ വാര്‍ത്തകളെ കുറിച്ച് ചിലര്‍ക്കെങ്കിലും ആശയക്കുഴപ്പമുണ്ടായതായി തോന്നുന്നു. ഈ വാര്‍ത്തകള്‍ എന്റെ പങ്കാളിയായ ആന്ദ്രേ സില്‍വയെ കുറിച്ചുള്ളതല്ല എന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ഈ ദുരന്തം നേരിടേണ്ടി വന്ന ഇരുവരുടെയും കുടുംബത്തിനൊപ്പമാണ് ഞങ്ങളുടെ ഹൃദയം എല്ലായ്‌പ്പോഴും നില കൊള്ളുന്നത്. അവരെ കുറിച്ചാണ് ഞങ്ങള്‍ ചിന്തിക്കുന്നത്,’ മരിയ റോഡ്രിഗസ് വ്യക്തമാക്കി.
മരിയയുടെ പങ്കാളിയായ ആന്ദ്രേ സില്‍വ ആര്‍.ബി ലീപ്‌സീഗിന്റെ താരമാണ്. ഡിയാഗോ ജോട്ടയ്‌ക്കൊപ്പം ക്ലബ്ബ് തലത്തിലും ദേശീയ തലത്തിലും 35 തവണ ഒന്നിച്ച് പന്ത് തട്ടിയിട്ടുണ്ട്. പോര്‍ച്ചുഗല്‍ ദേശീയ ടീമിന് പുറമെ പോര്‍ട്ടോയ്ക്ക് വേണ്ടിയും പോര്‍ച്ചുഗല്‍ അണ്ടര്‍ 21 ടീമിന് വേണ്ടിയുമാണ് ഇരുവരും ഒന്നിച്ച് കളത്തിലിറങ്ങിയത്.
ആന്ദ്രേ സില്‍വയും ജോട്ടയും പോർട്ടോയില്‍
അതേസമയം, ജോട്ടയോടുള്ള തങ്ങളുടെ പ്രതിബദ്ധത ലിവര്‍പൂള്‍ എഫ്.സി വ്യക്തമാക്കിയിരുന്നു. താരവുമായുള്ള കരാറിലെ ബാക്കി തുക മുഴുവനായും ക്ലബ്ബ് ജോട്ടയുടെ കുടുംബത്തിന് നല്‍കാനൊരുങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. പോര്‍ച്ചുഗീസ് മാധ്യമമായ റെക്കോര്‍ഡിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.