യുവേഫ നേഷന്‍സ് ലീഗ് സെമി ഫൈനലില്‍ മുന്‍ ലോകചാമ്പ്യന്‍മാരായ ജര്‍മനിയെ തകര്‍ത്ത് പോര്‍ച്ചുഗല്‍ ഫൈനലില്‍. ജര്‍മനി, മ്യൂണിക്കിലെ അലയന്‍സ് അരീനയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോള്‍ നേടിയാണ് പറങ്കിപ്പട സെമി ഫൈനല്‍ ജയിച്ചുകയറിയത്.
മത്സരത്തില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു പോര്‍ച്ചുഗലിന്റെ ഗംഭീര തിരിച്ചുവരവ്. ഫ്‌ളോറിയാന്‍ വിര്‍ട്‌സ് ജര്‍മനിക്കായി ഗോള്‍ കണ്ടെത്തിയപ്പോള്‍ ഫ്രാന്‍സിസ്‌കോ കോണ്‍സിയയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയുമാണ് പോര്‍ച്ചുഗലിനായി ഗോള്‍ കണ്ടെത്തിയത്.
3-4-2-1എന്ന ഫോര്‍മേഷനിലാണ് ജൂലിയോ നഗല്‍സ്മാന്‍ തന്റെ കുട്ടികളെ കളത്തിലിറക്കിവിട്ടത്. അതേസമയം, പോര്‍ച്ചുഗല്‍ പരിശീലകനായ റോബര്‍ട്ടോ മാര്‍ട്ടീനസ് ആകട്ടെ 4-3-3 എന്ന രീതിയും അവലംബിച്ചു.
ഗോളടിക്കാതെ പിരിഞ്ഞ ആദ്യ പകുതിക്ക് പിന്നാലെ ഗോളടിച്ചുകൊണ്ടാണ് ജര്‍മനി രണ്ടാം പകുതിക്ക് തുടക്കമിട്ടത്. മത്സരത്തിന്റെ 48ാം മിനിട്ടില്‍ ജോഷ്വ കിമിച്ചിന്റെ അസിസ്റ്റില്‍ നിന്നും ഫ്‌ളോറിയാന്‍ വിര്‍ട്‌സ് ജര്‍മനിയെ മുമ്പിലെത്തിച്ചു.
തുടര്‍ന്ന് മത്സരം മുറുകവെ ഇരു ടീമുകളും കാര്യമായ സബ്സ്റ്റിറ്റിയൂഷനുകളും നടത്തി. 58ാം മിനിട്ടിലാണ് കോണ്‍സിയോയെ മാര്‍ട്ടിനസ് കളത്തിലിറങ്ങുന്നത്. മൈതാനത്തെത്തിയ അഞ്ചാം മിനിട്ടില്‍ തന്നെ താരം ഗോള്‍ കണ്ടെത്തുകയും ചെയ്തു.
മത്സരത്തിന്റെ 63ാം മിനിട്ടില്‍ റൂബന്‍ ഡയസില്‍ നിന്നും പാസ് സ്വീകരിച്ച താരം ജര്‍മന്‍ ഗോള്‍ കീപ്പര്‍ ടെര്‍ സ്റ്റെഗനെ മറികടന്ന് പന്ത് വലയിലെത്തിച്ചു.
ഈക്വലൈസര്‍ ഗോള്‍ പിറന്ന് അഞ്ച് മിനിട്ടിന് ശേഷം റൊണാള്‍ഡോ ടീമിനെ മുമ്പിലെത്തിച്ചു. നുനോ മെന്‍ഡിസ് നല്‍കിയ അളന്നുമുറിച്ചുള്ള പാസ് കൃത്യമായി വലയിലെത്തിക്കേണ്ട ചുമതല മാത്രമായിരുന്നു റോണോയ്ക്കുണ്ടായിരുന്നത്. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ പോര്‍ച്ചുഗല്‍ കലാശപ്പോരാട്ടത്തിന് ടിക്കറ്റെടുത്തു.
മത്സരത്തിന്റെ 55 ശതമാനവും പന്ത് കൈവശം വെച്ചിരുന്നത് ജര്‍മനിയാണ്. ടീം 535 പാസുകള്‍ കംപ്ലീറ്റ് ചെയ്തപ്പോള്‍ 435 പാസുകളാണ് പോര്‍ച്ചുഗല്‍ പൂര്‍ത്തിയാക്കിയത്.
പോര്‍ച്ചുഗല്‍ 17 ഷോട്ടുകളും ഗോള്‍മുഖം ലക്ഷ്യമിട്ട് ആറ് ഷോട്ടുകളും ഉതിര്‍ത്തപ്പോള്‍ ഒമ്പത് ഷോട്ടുകളാണ് ജര്‍മനിയുടെ പേരിലുണ്ടായിരുന്നത്. ഇതില്‍ അഞ്ചും ഓണ്‍ ടാര്‍ഗെറ്റ് ഷോട്ടുകളായിരുന്നു.