തട്ടമിട്ട അശ്‌നയും തട്ടമിടാത്ത ഷൈനയും, വാഴ 2ലെ മുസ്‌ലിം പെണ്‍കുട്ടികള്‍
Malayalam Cinema
തട്ടമിട്ട അശ്‌നയും തട്ടമിടാത്ത ഷൈനയും, വാഴ 2ലെ മുസ്‌ലിം പെണ്‍കുട്ടികള്‍
അമര്‍നാഥ് എം.
Thursday, 23rd April 2026, 12:56 pm

ഔട്ട് ഓഫ് ദി ബോക്‌സ് വിജയമെന്ന് സംശയമില്ലാതെ പറയാന്‍ കഴിയുന്ന ചിത്രമാണ് വാഴ 2. ബിഗ് സ്‌ക്രീനില്‍ ഇതുവരെ കാണാത്ത താരങ്ങളെ അണിനിരത്തി നവാഗത സംവിധായകന്‍ സവിന്‍ സാ അണിയിച്ചൊരുക്കിയ ചിത്രം ഇതിനോടകം 200 കോടിയിലേറെ നേടിക്കഴിഞ്ഞു. കേരളത്തില്‍ നിന്ന് മാത്രം 100 കോടിയിലേറെ നേടിയ ചിത്രം അടുത്ത ഇന്‍ഡസ്ട്രി ഹിറ്റാകാനുള്ള സാധ്യതകളും കൂടിവരികയാണ്.

കേരളത്തിലെ യുവാക്കള്‍ ഇന്ന് നേരിടുന്ന പല പ്രശ്‌നങ്ങളും വാഴ 2 പറഞ്ഞുവെക്കുന്നുണ്ട്. ഹാഷിര്‍, അലന്‍, വിനായക്, അജിന്‍ എന്നീ നാല് പേരെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. ഹാഷിറിന്റെയും ടീമിന്റെയും ബാല്യം മുതല്‍ കൗമാരം വരെയുള്ള സംഭവങ്ങളെ എല്ലാ പ്രേക്ഷകര്‍ക്കും കണക്ടാകുന്ന തരത്തിലാണ് സംവിധായകന്‍ പറയുന്നത്.

ആണ്‍കുട്ടികളെക്കുറിച്ച് മാത്രമല്ല, പെണ്‍കുട്ടികളുടെ പ്രശ്‌നത്തെക്കുറിച്ചും ചിത്രം സംസാരിക്കുന്നുണ്ട്. സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങളെയെല്ലാം വാഴ 2 അഡ്രസ് ചെയ്യുന്നുണ്ട്. ചിത്രത്തില്‍ അധികമാരും ശ്രദ്ധിക്കാത്ത ഒരു കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. ഹാഷിറിന്റെ കാമുകിയായ ഷൈന എന്ന കഥാപാത്രത്തെക്കുറിച്ചാണ് പോസ്റ്റുകള്‍.

വാഴ 2 Photo: Screen grab/ Think Music India

മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള ആളായിട്ടാണ് ഷൈന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. എന്നാല്‍ കാലങ്ങളായി മുസ്‌ലിം പെണ്‍കുട്ടികളെ അവതരിപ്പിച്ച ക്ലീഷേ രീതികളെ ബ്രേക്ക് ചെയ്യുന്ന തരത്തിലാണ് ഈ കഥാപാത്രത്തെ പ്രസന്റ് ചെയ്തത്. ഒരു സീനില്‍ പോലും ഷൈന തട്ടമിടുകയോ മറ്റ് മത ചിഹ്നങ്ങള്‍ ധരിക്കുകയോ ചെയ്തിട്ടില്ല.

ഹാഷിറിന്റെയും ഗ്യാങ്ങിന്റെയും എതിരാളികളായി കാണിച്ച അമീന്‍ എന്ന കഥാപാത്രത്തിന്റെ നല്ല വശവും സംവിധായകന്‍ പറയാതെ പറയുന്നുണ്ട്. രണ്ടാം പകുതിയില്‍ സദ്യക്കിടയിലുണ്ടാകുന്ന ഫൈറ്റിന് ശേഷം തന്നെ വീട്ടില്‍ സപ്പോര്‍ട്ട് ചെയ്യുന്ന ഒരേയൊരാള്‍ തന്റെ ഇക്കയാണെന്നാണ് ഷൈനയുടെ ഡയലോഗ്. ഇതിലൂടെ അമീന്‍ എന്ന കഥാപാത്രത്തിന്റെ പോസിറ്റീവ് വശം സംവിധായകന്‍ പറയാതെ പറയുന്നുണ്ട്.

വാഴ 2 Photo: Screen grab/ Think Music India

എന്നാല്‍ ഇതേ ചിത്രത്തില്‍ വേദ ശങ്കര്‍ അവതരിപ്പിച്ച അശ്‌ന എന്ന കഥാപാത്രവും മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളയാളാണ്. വീട്ടില്‍ തട്ടമിടാതെ നടക്കുന്ന അശ്‌ന സ്‌കൂളിലും പുറത്തേക്ക് പോകുമ്പോഴുമെല്ലാം തട്ടമിടുന്നതായി കാണിക്കുന്നുണ്ട്. സുധീഷ് അവതരിപ്പിച്ച കഥാപാത്രമാണ് അശ്‌നയുടെ അച്ഛന്‍. കുറച്ചധികം ഓര്‍ത്തഡോക്‌സായിട്ടുള്ള ആളായിട്ടാണ് സുധീഷിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്.

സ്‌കൂളിലെ പ്രിന്‍സിപ്പളും ചുറ്റുമുള്ളവരും പറയുന്നത് കേട്ട് മകളെ വിദേശത്തേക്ക് പഠിക്കാന്‍ വിടാത്ത സുധീഷിന്റെ കഥാപാത്രം എങ്ങനെയുള്ള ആളാണെന്നും സംവിധായകന്‍ പറയാതെ പറയുന്നുണ്ട്. എന്നാല്‍ അവിടെയും അശ്‌നയെ സപ്പോര്‍ട്ട് ചെയ്യുന്നത് സഹോദരനായ അലനാണ്.

വാഴ 2 Photo: Screen grab/ Think Music India

വീട്ടില്‍ തനിക്ക് വേണ്ടി സംസാരിക്കാന്‍ ആരുമില്ലെന്ന അവസ്ഥയിലും ‘പഠിക്കാന്‍ പൊയ്‌ക്കോ’ എന്ന് അലന്‍ പറയുമ്പോള്‍ അതിന്റെ കാര്യങ്ങള്‍ ആര് നോക്കുമെന്ന് അശ്‌ന ചോദിക്കുന്നുണ്ട്. ‘ഞാനല്ലാതെ പിന്നെ ആര്’ എന്ന അലന്റെ വാക്കുകള്‍ അവള്‍ക്ക് ധൈര്യമാണ്. മതങ്ങളുണ്ടാക്കി വെച്ച വേലിക്കെട്ടുകള്‍ പുതിയ തലമുറ തകര്‍ക്കുകയാണെന്ന് ഇത്തരം രംഗങ്ങള്‍ വരച്ചിടുന്നുണ്ട്.

Content Highlight: Portrayal of Muslim women characters in Vaazha 2 movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം