| Wednesday, 13th August 2025, 9:14 am

സമയം അതിക്രമിക്കും മുമ്പ് ഗസ സന്ദര്‍ശിക്കണം; മാര്‍പ്പാപ്പയോട് ആവശ്യവുമായി ഗായിക മഡോണ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: സമയം അതിക്രമിക്കുന്നതിന് മുമ്പ് ലിയോ മാര്‍പ്പാപ്പ ഗസ സന്ദര്‍ശിക്കണമെന്ന് അമേരിക്കന്‍ പോപ്പ് ഗായിക മഡോണ. മാര്‍പ്പാപ്പ ഗസ സന്ദര്‍ശിക്കണമെന്നും അവിടുത്ത കുട്ടികള്‍ക്ക് വെളിച്ചം നല്‍കണമെന്നും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ മഡോണ ആവശ്യപ്പെട്ടു. ഗസയിലേക്കുള്ള പ്രവേശം നിഷേധിക്കപ്പെടാന്‍ സാധ്യതയില്ലാത്ത ഒരേയൊരു വ്യക്തി മാര്‍പ്പാപ്പയാണെന്നും അവര്‍ പറഞ്ഞു.

‘ഏറെ ആരാധ്യനായ പിതാവേ… സമയം അതിക്രമിക്കും മുമ്പ് ദയവായി ഗസയിലേക്ക് പോവുകയും അവിടുത്തെ കുട്ടികള്‍ക്ക് വെളിച്ചം നല്‍കുകയും ചെയ്യുക. ഒരു അമ്മയെന്ന നിലയില്‍ അവിടുത്തെ കുട്ടികളുടെ വേദന കാണാന്‍ എനിക്ക് സാധിക്കുന്നില്ല. ലോകത്തിലെ കുട്ടികള്‍ എല്ലാവരുടേതുമാണ്. അവിടേക്കുള്ള പ്രവേശം നിഷേധിക്കപ്പെടാന്‍ സാധ്യതയില്ലാത്ത ഒരാള്‍ താങ്കള്‍ മാത്രമാണ്.

നിഷ്‌കളങ്കരായ ഈ കൂട്ടികളെ രക്ഷിക്കാന്‍ മനുഷ്യത്വത്തിന്റെ വാതിലുകള്‍ നമുക്ക് തുറന്നിടേണ്ടതുണ്ട്. ഇനി അധികം സമയമില്ല. നിങ്ങള്‍ അവിടേയ്ക്ക് പോകുമെന്ന് ദയവായി പറയുക. സ്‌നേഹത്തോടെ മഡോണ,’ എന്നാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റില്‍ മഡോണ എഴുതിയത്.

ഇന്ന് തന്റെ മകന്റെ ജന്മദിനമാണെന്നും, ഗസയിലെ ഏറ്റുമുട്ടലില്‍ അകപ്പെട്ട നിരപരാധികളെ രക്ഷപ്പെടുത്താന്‍ ലോകത്തോട് ആവശ്യപ്പെടുന്നതാണ് അവന് നല്‍കാന്‍ സാധിക്കുന്ന ഏറ്റവും വലിയ സമ്മാനമെന്നും മഡോണ കുറിച്ചു. ഗസയിലെ കുട്ടികള്‍ പട്ടിണി കൊണ്ട് മരിക്കാതിരിക്കാന്‍ തന്നെക്കൊണ്ടാകുന്നത് ചെയ്യാന്‍ ശ്രമിക്കുകയൊണെന്നും മഡോണ വ്യക്തമാക്കി.

ഗസയ്ക്ക് വേണ്ടി നിരന്തരം സംസാരിക്കുന്ന ഗായികയാണ് മഡോണ. കഴിഞ്ഞ മാസം തന്റെ നീണ്ട റീമിക്സ് ആല്‍ബമായ വെറോണിക്ക ഇലക്ട്രോണിക്ക പുറത്തിറക്കുന്ന വേദിയില്‍ ഗസയെക്കുറിച്ചുള്ള സുദീര്‍ഘമായ പ്രസംഗം ഗായിക നടത്തിയിരുന്നു.

2023ലെ ലണ്ടനിലെ സ്റ്റേജ് ഷോയ്ക്കിടെയും മഡോണ ഗസയെ കുറിച്ച് സംസാരിച്ചിരുന്നു.

‘ചെറിയ കുട്ടികളും കൗമാരക്കാരും വയോധികരും കഷ്ടപ്പെടുന്നത് കാണുമ്പോള്‍ എന്റെ ഹൃദയം തകരുകയാണ്. ഇത് തീര്‍ത്തും ഹൃദയഭേദകമായ കാഴ്ചകളാണ്, നിങ്ങളും ഇക്കാര്യം അംഗീകരിക്കുമെന്ന് എനിക്കുറപ്പാണ്.

ഒരുപക്ഷേ നമ്മുടെ ഹൃദയം തകര്‍ന്നാലും നമ്മുടെ ചേതനകളെ തകര്‍ക്കാന്‍ ആരെക്കൊണ്ടും സാധിക്കില്ല,’ മഡോണ ഈ പരിപാടിക്കിടെ ആരാധകരോട് പറഞ്ഞു.

മിഡില്‍ ഈസ്റ്റില്‍ സമാധാനം പുലരാനായി ഒറ്റയ്ക്കും കൂട്ടമായും, വാക്കുകള്‍ കൊണ്ടും പ്രവര്‍ത്തികള്‍ കൊണ്ടും ഈ ലോകത്തില്‍ സ്‌നേഹവും വെളിച്ചവും കൊണ്ടുവരാനും മഡോണ ആരാധകരോട് ആവശ്യപ്പെട്ടു.

അതേസമയം ഇക്കഴിഞ്ഞ ജൂലൈയില്‍ ഗസയിലെ അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ മാര്‍പ്പാപ്പ ആവശ്യപ്പെട്ടിരുന്നു. ഇസ്രഈലി ആക്രമണത്തില്‍ കാത്തോലിക് പള്ളിയില്‍ അഭയം തേടിയ മൂന്ന് ആളുകള്‍ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു മാര്‍പ്പാപ്പ ആക്രമണം അവസാനിപ്പിക്കാനും വെടിനിര്‍ത്തലിനും ആഹ്വാനം ചെയ്തത്.

Content Highlight: Pope singer Madonna urges Pope to visit Gaza

We use cookies to give you the best possible experience. Learn more