| Sunday, 21st September 2025, 9:30 pm

ഗസയിലെ പൗരന്മാരെ നിര്‍ബന്ധിതമായി നാടുകടത്തുന്നു; അപലപിച്ച് ലിയോ മാര്‍പാപ്പ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വത്തിക്കാന്‍ സിറ്റി: ഫലസ്തീനിലെ പ്രധാനനഗരമായ ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന കൂട്ട കുടിയിറക്കത്തിനെ അപലപിച്ച് ലിയോ മാര്‍പാപ്പ.

അക്രമവും നിര്‍ബന്ധിതമായ നാടുകടത്തലും പ്രതികാരം ചെയ്യലും അടിസ്ഥാനമാക്കി ഭാവി കെട്ടിപ്പടുക്കാനാകില്ലെന്ന് മാര്‍പാപ്പ പറഞ്ഞു.

പ്രതിവാര ആഞ്ചലസ് പ്രാര്‍ത്ഥനയില്‍ സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.

നേരത്തെ വിശുദ്ധമണ്ണിലെ പാസ്റ്റര്‍മാരും കൂട്ട കുടിയിറക്കത്തെ അപലപിച്ചിരുന്നു. ഈ അഭിപ്രായം ആവര്‍ത്തിക്കുകയാണ് താനെന്നും മാര്‍പാപ്പ വിശദീകരിച്ചു.

ഇസ്രഈലിന്റെ ഭാഗങ്ങള്‍ ഫലസ്തീന്‍ പ്രദേശങ്ങള്‍, ജോര്‍ദാന്‍, ഈജിപ്ത് എന്നിവയാണ് ജൂത-ക്രിസ്തു-ഇസ്‌ലാം മതവിശ്വാസികള്‍ വിശുദ്ധഭൂമിയായി കണക്കാക്കപ്പെടുന്ന സ്ഥലങ്ങള്‍.

ജനങ്ങള്‍ക്ക് വേണ്ടത് സമാധാനമാണെന്നും യഥാര്‍ത്ഥത്തില്‍ ജനങ്ങളെ സ്‌നേഹിക്കുന്നവര്‍ സമാധാനം പുനസ്ഥാപിക്കാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഫലസ്തീനില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായി ലിയോ മാര്‍പാപ്പ മുമ്പും ശക്തമായി രംഗത്തെത്തിയിരുന്നു.

ജൂലൈയില്‍ ഗസയിലെ കത്തോലിക്ക പള്ളി ഇസ്രഈല്‍ ആക്രമിച്ചതിനെ മാര്‍പാപ്പ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

അതേസമയം, ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് യു.കെ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ രംഗത്തെത്തി.

ഇസ്രഈലുമായി അടുത്തബന്ധമുള്ള രാജ്യങ്ങളുടെ ഈ നീക്കം അമേരിക്കയെയും ഇസ്രഈലിനെയും ഫലസ്തീന്‍ വിഷയത്തില്‍ കൂടുതല്‍ ഒറ്റപ്പെടുത്തുകയാണ്.

140ഓളം രാജ്യങ്ങള്‍ ഫലസ്തീനെ മുമ്പ് തന്നെ രാജ്യമായി അംഗീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൂന്നുരാജ്യങ്ങള്‍ കൂടി തീരുമാനമറിയിച്ചിരിക്കുന്നത്.

വൈകാതെ തന്നെ ഐക്യരാഷ്ട്രസഭയിലെ പൊതുസഭയില്‍ വെച്ച് ഫ്രാന്‍സ് ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഫലസ്തീനെ രാജ്യമായി അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇസ്രഈലിലും ഫലസ്തീനിലും സമാധാനം പുലരാന്‍ വേണ്ടിയും ദ്വിരാഷ്ട്ര പരിഹാരം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു.

ഇതിനെ വിമര്‍ശിച്ച് ഇസ്രഈല്‍ രംഗത്തെത്തിയിട്ടുണ്ട്. യു.കെയുടെയും ഓസ്‌ട്രേലിയയുടെയും കാനഡയുടെയും തീരുമാനം കൊലപാതകങ്ങള്‍ക്കുള്ള പ്രതിഫലമാണെന്ന് ഇസ്രഈലിന്റെ സുരക്ഷാ ചുമതലയുള്ള മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍ പറഞ്ഞു.

അതേസമയം, 2023 ഒക്ടോബറിന് ശേഷം മാത്രം ഇസ്രഈല്‍ കൊലപ്പെടുത്തിയത് 65,000ലധികം ഫലസ്തീനികളെയാണ്. ഫലസ്തീന് നേരെ കടുത്ത ഉപരോധവും ഗതാഗതനിരോധനവും അടക്കം ഇസ്രഈല്‍ സേന ഏര്‍പ്പെടുത്തിയതോടെ ഗസയിലടക്കം ക്ഷാമവും അതിരൂക്ഷമാണ്.

കെട്ടിടങ്ങള്‍ തകര്‍ത്ത് ഇസ്രഈല്‍ കരയാക്രമണം രൂക്ഷമാക്കിയതോടെ കൂട്ടപലായനത്തിലുമാണ് ഫലസ്തീന്‍ ജനത.

Content Highlight: Pope Leo condemns forced exile of citizens of Gaza

We use cookies to give you the best possible experience. Learn more