പൂജപ്പുര മനോഹരമായ പേര്; പൂജക്കുവേണ്ടി കാലങ്ങളായി ആരെയോ കാത്തിരിക്കുന്നതുപ്പോലെ: സ്വാമി സന്ദീപാനന്ദ ഗിരി
Kerala
പൂജപ്പുര മനോഹരമായ പേര്; പൂജക്കുവേണ്ടി കാലങ്ങളായി ആരെയോ കാത്തിരിക്കുന്നതുപ്പോലെ: സ്വാമി സന്ദീപാനന്ദ ഗിരി
ശ്രീലക്ഷ്മി എ.വി.
Saturday, 10th January 2026, 9:25 pm

തിരുവനന്തപുരം: പൂജപ്പുരയെന്ന പേര് എത്ര മനോഹരമായതാണെന്നും ഉച്ചരിക്കുമ്പോൾ തന്നെ പ്രാർത്ഥനയുടെ ശാന്തത തരുന്നെന്നും സ്വാമി സന്ദീപാനന്ദ ഗിരി.

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവിനെ അറസ്റ്റ് ചെയ്ത് പൂജപ്പുര സെൻട്രൽ ജയിലിൽ കൊണ്ടുപോയ സാഹചര്യത്തിലാണ് സന്ദീപാനന്ദ ഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ദൈവസാന്നിധ്യത്തിന്റെ സൗമ്യതയും, നാടിന്റെ നിഷ്കളങ്കതയും പൂജപ്പുരയെന്ന പേരിൽ തന്നെ ഒളിപ്പിച്ചിരിക്കുന്നുവെന്നും പൂജക്കുവേണ്ടി കാലങ്ങളായി ആരെയോ കാത്തിരിക്കുന്നതുപോലുള്ളൊരു പേരാണിതെന്നും അദ്ദേഹം പറഞ്ഞു.

സന്ദീപാനന്ദ ഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ നിരവധി ട്രോളുകൾ രൂപേണയുള്ള കമന്റുകളും ഉയരുന്നുണ്ട്.

ഇതിനേക്കാളും ഒരു കഠാര കുത്തി ഇറക്കുന്നതായിരുന്നു ഭേദം, തന്ത്രിക്കതിന് മന്ത്രം അറിയില്ലല്ലോ. മന്ത്രമില്ലാതെ പൂജിച്ചാ മതിയോ, മുന്നേ ഏതോ ദൈവ തുല്യൻ കണ്ടറിഞ്ഞിട്ട പേര് പൂജപ്പുര, ജയിലിലുളളവർക്ക് ഇനി മോക്ഷം കിട്ടുമായിരിക്കും, പൂജപ്പുരയ്ക്ക് ആത്മസാഫല്യം ലഭിച്ചത് പോലെയായി, ആ അനുജ്ഞ എടുക്കാൻ മറക്കാതിരുന്നാൽ മതിയായിരുന്നു തുടങ്ങിയവയാണ് ചില കമന്റുകൾ.

ജയിലിൽ കൊണ്ടുപോയതിന് പിന്നാലെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐ.സിയുവിൽ ചികിത്സയിൽ തുടരുകയാണ്.

കണ്ഠരര് രാജീവരുടെ വീട്ടിൽ എസ്.ഐ.ടി പരിശോധന നടത്തുകയാണെന്നും റിപ്പോർട്ടുകളുണ്ട്. കട്ടിളപ്പാളി കേസിലെ സമാന ഒത്താശയും ഗൂഢാലോചനയും ദ്വാരപാലക ശില്പപ്പാളി കേസിലും തന്ത്രി നടത്തിയിട്ടുണ്ടെന്നും എസ്.ഐ.ടി കണ്ടെത്തി.

കഴിഞ്ഞ ദിവസമായിരുന്നു സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

കേസിലെ ഒന്നാംപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് തുടക്കം മുതൽ തന്നെ എല്ലാ സഹായങ്ങളും തന്ത്രി കണ്ഠരര് രാജീവ് നൽകിയിരുന്നെന്ന് എസ്.ഐ.ടി കണ്ടെത്തിയിരുന്നു.

സ്‌പോൺസർ ഷിപ്പ് അടക്കം എല്ലാ സഹായങ്ങളും ചെയ്‌തെന്നും ഭരണസമിതിയിൽ ഇടപെട്ടുകൊണ്ട് ഇത്തരത്തിലുള്ള തീരുമാനങ്ങളെടുപ്പിച്ചത് തന്ത്രിയാണെന്നും എസ്.ഐ.ടി പറഞ്ഞു.

തട്ടിപ്പിന് വഴിയൊരുക്കിയതും ഇടപാടുകൾക്ക് നേതൃത്വം നൽകിയതും അദ്ദേഹത്തിന്റെ അറിവോടെയും സ്വാധീനത്തിലുമായിരുന്നെന്നും എസ്.ഐ.ടി കണ്ടെത്തി. സ്വർണം മാറ്റിയ വിവരം തന്ത്രിക്ക് അറിയാമായിരുന്നെന്നും എസ്.ഐ.ടി റിപ്പോർട്ടിൽ പറയുന്നു.

Content Highlight: Poojappura is a beautiful name; it’s like someone has been waiting for ages for a puja: Swami Sandeepananda Giri

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.