| Wednesday, 16th April 2025, 10:32 pm

സോഷ്യല്‍ മീഡിയയിലെ 30 മില്യണ്‍ ഫോളോവേഴ്‌സൊന്നും തിയേറ്ററില്‍ വരുമാനമുണ്ടാക്കിയില്ല, യഥാര്‍ത്ഥ സൂപ്പര്‍സ്റ്റാറുകള്‍ അവരൊക്കെയാണ്: പൂജ ഹെഗ്‌ഡേ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യയിലെ മികച്ച നടിമാരില്‍ ഒരാളാണ് പൂജ ഹെഗ്ഡേ. 2012ല്‍ പുറത്തിറങ്ങിയ മുഖംമൂടി എന്ന ചിത്രത്തിലൂടെയാണ് പൂജ സിനിമാലോകത്തേക്ക് വരവറിയിച്ചത്. പിന്നീട് വളരെ ചുരുക്കം സിനിമകളിലൂടെ ഇന്ത്യയൊട്ടുക്ക് ശ്രദ്ധ പിടിച്ചുപറ്റാന്‍ പൂജക്ക് സാധിച്ചു. അല്ലു അര്‍ജുന്‍ നായകനായ അലാ വൈകുണ്ഡപുരംലോയിലൂടെ പൂജയുടെ സ്റ്റാര്‍ഡം ഉയര്‍ന്നു.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ഫോളോവേഴ്‌സിനെക്കുറിച്ച് സംസാരിക്കുകയാണ് പൂജ ഹെഗ്‌ഡേ. സോഷ്യല്‍ മീഡിയയില്‍ മില്യണ്‍ കണക്കിന് ഫോളോവേഴ്‌സുണ്ടെങ്കിലും അത് വലിയ കാര്യമായി താന്‍ കാണുന്നില്ലെന്ന് പൂജ ഹെഗ്‌ഡേ പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ ഒരു നടനോ നടിക്കോ 30 മില്യണ്‍ അല്ലെങ്കില്‍ 50 മില്യണ്‍ ഫോളോവേഴ്‌സുണ്ടെങ്കിലും അവരാരും തിയേറ്ററില്‍ വന്ന് സിനിമ കാണില്ലെന്നും പൂജ കൂട്ടിച്ചേര്‍ത്തു.

ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ വലിയ കാര്യമില്ലെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും സിനിമക്ക് അതൊന്നും ഗുണം ചെയ്യില്ലെന്നും പൂജ പറഞ്ഞു. ചില നടന്മാരുടെ അക്കൗണ്ട് നോക്കിയാല്‍ വെറും അഞ്ച് മില്യണ്‍ ആളുകള്‍ മാത്രമേ ഫോളോ ചെയ്യാറുള്ളൂവെന്നും എന്നാല്‍ അവരുടെ സിനിമക്കായിരിക്കും ആളുകള്‍ കയറുകയെന്നും പൂജ ഹെഗ്‌ഡേ കൂട്ടിച്ചേര്‍ത്തു. അവരാണ് യഥാര്‍ത്ഥ സൂപ്പര്‍സ്റ്റാറുകളെന്നും പൂജ പറഞ്ഞു. ടി.വി ഫൈവ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു പൂജ ഹെഗ്‌ഡേ.

‘എനിക്ക് സോഷ്യല്‍ മീഡിയ ഫോളോവേഴ്‌സിന്റെ കാര്യത്തില്‍ വലിയ വിശ്വാസമൊന്നുമില്ല. എന്റെ കാര്യം നോക്കിയാല്‍ 30 മില്യണ്‍ ഫോളോവേഴ്‌സ് എനിക്കുണ്ട്. എന്നാല്‍ എന്റെ ഒരു സിനിമ റിലീസായാല്‍ ഇവരില്‍ പലരും അത് തിയേറ്ററില്‍ പോയി കാണില്ല. ഏതെങ്കിലും നടനോ നടിക്കോ 30 അല്ലെങ്കില്‍ 50 മില്യണ്‍ ഫോളോവേഴ്‌സുണ്ടെങ്കിലും ഇതൊക്കെ തന്നെയാകും അവസ്ഥ.

വേറെ ചില നടന്മാരുണ്ട്. അവരുടെ പ്രൊഫൈല്‍ നോക്കിയാല്‍ വെറും അഞ്ചോ ആറോ മില്യണ്‍ ഫോളോവേഴ്‌സ് മാത്രമേ ഉണ്ടാകുള്ളൂ. പക്ഷേ, അവരുടെ ഒരു സിനിമ റിലീസായാല്‍ ഒരുപാട് ആളുകള്‍ ആ പടം കാണാന്‍ വരും. അവരൊക്കെയാണ് സൂപ്പര്‍സ്റ്റാര്‍. സോഷ്യല്‍ മീഡിയക്ക് പുറത്തുള്ളതാണ് യഥാര്‍ത്ഥ ലോകം,’ പൂജ ഹെഗ്‌ഡേ പറഞ്ഞു.

സൂര്യയെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന റെട്രോയാണ് പൂജയുടെ പുതിയ ചിത്രം. ആക്ഷന് പ്രാധാന്യമുള്ള ലവ് സ്റ്റോറിയായാണ് കാര്‍ത്തിക് സുബ്ബരാജ് റെട്രോ അണിയിച്ചൊരുക്കിയത്. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. മെയ് ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Pooja Hedge saying Social Media followers didn’t make any impact in theatre

We use cookies to give you the best possible experience. Learn more