| Sunday, 29th June 2025, 6:57 pm

പൊൻമാൻ: ആ സംഭവത്തിന് ശേഷം ആരും അജേഷിനെ കണ്ടിട്ടില്ല; സ്വർണത്തിൻ്റെ പണം ഞങ്ങൾ തരും: ബേസിൽ ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ് ബേസില്‍ ജോസഫ്. 2013ല്‍ തിര എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തിലൂടെ സഹ സംവിധായകനായിട്ടാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് സംവിധാനം, അഭിനയം എന്നീ നിലകളിൽ അദ്ദേഹം കഴിവ് തെളിയിച്ചു.

അതിലൊന്നായിരുന്നു ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത പൊൻമാൻ. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയെടുത്ത സിനിമ ജി.ആർ. ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലിന്റെ ദൃശ്യാവിഷ്‌കാരമായിരുന്നു.

ബേസിൽ ജോസഫിനെക്കൂടാതെ സജിൻ ഗോപു, ആനന്ദ് മന്മദഥൻ, ലിജോമോൾ ജോസ് എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തിയേറ്ററിൽ വന്ന ആദ്യ ദിവസം തന്നെ പോസിറ്റീവ് റിവ്യു നേടാൻ പൊൻമാനിന് സാധിച്ചിരുന്നു. കൊല്ലം ജില്ലയിൽ നടക്കുന്ന കല്യാണവും അതിനോടനുബന്ധിച്ച് നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പശ്ചാത്തലം.

ചിത്രത്തിലെ പ്രധാന കഥാപാത്രമായ പി.പി അജേഷിനെ അവതരിപ്പിച്ചത് ബേസിൽ ജോസഫ് ആയിരുന്നു. ഇപ്പോൾ യഥാർത്ഥ അജേഷിനെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

അന്നത്തെ സംഭവത്തിന് ശേഷം ആരും അജേഷിനെ കണ്ടിട്ടില്ലെന്നും എവിടെയെങ്കിലും ഉണ്ടെങ്കിൽ തങ്ങളുമായി ബന്ധപ്പെടണമെന്നും പറയുകയാണ് ബേസിൽ ജോസഫ്. തങ്ങൾക്കെല്ലാവർക്കും റിയൽ ലൈഫിലെ അജേഷിനെ കാണാൻ താത്പര്യമുണ്ടെന്നും കണ്ടുകഴിഞ്ഞാൽ അജീഷിന് കിട്ടാനുള്ള സ്വർണത്തിൻ്റെ അത്രയും പണം തങ്ങൾ കൊടുക്കുമെന്നും ബേസിൽ കൂട്ടിച്ചേർത്തു.

‘അന്നത്തെ സംഭവത്തിന് ശേഷം അജേഷിനെ നമ്മളാരും കണ്ടിട്ടില്ല. ഈ പറയുന്ന നാലഞ്ച് ചെറുപ്പക്കാരും കണ്ടിട്ടില്ല, വേറാരും കണ്ടിട്ടില്ല. ഇത് കാണുന്ന അജേഷ് പി.പി ലോകത്ത് എവിടെയെങ്കിലും ഉണ്ടെങ്കിൽ തീർച്ചയായിട്ടും ഞങ്ങളുമായിട്ട് ബന്ധപ്പെടുക. ഞങ്ങൾക്കെല്ലാവർക്കും റിയൽ ലൈഫ് അജേഷിനെ നേരിട്ട് കാണാൻ താത്പര്യം ഉണ്ട്.

ഞങ്ങളുടെ അടുത്ത് വന്ന് കഴിഞ്ഞാൽ അല്ലെങ്കിൽ കണ്ട് കഴിഞ്ഞാൽ അജേഷിന് കിട്ടാനുള്ള ആ സ്വർണത്തിനുള്ള അത്രയും പൈസ നമ്മൾ അജേഷിന് കൊടുക്കുന്നതായിരിക്കും. അജേഷ് എവിടെങ്കിലും ഉണ്ടെങ്കിൽ ഇത് കാണുന്നുണ്ടെങ്കിൽ തീർച്ചയായും ഞങ്ങളുമായി ബന്ധപ്പെടണം,’ ബേസിൽ പറഞ്ഞു.

Content Highlight: Ponman: No one has seen Ajesh since that incident says Basil Joseph

We use cookies to give you the best possible experience. Learn more