പൗരത്വസമരത്തില്‍ പങ്കെടുത്തവര്‍ക്ക് സ്‌കോളര്‍ഷിപ്പില്ലെന്ന് പോണ്ടിച്ചേരി സര്‍വകലാശാല: പ്രതിഷേധത്തിനൊടുവില്‍ തീരുമാനത്തില്‍ മാറ്റം
അന്ന കീർത്തി ജോർജ്

സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് റദ്ദാക്കിക്കൊണ്ട് പുറപ്പെടുവിച്ച സര്‍ക്കുലര്‍ വിദ്യാര്‍ത്ഥി പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിക്കേണ്ടി വന്നിരിക്കുകയാണ് പോണ്ടിച്ചേരി കേന്ദ്രസര്‍വകലാശാല. കഴിഞ്ഞ ദിവസമാണ് യൂണിവേഴ്‌സിറ്റി അഡ്മിനിസ്‌ട്രേഷന്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് HODമാര്‍ക്ക് അയച്ചത്. എഴുപത് ശതമാനം അറ്റന്‍ഡന്‍സ് ഇല്ലാത്തവര്‍ക്കും കഴിഞ്ഞ സെമസ്റ്ററില്‍ പ്രതിഷേധസമരങ്ങളില്‍ പങ്കെടുത്തവര്‍ക്കും സ്‌കോളര്‍ഷിപ്പിന് അര്‍ഹതയില്ലെന്നായിരുന്നു സര്‍ക്കുലര്‍.

 

പോണ്ടിച്ചേരി സര്‍വകലാശാലയില്‍ കഴിഞ്ഞ സെമസറ്ററില്‍ നടന്ന പ്രധാന സമരങ്ങള്‍ 200 മടങ്ങ് വരെ ഫീസ് വര്‍ദ്ധിപ്പിച്ച നടപടിക്കെതിരെയും പൗരത്വ ഭേദഗതി നിയമത്തിനെതിരെയുമായിരുന്നു. ഈ സമരങ്ങളില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള പ്രതികാരനടപടിയാണിതെന്നും ചില വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഫീസ് വര്‍ധനവിനെതിരെ സമരം ചെയ്ത വിദ്യാര്‍ത്ഥികളോട് ചര്‍ച്ചക്ക് പോലും തയ്യാറാകാതെ മദ്രാസ് ഹൈക്കോടതിയില്‍ തങ്ങള്‍ക്കെതിരെ കേസ് നല്‍കുകയായിരുന്നു യൂണിവേഴ്‌സിറ്റി അധികൃതര്‍ എന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാണിക്കുന്നു.

മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ് മികച്ച പഠനനിലവാരം പുലര്‍ത്തുന്ന, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന, വിദ്യാര്‍ത്ഥികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപ്പിലാക്കുന്നത്. വിദ്യാര്‍ത്ഥികളില്‍ വലിയൊരു വിഭാഗവും സെമസ്റ്റര്‍ ഫീസ് അടക്കാന്‍ പോലും ഈ സ്‌കോളര്‍ഷിപ്പിനെയാണ് ആശ്രയിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തെ റദ്ദ് ചെയ്യുക മാത്രമല്ല സാമ്പത്തികമായി അവശതയനുഭവിക്കുന്ന വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാനുള്ള അവകാശം ഇല്ലായ്മ ചെയ്യുക കൂടിയാണ് അധികൃതരെന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാണിക്കുന്നു.

ഇത് ആദ്യമായല്ല സര്‍വകലാശാല അധികൃതര്‍ വിദ്യാര്‍ത്ഥി വിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നീക്കങ്ങളുമായി മുന്നോട്ടുവരുന്നതെന്നും കഴിഞ്ഞ കുറച്ചുനാളുകളായി ഇത് തുടര്‍ക്കഥയായിക്കൊണ്ടിരിക്കുകയാണെന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാണിക്കുന്നു. ഈ മഹാമാരിക്കാലത്ത് സര്‍വകലാശാലയുടെ ഭാഗത്തുനിന്നുവന്ന പല സര്‍ക്കുലറുകളും ഇത്തരത്തിലുള്ളതായിരുന്നെന്നും ഇവര്‍ വ്യക്തമാക്കുന്നു.

വിഷയത്തില്‍ സ്റ്റുഡന്‍സ് കൗണ്‍സില്‍ പ്രസിഡന്റ് പരിചയ് യാദവ, വൈസ് പ്രസിഡന്റ് മമത ജി, യൂണിവേഴ്‌സിറ്റി എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അഭിജിത്ത് സുധാകരന്‍ എന്നിവര്‍ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.