സവര്‍ണ സംവരണത്തിന്റെ രാഷ്ട്രീയം | സണ്ണി എം. കപിക്കാട്
Economic Reservation
സവര്‍ണ സംവരണത്തിന്റെ രാഷ്ട്രീയം | സണ്ണി എം. കപിക്കാട്
സണ്ണി എം. കപിക്കാട്
Monday, 30th November 2020, 4:09 pm

എഴുത്ത്: പി.എം. ജയന്‍

സംവരണം എന്ന തത്വം ഇന്ത്യാചരിത്രത്തില്‍ രൂപപ്പെടുന്നത് എങ്ങനെയായിരുന്നു, അത് രൂപംകൊള്ളുന്നതിന്റെ സാമൂഹിക രാഷ്ട്രീയബലതന്ത്രം എന്തായിരുന്നു, എന്ത് സാമൂഹിക ലക്ഷ്യമായിരുന്നു അത് നിറവേറ്റാന്‍ ശ്രമിച്ചത് എന്നു വിശകലനം ചെയ്യേണ്ടതുണ്ട്.

അത്തരം വിശകലനത്തിന്റെ അഭാവത്തില്‍ സംവരണത്തെക്കുറിച്ചു ചര്‍ച്ച ചെയ്താല്‍ പൊള്ളയായ നിഗമനങ്ങളിലേക്ക് നമ്മെ നിര്‍ബന്ധപൂര്‍വം എത്തിച്ചേക്കും. ഇന്ത്യയില്‍ ദേശരാഷ്ട്രം രൂപംകൊള്ളുന്നതിന് പിന്നില്‍ വിവിധ സമരപരമ്പരകളുടെ ചരിത്രമുണ്ട്. സംഘടനാ രൂപീകരണങ്ങള്‍, രാഷ്ട്രീയപാര്‍ട്ടികളുടെ രൂപീകരണങ്ങള്‍ സാമുദായിക സംഘടനാ രൂപീകരണങ്ങള്‍ എന്നിങ്ങനെ നീളുന്നതാണത്.

1947ന് മുന്‍പുള്ള ഒരു നൂറ്റാണ്ട് പഴക്കമുള്ള ചരിത്രവും സാമൂഹിക രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ഭൂമികയും പരിശോധിക്കേണ്ടതുണ്ട്. മുഖ്യധാരാചരിത്രകാരന്മാരുടെ അടയാളപ്പെടുത്തല്‍ പ്രകാരം ഇന്ത്യയില്‍ ഒരു ദേശീയപ്രസ്ഥാനം രൂപം കൊണ്ടെന്നും 1917ഓടു കൂടി ഗാന്ധിജി എന്നൊരു നേതാവ് അത് എറ്റെടുത്തെന്നും അത് വലിയൊരു ബഹുജനപ്രസ്ഥാനമായി മാറിയെന്നും അതുവഴി ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയെന്നുമാണ് ആ ചരിത്രം.

പ്രബല ചരിത്രകാരന്മാരുടെ ദേശീയചരിത്ര രചനയില്‍ കാണുന്ന വസ്തുതകള്‍ക്കപ്പുറം അതിസങ്കീര്‍ണമായ അനേകം ധാരകളിലൂടെയാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്നും ദേശരാഷ്ട്രം രൂപംകൊണ്ടതെന്നും നാം അറിയേണ്ടതുണ്ട്. ദേശീയപ്രസ്ഥാനവും അതിന്റെ ബ്രിട്ടീഷ് വിരുദ്ധപോരാട്ടവും പ്രസക്തംതന്നെയാണ്. ഇടതുപക്ഷപ്രസ്ഥാനങ്ങളുടെയും സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെയും രൂപീകരണവും അതിന്റെ പ്രവര്‍ത്തനങ്ങളും ചരിത്രപരമായ പങ്ക് നിര്‍വഹിച്ചിട്ടുണ്ട്. എന്നാല്‍ ചരിത്രത്തില്‍ വേണ്ടത്ര അടയാളപ്പെടുത്താതെ പോയ ഒരു ധാരയുണ്ട്. സാമൂഹിക നീതിക്കുവേണ്ടി ആഭ്യന്തരമായി നിലകൊണ്ട പ്രസ്ഥാനങ്ങളും അവയുടെ ആശയരൂപീകരണങ്ങളുമാണത്.

ആ പ്രസ്ഥാനങ്ങളെയൊക്കെ നമ്മുടെ രാഷ്ട്രീയചരിത്രകാരന്മാര്‍ തെറ്റിദ്ധരിക്കപ്പെടുകയോ കാണാതിരിക്കുകയോ ഒരുപക്ഷേ ഉപേക്ഷിക്കുകയോ ചെയ്തു. ബ്രട്ടീഷുകാരുടെ കൊള്ളയും മറ്റ് പ്രശ്നങ്ങളും സുപ്രധാനവിഷയമാണെങ്കിലും ഇന്ത്യയ്ക്കകത്തെ വിവേചനങ്ങള്‍ അവരുടെ ഭരണം കൊണ്ടുമാത്രം ഉണ്ടായതല്ല. അവര്‍ വരുന്നതിനും മുന്‍പേ, നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ജാതിയും അതിനെ താങ്ങിനില്‍ക്കുന്ന വ്യവഹാരങ്ങളും അതിന്റെ ധര്‍മവ്യവസ്ഥയും അതിന് കാരണമാണ്.

ഈ വിഷയത്തെ വിമര്‍ശനവിധേയമാക്കിക്കൊണ്ട് സമൂഹത്തിനകത്ത് നീതിക്കുവേണ്ടി നിലകൊണ്ട ആഭ്യന്തരധാര ഇന്ത്യക്കകത്തുണ്ടായിരുന്നു. അത്തരം ധാരകള്‍ കേവലം എന്റെ സമുദായത്തിനോ വിഭാഗത്തിനോ നീതി കിട്ടണം എന്നുമാത്രം പറഞ്ഞ് രംഗത്തുവന്നവരായിരുന്നില്ല. മറിച്ച് ഇന്ത്യന്‍ സമൂഹത്തെക്കുറിച്ച് പ്രത്യേകമായ ഭാവന ചരിത്രപരമായി അത്തരം മുന്നേറ്റത്തിലൂടെ രൂപപ്പെട്ടുവന്നിരുന്നു എന്ന് കാണണം. ഏതെങ്കിലും സാമുദായികവിഭാഗം നടത്തിയ കലാപമോ അവകാശ സമരമോ ആയിരുന്നില്ല അത്. അതിനപ്പുറം ഇന്ത്യയെസംബന്ധിച്ച് മറ്റൊരു വൈജ്ഞാനിക പ്രപഞ്ചം ഈ ധാരയിലൂടെ രൂപപ്പെട്ടിരുന്നു. ഇത് വളരെ പ്രധാനപ്പെട്ട, ചരിത്രപരമായ തിരിച്ചറിവായി കാണേണ്ടതുണ്ട്.

ദേശീയപ്രസ്ഥാനത്തിന്റെ യുക്തിക്കകത്ത് ആ ധാരയെ ഒന്നടങ്കം പുറന്തള്ളുന്ന പ്രവണതയാണ് അന്ന് ഉണ്ടായിരുന്നത്. സാമൂഹിക നീതിക്കുവേണ്ടി നിലകൊണ്ടവരൊക്കെ ബ്രിട്ടീഷുകാരുടെ ചാരന്മാരായിരുന്നുവെന്നും അവര്‍ ഒറ്റുകാരായിരുന്നുവെന്നുമാണ് അന്ന് പ്രചരിപ്പിച്ചിരുന്നത്. ശ്രീനാരായണ ഗുരുവിനെക്കുറിച്ചോ കുമാരനാശാനെക്കുറിച്ചോ അംബേദ്ക്കറെക്കുറിച്ചോ ഒക്കെ ഇത്തരം പ്രചാരണങ്ങള്‍ അന്ന് നിലനിന്നിരുന്നു. ഇവരൊക്കെ ബ്രിട്ടീഷുകാര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് എന്നാണ് പറഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ അവര്‍ ജീവിച്ചിരിക്കുന്ന കാലത്ത് അവരുടേത് വൈജ്ഞാനിക പ്രപഞ്ചമാണെന്നോ രാഷ്ട്രീയദര്‍ശനമാണെന്നോ ചരിത്രബോധമാണെന്നോ ഒന്നുംതന്നെ മനസ്സിലാക്കിയിരുന്നില്ല.

ആ ധാരയുടെ ഇടപെടലുകളാണ് നമ്മളിന്ന് കാണുന്ന സംവരണമെന്ന തത്വത്തിലേക്ക് ഇന്ത്യാരാജ്യത്തെ എത്തിച്ചത്. സാമൂഹിക നീതിക്കുവേണ്ടി നിലകൊണ്ട, ആഭ്യന്തര ജനാധിപത്യത്തിനുവേണ്ടി നിലകൊണ്ട ഈ ധാര ബ്രിട്ടീഷുകാരോടും ദേശീയപ്രസ്ഥാനത്തോടും ആര്‍ഗ്യൂ ചെയ്ത മര്‍മപ്രധാനമായ പോയിന്റ് ഇതാണ്. ആധുനിക ഇന്ത്യ രൂപംകൊള്ളുമ്പോള്‍ അതിന്റെ പുതിയ ഇടത്തില്‍, സംവിധാനത്തില്‍ അത് വിദ്യാഭ്യാസമാകാം കോടതിയാകാം അത് ഭരണ സംവിധാനമാകാം ഉദ്യോഗസ്ഥമേഖലയാകാം.

ഇങ്ങനെയുള്ള പുതിയ പൊതുമണ്ഡലത്തില്‍ ഇന്ത്യയിലെ എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യമുണ്ടായിരിക്കണം എന്ന വാദമാണ് അവര്‍ മുന്നോട്ട് വെച്ചത്. ഈ വിഷയത്തെ പരിഹരിക്കാന്‍, അഭിമുഖീകരിക്കാന്‍ ഒരു രാഷ്ട്രം ചെയ്യേണ്ടത് എല്ലാ ജനവിഭാഗത്തിന്റെയും പങ്കാളിത്തം ഉറപ്പ് വരുത്തുന്ന വ്യവസ്ഥ സൃഷ്ടിക്കലായിരുന്നു. അങ്ങനെ ആവശ്യപ്പെടാന്‍ കാരണം പരമ്പരാഗത ഇന്ത്യന്‍ വ്യവസ്ഥയ്ക്കകത്ത് ഒട്ടനവധി വിഭാഗങ്ങള്‍ ബഹിഷ്‌കരിക്കപ്പെടുകയോ അക്രമിക്കപ്പെടുകയോ പുറംതള്ളപ്പെടുകയോ അവര്‍ക്ക് തുല്യനീതി കൊടുക്കാതിരിക്കുകയോ അവര്‍ക്ക് അവസരസമത്വം കൊടുക്കാതിരിക്കുകയോ പൊതു ഇടത്തിലേക്ക് വരാന്‍ അനുവദിക്കാതിരിക്കുകയോ സ്വന്തം വീട്ടില്‍ കയറ്റാതിരിക്കുകയോ പൊതു ഇടത്തിലെ എന്റര്‍ടെയിന്‍മെന്റിലേക്ക് കടത്താന്‍ അനുവദിക്കാതിരിക്കുകയോ ചെയ്യുന്ന ഒരു ചരിത്രസന്ദര്‍ഭം അന്നുണ്ടായതിനാലാണ്.

അത്തരമൊരു സമൂഹഘടനയെ മാറ്റിയെഴുതാന്‍ ഒരു ജനാധിപത്യസമൂഹം എന്താണ് ചെയ്യേണ്ടത് എന്ന ചോദ്യത്തിന് ഉത്തരമായാണ് എല്ലാവര്‍ക്കും പങ്കാളിത്തമുള്ള സംവിധാനം ഉണ്ടാകണം എന്നത്. ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയദര്‍ശനമാണ് എല്ലാവര്‍ക്കും പങ്കാളിത്തമുള്ള, ഗവണ്‍മന്റില്‍ മാത്രമല്ല എല്ലാ പൊതു ഇടങ്ങളിലും വ്യത്യസ്ത ജനവിഭാഗങ്ങള്‍ക്ക് കയറിച്ചെല്ലാന്‍ പറ്റണം, അവിടെ ആക്സസ് ഉണ്ടായിരിക്കണം എന്ന വാദം.

1914ല്‍ ലക്നൗ പാക്ട് ഉണ്ടായിരുന്നു. പല പാക്ടിനെക്കുറിച്ചും പറയാറുണ്ടെങ്കിലും ഇതിനെക്കുറിച്ച് പലരും മിണ്ടാറില്ല. കാരണം ഇത് അത്ര പ്രധാനപ്പെട്ടതാണെന്ന് പലര്‍ക്കും തോന്നാത്തതിനാലാണ്. ഇന്ത്യയിലെ മുസ്ലിംകളും ദേശീയപ്രസ്ഥാനവും തമ്മില്‍ ഉണ്ടാക്കിയ ഉടമ്പടിയാണ് ലക്നൗ പാക്ട്. മുസ്ലിം ജനസമൂഹത്തിന് മതിയായ പ്രാതിനിധ്യം ഉറപ്പ് വരുത്തണമന്ന തത്വമാണ് ആ ഉടമ്പടിയിലെ പ്രധാന ആവശ്യം. അങ്ങനെ ഒരു തത്വം ഇല്ലായിരുന്നെങ്കില്‍ മുസ്ലിംകള്‍ക്ക് പില്‍ക്കാലത്ത് തുല്യ അവസരം ലഭിക്കുമായിരുന്നില്ല. അവര്‍ മുന്‍നിരയിലേക്ക് വരുമായിരുന്നില്ല.

സംഘപരിവാറും കേരളത്തിലെ പ്രബലമായ കമ്യൂണിസ്റ്റ് പാര്‍ട്ടിയുമൊന്നും പ്രചരിപ്പിക്കുന്നതുപോലെയല്ല ശരിയായ ചരിത്രം. 1919 ല്‍ ഡോ ബി.ആര്‍ അംബേദ്ക്കര്‍ സൗത്ത് ബോര്‍ഡ് ഓഫ് കമ്മീഷനില്‍ കൊടുക്കുന്ന നിവേദനത്തില്‍ പറയുന്ന കാര്യം ഇതാണ്. ‘ഇന്ത്യയിലെ അയിത്തജാതിയെ പ്രത്യേക വിഭാഗമായി പരിഗണിച്ച് അവര്‍ക്ക് പ്രാതിനിധ്യം ഉറപ്പ് വരുത്തണമെന്നാണ്’ അദ്ദേഹം ആവശ്യപ്പെട്ടത്. എന്തിന് അവരെ പരിഗണിക്കണം എന്ന ചോദ്യമുണ്ടവിടെ. സമൂഹത്തില്‍ അതുവരെ ബഹിഷ്‌കൃതരായി കഴിഞ്ഞിരുന്ന ജനതയെ, അതായത് ഇന്ത്യ കൊണ്ടുനടക്കുന്ന പ്രബലമായ ഹിന്ദുത്വ, ഹൈന്ദവ മൂല്യബോധത്താല്‍ ഒഴിവാക്കപ്പെടുകയോ അക്രമിക്കപ്പെടുകയോ ചെയ്യുന്ന വിഭാഗത്തെ, യാതൊരു അകാശവും അതുവരെ ലഭിക്കാത്തവരെ പ്രത്യേകമായി പരിഗണിച്ച് അവര്‍ക്ക് പ്രാതിനിധ്യം കൊടുക്കണം.

1930, 31, 32 കാലഘട്ടത്തില്‍ മൂന്ന് വട്ടമേശ സമ്മേളനം നടക്കുന്നുണ്ട്. ഈ വട്ടമേശസമ്മേളനമൊന്നും ഇന്ത്യയിലെ സുപ്രധാന ചരിത്രകാരന്മാര്‍ക്ക് പ്രാധാന്യമുള്ള കാര്യമേ ആയിരുന്നില്ല. ഇതിലെ പ്രധാന അജണ്ട എന്തെന്നാല്‍ ഇന്ത്യയ്ക്ക് ബ്രിട്ടന്‍ അധികാരം കൈമാറുമ്പോള്‍ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെയും സാമുദായിക ന്യൂനപക്ഷങ്ങളുടെയും പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിക്കണമെന്ന ദീര്‍ഘമായ ചര്‍ച്ചയായിരുന്നു ലണ്ടനില്‍ നടന്നത്. മുസ്ലിംകളുടെയും ദളിതരുടെയും സിക്കുകാരുടെയും കോണ്‍ഗ്രസിന്റെയുമൊക്കെ പ്രതിനിധികള്‍ ലണ്ടനില്‍ നടന്ന വട്ടമേശസമ്മേളനത്തില്‍ ഉണ്ടായിരുന്നു. സുദീര്‍ഘമായ ചര്‍ച്ചയായിരുന്നു അരങ്ങേറിയത്.

ആധുനിക ഇന്ത്യ രൂപപ്പെടുമ്പോള്‍ പുതിയ ഇന്ത്യക്കകത്ത് മതന്യൂനപക്ഷത്തിന്റെ, ദളിതരുടെ അവസ്ഥ എന്തായിരിക്കണം എന്നതായിരുന്നു അവിടെ ചര്‍ച്ച ചെയ്ത മുഖ്യവിഷയം. ഇന്ന് നാം ചര്‍ച്ച ചെയ്യുന്ന സംവരണത്തിന്റെ തുടക്കം അവിടെനിന്നായിരുന്നു. നിരന്തരചര്‍ച്ചയെത്തുടര്‍ന്ന് ഡോ. ബി ആര്‍ അംബേദ്ക്കര്‍ ഒരു നിലപാട് മുന്നോട്ടുവെച്ചു. ഇന്ത്യയിലെ അയിത്ത ജാതിക്കാര്‍ക്ക് അവരുടെ പ്രതിനിധികളെ സ്വയം തെരഞ്ഞെടുക്കാനുള്ള അവകാശം വേണം. എല്ലാവരും കൂടി തെരഞ്ഞെടുത്താല്‍ അവരുടെ അവകാശം ശരിയാംവണ്ണം പൂര്‍ത്തീകരിക്കാന്‍ പറ്റില്ല.

സമൂഹത്തിന്റെ പുറത്ത് കാലങ്ങളായി വസിക്കുന്നവര്‍. ‘ഗ്രാമത്തിന്‍ പുറത്തെങ്ങോ വസിക്കുന്ന…’ എന്ന് കുമാരനാശാന്‍ എഴുതിയതുപോലെ സമൂഹത്തില്‍നിന്ന് തന്നെ പുറത്താക്കപ്പെട്ട അയിത്തജാതിക്കാരെ ഉന്നതിയിലേക്ക് നയിക്കാന്‍ അവര്‍ക്ക് തന്നെയാണ് അധികാരം കൊടുക്കേണ്ടത്. ‘സെപ്പറേറ്റ് ഇലക്ടറേറ്റ്’ എന്നാണ് അതിന് പറയുന്നത്. ആ തത്വത്തെ ബ്രിട്ടന്‍ അംഗീകരിച്ചു. അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി മക്ഡൊനാള്‍ഡ് ഒരു അവാര്‍ഡ്(കമ്യൂണല്‍ അവാര്‍ഡ്) പ്രഖ്യാപിച്ചു. ഒരു പൊതുപ്രതിനിധിയെ തിരഞ്ഞെടുക്കാനും അവരുടെ പ്രതിനിധിയെ തിരഞ്ഞെടുക്കാനും രണ്ട് വോട്ട് അയിത്തജാതിക്കാര്‍ക്ക് അനുവദിക്കുന്നതായിരുന്നു അത്.

ഒരു പട്ടികജാതിക്കാരനെ തിരഞ്ഞെടുക്കുമ്പോള്‍ മറ്റുള്ളവരുടെ വോട്ട് കൗണ്ടബിളല്ല. മറ്റുള്ളവരാരും അതില്‍ ഇടപടേണ്ടതില്ല എന്നാണതിനര്‍ത്ഥം. അങ്ങനെയല്ലെങ്കില്‍ ഈ അവകാശസംരക്ഷണം അസാധ്യമായിരിക്കും എന്ന് 1932ല്‍ ആണ് അംബേദ്ക്കര്‍ പറയുന്നത്. ഇന്ന് ഇന്ത്യന്‍ പാര്‍ലിമെന്റിലേക്കും കേരള നിമയസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ട പട്ടികജാതി പട്ടികവര്‍ഗ എം.പി മാരുടെയും എം.എല്‍.എമാരുടെയും സ്ഥിതി നമുക്ക് വസ്തുതാപരമായി പരിശോധിച്ചാല്‍ അംബേദ്ക്കര്‍ എത്ര ദീര്‍ഘദര്‍ശനം ചെയ്ത കാര്യമാണിപ്പോള്‍ നടക്കുന്നത് എന്ന് മനസ്സിലാകും.

പാര്‍ലമെന്റില്‍ സംവരണം അട്ടിമറിക്കുന്ന നിയമം പാസാക്കുമ്പോള്‍ ഹൈദരാബാദില്‍നിന്നുള്ള പാര്‍ലമെന്റ് അംഗം ഒവൈസി പ്രസംഗിക്കുന്നുണ്ട്. ”നിങ്ങള്‍ അംബേദ്ക്കറെ ചതിക്കുകയാണ്, ഭരണഘടനയുടെ മൂല്യങ്ങളെ അട്ടിമറിക്കുകയാണ്…” ഈ സമയത്ത് ആലത്തൂര്‍ എം.പിയായ പി.കെ ബിജു മൗനിയായി അവിടെ ഇരിക്കുന്നത് കാണാം. എന്തുകൊണ്ടാണ് അയാള്‍ക്കങ്ങനെ മൗനിയായി ഇരിക്കാന്‍ കഴിയുന്നത്. ബിജു മിണ്ടില്ല. ഇതുതന്നെയാണ് അംബേദ്ക്കര്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ പാര്‍ട്ടിയായ സി.പി.എമ്മിന്റെ അനുമതി കിട്ടണം ഈ വിഷയത്തില്‍ എന്തെങ്കിലും പറയാന്‍. ഇതൊരു ട്രാപ്പാണെന്ന് അന്നേ അംബേദ്ക്കര്‍ക്ക് അറിയാമായിരുന്നു. അതാണ് അയിത്തജാതിക്കാരെ തിരഞ്ഞെടുക്കാന്‍ അവര്‍ക്ക് തന്നെ അവകാശം കൊടുക്കണമെന്ന് പറഞ്ഞത്.

എന്നാല്‍ ഈ നിലപാടിനെ ബ്രിട്ടണ്‍ അംഗീകരിച്ചെങ്കിലും മഹാത്മാഗാന്ധി ഇതിനെ എതിര്‍ക്കുകയാണുണ്ടായത്. അദ്ദേഹം ഈ നിലപാടില്‍ പ്രതിഷേധിച്ച് ഏര്‍വാഡാ ജയിലില്‍ നിരാഹാരം കിടന്നു. ഈ ക്കാര്യം നടപ്പിലായാല്‍ ഹിന്ദുമതം പിളരും എന്നാണ് ഗാന്ധിയുടെ നിലപാട്. ഹിന്ദുമതം പിളരുന്നത് കാണാന്‍ എനിക്കാകില്ല എന്നും അദ്ദേഹം പറഞ്ഞു. അന്നത് പറയുമ്പോള്‍ ഗാന്ധി കാണാതെ പോയ ഒരു സത്യമുണ്ട്. ഹിന്ദുമതം എന്ന ഗാന്ധി വിഭാവനം ചെയ്ത മതം നൂറ്റാണ്ടുകളായിത്തന്നെ പിളര്‍ന്നുകഴിഞ്ഞതാണെന്ന വസ്തുതയാണത്. ഈ അയിത്തജാതിക്കാരൊന്നും ഹിന്ദുമതത്തിന്റെ ഭാഗമായിരുന്നില്ല എന്ന് അംബേദ്ക്കര്‍ പറയുന്നുണ്ട്.

രണ്ടാം ദിവസം ഹിന്ദു മഹാസഭക്കാര്‍ അംബേദ്ക്കറെ സമീപിക്കുന്നു, ഗാന്ധി നിരാഹാരത്തിലാണ് താങ്കള്‍ നിലപാടില്‍ അയവ് വരുത്തണം എന്നാവശ്യപ്പെട്ട്. നിങ്ങളെന്നെ എന്റെ വീട്ടിന് മുന്നിലെ വിളക്കുകാലില്‍ കെട്ടിത്തൂക്കി കൊന്നാലും എന്റെ ജനതയുടെ അവകാശം കൈയൊഴിയാല്‍ തയ്യാറല്ല എന്നാണ് അതിന് അംബേദ്ക്കര്‍ മറുപടി നല്‍കിയത്. അതോടെ വിഷയം വലിയ പ്രശ്നത്തിലേക്ക് കടക്കുമെന്നായി. ഒന്നും രണ്ടും മൂന്നും ദിവസം കഴിഞ്ഞിട്ടും അംബേദ്ക്കര്‍ പിന്‍വാങ്ങാന്‍ തയ്യാറായില്ല. ഇന്ത്യ ഇളകിമറിയാന്‍ തുടങ്ങി. ഗാന്ധി നിരാഹാരത്തിലായതിനാല്‍ ഇന്ത്യയില്‍ ഈ വിഷയത്തില്‍ വലിയ കലാപം വരെ ഉണ്ടായേക്കുമെന്ന് മനസ്സിലാക്കിയ അംബേദ്ക്കര്‍ നാലാമത്തെ ദിവസം ഗാന്ധിയെ കാണാന്‍ പോകുന്നു. ഗാന്ധി അംബേദ്ക്കറെ ബ്ലാക്ക്മെയില്‍ ചെയ്യുകയായിരുന്നു.

ഗാന്ധി സ്വന്തം ജീവന്‍വെച്ചാണ് ഈ വിഷയത്തില്‍ ഇടപെടുന്നത്. അയിത്തജാതിക്കാരുടെ അവകാശത്തെ അട്ടിമറിക്കുക എന്നതാണ് ഗാന്ധിയുടെ നിലപാട് എന്ന് വ്യക്തമായ അഭിപ്രായമുള്ളയാളായിരുന്നു അംബേദ്ക്കര്‍. എന്നാലും അദ്ദേഹം ഗാന്ധിയുമായി ഏര്‍വാഡ ജയിലില്‍വെച്ച് സംസാരിക്കാന്‍ തയ്യാറായി. ഒത്തുതീര്‍പ്പിന് നിര്‍ബന്ധിക്കപ്പെടുന്നു. ജയിലില്‍വെച്ച് ഹിന്ദുമഹാസഭാപ്രതിനിധികളും അംബേദ്ക്കറും തമ്മില്‍ ഒരു ഒത്തുതീര്‍പ്പിലെത്തുന്നു, ധാരണാപത്രത്തില്‍ ഒപ്പുവെക്കുന്നു. ഇതാണ് 1932 സെപ്തംബര്‍ 24ലെ പൂനാ കരാര്‍, പൂനാപാക്ട്. അയിത്തജാതിക്കാര്‍ക്ക് സ്വന്തം പ്രതിനിധികളെ തിരഞ്ഞെടുക്കാനുള്ള പ്രത്യേക അവകാശം ഇല്ല എന്നതാണ് കരാറിന്റെ ഉള്ളടക്കം. എല്ലാവരും കൂടി തിരഞ്ഞെടുക്കും. അന്ന് 89 ഓ 90ഓ ആയിരുന്നു സീറ്റ് ഉണ്ടായിരുന്നത്. അത് 140 സീറ്റുകളിലേക്ക് വര്‍ധിപ്പിച്ചു. ഗുണമില്ലെങ്കിലും സീറ്റ് കൂടുതല്‍ കൊടുക്കാമല്ലോ. അതായിരുന്നിരിക്കും ഗാന്ധിയുടെ ചിന്ത.

ഈ ധാരണാപത്രത്തില്‍ ഒപ്പിട്ടശേഷം പുറത്തിറങ്ങിയ ശേഷം അംബേദ്ക്കര്‍ ഇങ്ങനെയാണ് പ്രതികരിച്ചത്. ”കമ്യൂണല്‍ അവാര്‍ഡിന്റെ സത്ത മുഴുവന്‍ ഊറ്റിക്കുടിച്ചശേഷം അതിന്റെ ചണ്ടിമാത്രം എന്റെ മുഖത്തേക്ക് അവര്‍ വലിച്ചെറിഞ്ഞിരിക്കുന്നു”. അതായത് ഇപ്പോള്‍ കാണുന്ന സംവരണം അംബേദ്ക്കറുടെ കണ്ടുപിടുത്തമൊന്നുമല്ല. അംബേദ്ക്കര്‍ക്ക് പ്രാതിനിധ്യത്തെക്കുറിച്ച് വേറിട്ട സങ്കല്‍പ്പമായിരുന്നു ഉണ്ടായിരുന്നത്. 1932ലെ ധാരണപത്രമാണ് നമ്മളിന്നീ കാണുന്ന സംവരണത്തിന്റെ അടിസ്ഥാനശില. ഇത് രൂപപ്പെട്ടത് എങ്ങനെയാണെന്നാണ് ഞാന്‍ പറയാന്‍ ശ്രമിക്കുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ഒട്ടും താല്‍പര്യമില്ലാതിരുന്ന ഒരു സാമൂഹ്യ പരിഷ്‌കരണമാണിത്. അതവര്‍ പിന്നീട് ഏറ്റെടുക്കുകയായിരുന്നു.

1893ല്‍ പൂനയില്‍ എ.ഐ.സി.സി സമ്മേളനം നടക്കുമ്പോള്‍ രണ്ട് വിഭാഗമുണ്ടായിരുന്നു. ഒന്ന് പൊളിറ്റിക്കല്‍ കോണ്‍ഫറന്‍സ് രണ്ടാമത്തേത് സോഷ്യല്‍ കോണ്‍ഫറന്‍സ്. പൊളിറ്റിക്കല്‍ കോണ്‍ഫറന്‍സ് വിഭാഗം ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം വാങ്ങിയെടുക്കുന്നതിനെക്കുറിച്ചാണ് ചര്‍ച്ച ചെയ്തതെങ്കില്‍ സോഷ്യല്‍ കോണ്‍ഫറന്‍സ് ചെയ്തത് സാമൂഹ്യ പരിഷ്‌കരണത്തെക്കുറിച്ചുള്ള ചര്‍ച്ചയായിരുന്നു. തിലകനാണ് അന്ന് കോണ്‍ഗ്രസിന്റെ പ്രധാന നേതാവ്. എ.ഐ.സിസി നേതാക്കളോട് അന്ന് അദ്ദേഹം പറഞ്ഞത് ‘ഈ സംഘടനയെ സാമൂഹ്യ പരിഷ്‌കരണവാദികള്‍ക്ക് വിട്ടുകൊടുത്താല്‍ എ.ഐ.സി.സി ചേരുന്ന ഈ പന്തല്‍ ഞാന്‍ കത്തിച്ചുകളയു’മെന്നാണ്. അതായത് നേഷണല്‍ കോണ്‍ഗ്രസ് കൈയൊഴിഞ്ഞ കാര്യമായിരുന്നു സാമൂഹ്യ പരിഷ്‌കരണം എന്ന് ചുരുക്കം. ആ സാമൂഹ്യപ്രസ്ഥാനത്തെ ഏറ്റെടുത്ത ധാര ദേശീയപ്രസ്ഥാനത്തോട് നേരിട്ട് ഏറ്റുമുട്ടുക മാത്രമല്ല, മഹാത്മാ ഗാന്ധിയോട് പോലും മുഖാമുഖം നിന്നു പോരടിച്ചിട്ടുണ്ട്.

വട്ടമേശ സമ്മേളനങ്ങളില്‍ അംബേദ്ക്കറുടെ നിലപാടുകളെ പരാജയപ്പെടുത്താന്‍ മഹാത്മാഗാന്ധി അന്നത്തെ മുസ്ലിം പ്രതിനിധികളുമായി സംസാരിക്കുന്നുണ്ട്. ‘നിങ്ങള്‍ പറയുന്ന എല്ലാം കാര്യവും ഞാന്‍ അംഗീകരിച്ചുതരാം. പക്ഷേ അംബേദ്ക്കറെ നമുക്ക് പരാജയപ്പെടുത്തണം’ എന്ന് ഗാന്ധി ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ മുസ്ലിം പ്രതിനിധികള്‍ അത് പറ്റില്ലെന്ന് ഉറപ്പിച്ചു പറയുകയായിരുന്നു. ദേശീയപ്രസ്ഥാനവുമായും മഹാത്മാവുമായും മുഖാമുഖം നിന്നുകൊണ്ടും ബലാബലത്തില്‍ ഇടപെട്ടുകൊണ്ടുമാണ് ഇന്ന് നാം ചര്‍ച്ച ചെയ്യുന്ന ഒരുപക്ഷേ രാഷ്ട്രീയപരമായി വലിയ ഗുണവുമില്ലാത്ത, കുറച്ച് പ്രതിനിധികളെ എത്തിക്കാനെങ്കിലും കഴിയുന്ന സംവരണം രൂപംകൊണ്ടത്. ഈ തത്വമാണ് ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്‍ച്ചേര്‍ന്നത്. ഭരണഘടയിലെ 15,16 വകുപ്പുകളിലാണ് സംവരണത്തിന്റെ തത്വമുള്ളത്.

സംവരണത്തിന്റെ ഉള്ളടക്കത്തെ സംബന്ധിച്ചാണ് ഗാന്ധിയും അംബേദ്ക്കറും തമ്മില്‍ തര്‍ക്കമുണ്ടായതെങ്കിലും പ്രാതിനിധ്യം കൊടുക്കണമെന്ന കാര്യത്തെ ഗാന്ധി എതിര്‍ത്തിരുന്നില്ല. അതാണ് ഭരണഘടനയില്‍ ഇത് ചേര്‍ക്കാനിടയായത്. ഈ വകുപ്പുകളാണ് ഇപ്പോള്‍ 103-ാം ഭേദഗതിയിലൂടെ മാറ്റിയത്. യഥാര്‍ത്ഥ ഭരണഘടനയില്‍ പറയുന്ന ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. 15-ാം വകുപ്പില്‍ പറയുന്നത്, ഇന്ത്യയില്‍ ഏതെങ്കിലും സംസ്ഥാനത്തില്‍ ഏതെങ്കിലും ഒരു ജനവിഭാഗം സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്നതായി സ്റ്റേറ്റിന് ബോധ്യപ്പെട്ടാല്‍ അവര്‍ക്ക് സംവരണം നല്‍കാം, പ്രത്യേകം ക്വാട്ട നല്‍കാവുന്നതാണ് എന്നാണ്.
16-ാമത്തെ വകുപ്പില്‍ പറയുന്നത് സര്‍ക്കാര്‍ നിയന്ത്രണമുള്ള ഏതെങ്കിലും മേഖലയില്‍ ഏതെങ്കിലും വിഭാഗത്തിന് മതിയായ പ്രാതിനിധ്യം ഇല്ലായെന്ന് കണ്ടാന്‍ അവര്‍ക്ക് റിസര്‍വേഷന്‍ കൊടുക്കാം. ഇതില്‍ എവിടെയും സാമ്പത്തികമായി പിന്നാക്കം എന്ന് പറയുന്നില്ല. അതിന് ചരിത്രപരമായ കാരണമുണ്ട്. ഈ സംവരണം രൂപപ്പെട്ടത് ഏതെങ്കിലും പാവപ്പെട്ടവരായ മനുഷ്യരോ തൊഴിലാളിസംഘടനകളോ കര്‍ഷകതൊഴിലാളികളോ നടത്തിയ സമരത്തിലൂടെയല്ല എന്നതിനാലാണ്. മറിച്ച് ഇന്ത്യയിലെ അയിത്തജാതിക്കാര്‍ നടത്തിയ സമരത്തെത്തുടര്‍ന്നായിരുന്നു ഇത് രൂപംകൊണ്ടത്. ഈ ചരിത്രപരമായ വെളിവ് നമുക്കോരോരുത്തര്‍ക്കും ഉണ്ടാകേണ്ടതുണ്ട്.

പാവപ്പെട്ടവരുടെ പ്രക്ഷോഭങ്ങള്‍ ചരിത്രത്തില്‍ നിരവധി ഉണ്ടായിട്ടുണ്ട്. എന്നാല്‍ സംവരണം വരുന്നതിന് പിന്നില്‍ വര്‍ത്തിച്ച ബലതന്ത്രം അതൊന്നുമായിരുന്നില്ല. അതുകൊണ്ടുതന്നെ എക്കണോമിക്ക് എന്ന ക്രൈറ്റീരിയ 15,16 വകുപ്പുകളില്‍ എവിടെയും ഉള്‍പ്പെടുത്തിയതുമില്ല. ഏതെങ്കിലും സാമൂഹ്യവിഭാഗങ്ങള്‍ക്ക് (സാമ്പത്തികവര്‍ഗത്തിനല്ല)മതിയായ പ്രാതിനിധ്യം കിട്ടുന്നില്ല എന്ന് കണ്ടാല്‍ അവര്‍ക്ക് പ്രാതിനിധ്യം ഉറപ്പുവരുത്തി എല്ലാവരുടെയും ഒരു സ്ഥലമായി നമ്മുടെ പൊതുമണ്ഡലത്തെ മാറ്റിത്തീര്‍ക്കലാണ് സംവരണത്തിന്റെ ലക്ഷ്യം.

പൊതുമണ്ഡലത്തില്‍ അത് സര്‍ക്കാര്‍ സര്‍വീസിലോ വിദ്യാഭ്യസവിഭാഗത്തിലോ ഒക്കെ ഇത്തരം അയിത്തജാതിക്കാര്‍ക്ക് പ്രാതിനിധ്യം ഉറപ്പുവരുത്തുക എന്നതാണ്. അങ്ങനെ ഇവര്‍ക്ക് എല്ലാവര്‍ക്കും പങ്കാളിത്തം കൊടുത്താല്‍ വിപ്ലവം നടക്കുമോ എന്നാണ് ചിലര്‍ ചോദിക്കുന്നത്. വിപ്ലവം നടത്താനുള്ള പദ്ധതിയൊന്നുമല്ല സംവരണം. സ്വാഭാവികമായി നീതി ലഭിക്കാതെ പോയ ഒരു വിഭാഗത്തിന് നീതി ഉറപ്പ് വരുത്തുന്ന ഭരണഘടനാ സംവിധാനമായാണ് സംവരണം ചരിത്രത്തില്‍ രൂപപ്പെട്ടുവന്നതും ഇന്ത്യന്‍ ഭരണഘടനയില്‍ ഇടംപിടിച്ചതും. ഇതിനകത്ത് സാമ്പത്തികം ഒരു മാനദണ്ഡമാകാതിരുന്നത് ഇന്ത്യയിലെ വിവേചനത്തിന്റെ കേന്ദ്രപരിസരം സാമൂഹികമാണ്, ജാതിയാണ് എന്നതിനാലാണ്. അല്ലാതെ വിവേചനത്തിന്റെ കാരണം സാമ്പത്തികമായിരുന്നില്ല. അതുവരെ സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് സമ്പത്തുണ്ടായാല്‍പോലും അവരുടെ മേലുള്ള വിവേചനം അവസാനിക്കുന്നില്ല എന്നതാണ് ഇന്ത്യയുടെ അനുഭവം. ഈ പശ്ചാത്തലത്തില്‍ വേണം സംവരണത്തിന്റെ തത്വത്തെ മനസ്സിലാക്കാന്‍.

സംവരണം നിയമമായതിനുശേഷം സാമ്പത്തികമായിരിക്കണം അതിന്റെ മാനദണ്ഡം എന്ന തിരുത്ത് ഉന്നയിച്ചുകൊണ്ട് ചര്‍ച്ച ഉയര്‍ന്നുവന്നിരുന്നു. അതില്‍ പ്രധാന ഇടപെടല്‍ നടത്തിയത് ഇ.എം ശങ്കരനന്‍ നമ്പൂതിരിപ്പാട് ആയിരുന്നു. കേരളത്തിലെ ആദ്യമന്ത്രിസഭയുടെ കാലത്ത് അദ്ദേഹം മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ആമുഖത്തിലാണ് ഇ.എം.എസ് ഇതുസംബന്ധിച്ച കാര്യം ഉന്നയിച്ചത്. ‘സംവരണം ഘട്ടംഘട്ടമായി സാമ്പത്തിക മാനദണ്ഡത്തിലേക്ക് മാറ്റേണ്ടതുണ്ട്’ എന്നാണ് അഭിപ്രായപ്പെട്ടത്. ഇന്ത്യയിലെ മറ്റ് മുഖ്യമന്ത്രിമാര്‍ക്ക് ഇക്കാര്യം ഉന്നയിച്ച് കത്ത് അയക്കുന്നുണ്ട്. കത്തില്‍ പറയുന്നത് ‘റിസര്‍വേഷന്‍ അഥവാ സംവരണം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം അങ്ങനെ ചെയ്തില്ലെങ്കില്‍ നമ്മുടെ മെറിറ്റ് തകര്‍ന്നുപോകും’ എന്നാണ്. ഇതില്‍ ഞാന്‍ അദ്ഭുതപ്പെടുന്നില്ല.

കോണ്‍ഗ്രസ് ആയാലും കമ്യൂണിസ്റ്റുകള്‍ ആയാലും ചരിത്രപരമായി അവര്‍ ഈ നിലപാട് തന്നെയാണ് എന്നും സ്വീകരിച്ചിരുന്നത്. ഇന്ത്യയിലെ ഏറ്റവും നല്ല കോണ്‍ഗ്രസുകാരനായി പരിഗണിക്കപ്പെടുന്ന സെക്യുലറായ, ലിബറലായ, ഡമോക്രാറ്റിക്കായ നെഹ്റുവിന്റെ നിലപാടും ഇതുതന്നെയായിരുന്നു. അദ്ദേഹവും സംവരണത്തിനെതിരായിരുന്നു. ഇന്ത്യയിലെ പാവപ്പെട്ടവരുടെ ദത്തുപുത്രന്‍ ആയിട്ടാണ് ഇ.എം.എസ് അറിയപ്പെടുന്നത്. ഇവരെല്ലാം സംവരണത്തിനെതിരായതിന് രണ്ട് കാരണങ്ങളുണ്ട്. പാവപ്പെട്ടവരോടുള്ള സ്നേഹം എന്ന മറയിലാണ് ഇ.എം.എസ് അങ്ങനെ നിലപാട് എടുത്തതെങ്കില്‍ നെഹ്റുവിന് സംവരണം വഴി മെറിറ്റ് അട്ടിമറിക്കപ്പെടുന്നു എന്ന ആകുലതയാണുണ്ടായത്.

മെറിറ്റ് എന്നത് സവര്‍ണന് മാത്രമുള്ള കാര്യമായിട്ടാണ് അദ്ദേഹത്തിന്റെ ബോധ്യം എന്നതാണ് ഞാന്‍ മനസിലാക്കിയത്. കീഴ്ത്തട്ടില്‍നിന്നുള്ള ആളുകള്‍ സംവരണത്തിലൂടെ ഭരണരംഗത്തേക്ക് കടന്നുവന്നാല്‍ നമ്മുടെ മെറിറ്റ് തകര്‍ന്നുപോകും എന്നാണ് അദ്ദേഹത്തിന്റെ ആകുലത. നെഹ്റു പറയാതെ പറഞ്ഞ കാര്യം മെറിറ്റില്ലാത്തവര്‍ക്ക് കൊടുക്കുന്നതാണ് കമ്യൂണിറ്റി റിസര്‍വേഷന്‍ എന്നതാണ്. അത് തെറ്റായ സങ്കല്‍പമാണ്. ഇതാണ് പരിശോധിക്കേണ്ടത്. മെറിറ്റ് തെളിയിച്ചാലും അവഗണിക്കപ്പെടുന്ന വിഭാഗത്തിന് നല്‍കുന്ന ഭരണഘടനാ സംരക്ഷണമാണ് സംവരണം. മെറിറ്റ് തെളിയിച്ചാലും അംഗീകരിക്കപ്പെടാത്ത, പ്രവേശനം കൊടുക്കാത്ത, പരിഗണിക്കപ്പെടില്ല എന്ന് കരുതുന്ന ജനതയുടെ ഭരണഘടനാ സംരക്ഷണ വ്യവസ്ഥയാണ് സംവരണം.

എം.ബി.ബി.എസിന് പരീക്ഷയൊക്കെ എഴുതിയിട്ട് തന്നെയാണ് ദളിതര്‍ക്കും പ്രവേശനം ലഭിക്കുന്നത്. എന്‍ട്രന്‍സ് ജയിച്ചിട്ടുതന്നെയാണവരും പ്രവേശനത്തിനെത്തുന്നത്. എന്നാല്‍ അവര്‍ക്ക് ചെറിയ മാര്‍ക്കിന്റെ കുറവുണ്ടാകുമ്പോള്‍ ഒരു കണ്‍സഷന്‍ കൊടുക്കുന്നുണ്ട്. അത്രമാത്രം. ദളിതര്‍ക്കും പിന്നാക്കക്കാര്‍ക്കും മാത്രം സംവരണം വന്നപ്പോള്‍ ചെറിയ മാര്‍ക്കിന്റെ കുറവുള്ളവര്‍ക്ക് പ്രവേശനം കൊടുക്കുമ്പോള്‍ വലിയ കോലാഹലം പലരും ഉന്നയിച്ചിരുന്നു. മാര്‍ക്ക്ദാനത്തിന്റെ കാര്യത്തിലെ മറ്റ് ചില ചരിത്രം പരിശോധിക്കുമ്പോള്‍ ഇത്തരം കോലാഹലങ്ങള്‍ക്ക് യാതൊരു പ്രസക്തിയുമില്ലെന്ന് കാണാം.

ബ്രിട്ടീഷ് ഇന്ത്യയിലെ ഏറ്റവും വലിയ പരീക്ഷയായിരുന്നു ഐ.സി.എസ്. ഐ.എ.എസിന് മുന്‍പ് ഐ.സി.എസ് ആയിരുന്നു. എത്രയോ വൈകിയാണ് ആദ്യമായി ഇന്ത്യക്കാര്‍ക്ക് ഈ പരീക്ഷ എഴുതാനുള്ള അവസരം ബ്രിട്ടീഷുകാര്‍ നല്‍കിയത്. അന്ന് ഒന്നും രണ്ടും തവണ പരീക്ഷ എഴുതിയ ഇന്ത്യക്കാര്‍ ആരുംതന്നെ മതിയായ മാര്‍ക്ക് കിട്ടാത്തതിനാല്‍ ജയിച്ചതേയില്ല. മൂന്നാംതവണയും ഇത് ആവര്‍ത്തിക്കുമെന്ന് കണ്ട ബ്രിട്ടന്‍ മാര്‍ക്കിന്റെ കാര്യത്തില്‍ ചില മാറ്റങ്ങള്‍ വരുത്തി. 40 മാര്‍ക്കാണ് അതുവരെ ജയിക്കാന്‍ വേണ്ടിയിരുന്ന മാര്‍ക്ക്. അത് 35 മാര്‍ക്ക് എന്നാക്കി മാറ്റി. ഇന്ത്യയിലെ മെറിറ്റോറിയസ് വിഭാഗം എന്ന് നെഹ്റു കരുതുന്ന ബ്രാഹ്മണരാണ് അന്ന് പരീക്ഷ എഴുതിയതെന്ന് ഓര്‍ക്കണം. അത്തരം മനുഷ്യര്‍ക്ക് പരീക്ഷ ജയിക്കാന്‍ കഴിഞ്ഞത് മാര്‍ക്കിന്റെ കാര്യത്തില്‍ ബ്രിട്ടീഷുകാര്‍ ഈ കണ്‍സഷന്‍ അനുവദിച്ചതിനുശേഷമാണ്.

അങ്ങനെയാണ് ആദ്യമായി ഇന്ത്യക്കാരനില്‍നിന്ന് ഒരു ഐ.സി.എസ് കാരന്‍ ഉണ്ടായത് എന്ന ചരിത്രം ആരും മറക്കേണ്ടതില്ല. കേരളത്തിലെ ഏറ്റവും വലിയ മെറിറ്റ്വാദികള്‍ സവര്‍ണര്‍ എന്ന് സ്വയം വിചാരിക്കുന്ന ശൂദ്രരും സിറിയാനിക്രിസ്ത്യാനികളും ഓര്‍ക്കേണ്ട മറ്റൊരു ചരിത്രമുണ്ട്. കേരളത്തിലെ നായര്‍വിഭാഗം മലയാളിമെമ്മോറിയലിലേക്ക് വരുന്ന സമയത്ത് ഒരു ബ്രാഹ്മണന്‍ നായന്മാരെ വെല്ലുവിളിക്കുന്നുണ്ട്. അദ്ദേഹം പറയുന്നുണ്ട്, ‘നായന്മാരെ നിങ്ങള്‍ ഇവിടെ കിടന്ന് ബഹളമൊന്നും ഉണ്ടാക്കേണ്ടതില്ല. നിങ്ങള്‍ മദ്രാസില്‍ പോയി അവിടുന്ന് ബി.എ പഠിച്ച് പാസായാല്‍ ഞാനെന്റെ മീശ വടിക്കും’ എന്ന്. എല്ലാ കാലത്തും ഉന്നതരെന്ന് കരുതുന്ന വിഭാഗത്തിന്റെ അധമധാരണയാണ് തങ്ങള്‍ക്ക് താഴെയുള്ളവര്‍ക്ക് ബുദ്ധിയും വിവരവുമൊന്നും ഉണ്ടാകില്ല എന്നത്.

ജാതിവ്യവസ്ഥയ്ക്കകത്ത് നിലനില്‍ക്കുന്ന പ്രധാനകാര്യമാണിത്. കീഴ്വിഭാഗത്തിന് ബുദ്ധിയില്ല, ശുദ്ധിയില്ല, വിവരമില്ല, വൃത്തിയില്ല…എന്നത്. കീഴാളര്‍ എത്രമാത്രം സാമര്‍ത്ഥ്യം പ്രകടിപ്പിച്ചാലും അവരെവിടെ ജയിച്ചുകയറിയാലും അത് അംഗീകരിച്ചുകൊടുക്കാന്‍ കൂട്ടാക്കാത്ത ജാതീയമായ പൊതുബോധം എല്ലാ കാലത്തുമുണ്ടായിട്ടുണ്ട്. ഇതാണ് സംവരണ വിരുദ്ധത. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അതായത് സംവരണവിരുദ്ധതയുടെ വേര് കിടക്കുന്നത് ആര്‍.എസ്.എസിലല്ലെന്ന് ചുരുക്കം. ആര്‍.എസ്.എസ് സംവരണവിരുദ്ധര്‍തന്നെയാണ്. എന്നാല്‍ അവര്‍മാത്രമല്ല ഇതിന്റെ ഉപജ്ഞാതാക്കള്‍ എന്ന് നാം മനസിലാക്കണം. നെഹ്റുവും ഇ.എം.എസുമെല്ലാം സംവരണത്തിനെതിരായിരുന്നു.

അവര്‍ കാര്യങ്ങളെ മനസ്സിലാക്കിയതും ഇതേരീതിയില്‍ത്തന്നെയാണ്. അവര്‍ ഞാനീ പറയുന്ന തരത്തിലല്ല സംവരണത്തെ മനസ്സിലാക്കിയത്. ഇന്ത്യയുടെ ദേശീയ സ്വാതന്ത്ര്യ സമരചരിത്രത്തെക്കുറിച്ച് ഇ.എം.എസ് എഴുതിയ പുസ്തകത്തില്‍ അംബേത്ക്കറെ ബ്രിട്ടീഷ് ചാരനെന്നാണ് മുദ്ര കുത്തിയത്. അങ്ങനെ ചരിത്രത്തെ മനസിലാക്കിയ ഒരാള്‍ക്ക് സംവരണം എന്തെന്ന് പിടികിട്ടാന്‍ ഒരു സാധ്യതയും ഞാന്‍ കാണുന്നില്ല. അവിടെമാത്രം തീരുന്നില്ല പ്രശ്നം. പിന്നീട് മണ്ഡല്‍കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയപ്പോഴും വലിയ പ്രക്ഷോഭങ്ങള്‍ അതിനെതിരെ ഉയര്‍ന്നു. വലിയ സന്നിഗ്ധതകള്‍ അന്നുണ്ടായിരുന്നു. ദിനേശ് ഗോസ്വാമി എന്നയാള്‍ അതിനെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി ആത്മാഹുതി ചെയ്തു. ഈ പശ്ചാത്തലത്തില്‍ ഈ സമരങ്ങളെക്കുറിച്ച് പി.യു.സിഎല്‍ നേതാവും മനുഷ്യാവകാശപ്രവര്‍ത്തകനും മാധ്യമപ്രവര്‍ത്തകനുമായിരുന്ന ബാലഗോപാല്‍ അഭിപ്രായം പറഞ്ഞിരുന്നു. ‘തെരുവില്‍ പലരും സംവരണത്തിനെതിരെ പട നയിക്കുമ്പോള്‍ അവരുടെ അച്ഛന്മാര്‍ ന്യൂസ് റൂമുകളിലിരുന്ന് എഡിറ്റോറിയലുകള്‍ എഴുതുകയായിരുന്നു’ എന്നാണ് പറഞ്ഞത്.

ചെറിയ നിരീക്ഷണമായിരുന്നില്ല അത്. ഒരു നേതാവും ഇല്ലാതെ ഒരു സംഘടനയുമില്ലാതെ ഇന്ത്യന്‍ യൂണിവേഴ്സിറ്റികളില്‍ എങ്ങനെ ഇത്ര ശക്തമായ സമരം അരങ്ങേറി എന്ന ചോദ്യം നമുക്ക് മുന്നിലുണ്ട്. ഡല്‍ഹിയിലെ എയിംസിന്റെ പരിസരത്ത് സമരം നടത്താന്‍ പാടില്ല എന്നാണ് നിയമം. പക്ഷേ സംവരവണവിരുദ്ധ പ്രക്ഷോഭം അവിടെ നിറഞ്ഞുകവിഞ്ഞിരുന്നു. മണ്ഡല്‍ കമ്മീഷന്‍ റിപ്പാര്‍ട്ടിനെതിരെ എയിംസിന്റെ ഉള്ളില്‍ പന്തല്‍ കെട്ടിയാണ് ദിവസങ്ങളോളം സമരം നടന്നതെന്നോര്‍ക്കണം. ആരാണ് ഇതിന് അനുവാദം കൊടുത്തത്? അന്ന് ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ വിളിച്ച മുദ്രാവാക്യം ഇതാണ്. ‘വീ ഡോണ്‍ഡ് വാണ്‍ഡ് ജോബ്്ലസ് ഹസ്ബന്‍സ്.’ ജോലിയില്ലാത്ത ഭര്‍ത്താക്കന്മാര്‍ ഞങ്ങള്‍ക്ക് വേണ്ട എന്നതിന്റെ അര്‍ത്ഥമെന്താണ്. പിന്നാക്കക്കാരും പട്ടികജാതിക്കാരുമെല്ലാം ജോലി കവര്‍ന്നുകൊണ്ടുപോകും അവരുടെ കുട്ടികളെല്ലാം ജോലിയില്ലാത്തവരാകും എന്നാണതിനര്‍ത്ഥം. അവരെ ഞങ്ങള്‍ക്ക് വേണ്ട എന്നാണ് പറയുന്നത്.

എന്നാല്‍ ഇതിന് ഒരു മറുചോദ്യമുണ്ട്. ജോലിയുള്ളവരായി പിന്നാക്കക്കാരുണ്ടാകുമല്ലോ. അവരെ കല്യാണം കഴിക്കാമല്ലോ. ജോലിയുള്ള ദളിതരായ ഐ.എ.എസുകാരെയും ഐ.പി.എസുകാരെയും കെട്ടിയാല്‍ പോരെ. അതെന്താ അത് പറ്റില്ലേ? അത് പറ്റില്ല. ഇവിടെയാണ് ജാതി പ്രവര്‍ത്തിക്കുന്നത്. അവരുടെ ജാതിയിലുള്ളവര്‍തന്നെ ജോലി നേടി അവരെ കെട്ടിക്കോളണമെന്നാണ് ആവശ്യം. നമ്മുടെ വിദ്യാസമ്പന്നരുടെ മനസ്സില്‍ അത്ര ഭീകരമായാണ് ജാതി പ്രവര്‍ത്തിക്കുന്നത്. അന്ന് രൂപപ്പെട്ട സംവരണവിരുദ്ധ പ്രക്ഷോഭങ്ങളിലൂടെയാണ് നമ്മളിന്ന് കാണുന്ന സംവരണവിരുദ്ധമായ ഒരു പൊതുസമവായം ഇന്ത്യന്‍ പാര്‍ലിമെന്റില്‍ ശക്തിപ്പെട്ടുവന്നത്. കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും ബി.ജെ.പിക്കാരും സംവരണത്തിനെതിരായി ഒന്നിച്ചുനിന്നതില്‍ ഒരു അത്ഭുതവുമില്ല. അവരാ സ്റ്റാന്റില്‍ത്തന്നെ നേരത്തെ നിന്നവരാണ്. ബി.എസ്.പിയും ഇതേ നിലപാട് സ്വീകരിച്ചല്ലോ എന്നാണ് അടുത്ത ചോദ്യം. കാന്‍ഷിറാം ബി.എസ്.പി ഉണ്ടാക്കുമ്പോഴുള്ള അവസ്ഥയല്ല ഇപ്പോഴുള്ളത്. ഇപ്പോള്‍ ബി.എസ്.പി എന്നത് സര്‍വസമാജമാണ്. എല്ലാ ജാതിമതക്കാരും ഉണ്ടതില്‍. മാത്രമല്ല അതിന്റെ ജനറല്‍ സെക്രട്ടറി സതീഷ്ചന്ദ്ര മിശ്രയാണ്. അദ്ദേഹമൊരു ബ്രാഹ്മണനാണ്. പിന്നെ അവര്‍ ഈ നിലപാട് സ്വീകരിക്കുന്നതില്‍ അദ്ഭുതമുണ്ടോ.

സാമൂഹിക പരിഷ്‌കരണത്തിലൂന്നിക്കൊണ്ട് കൊണ്ടുവന്ന സംവരണമെന്ന തത്വത്തെ അട്ടിമറിക്കാന്‍ ഇന്ത്യയിലെ ദേശീയപ്രസ്ഥാനവും കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഹിന്ദുത്വ പാര്‍ട്ടിയും ഒന്നിച്ചുനിന്നത് എന്തിനാണ് എന്നാണ് പരിശോധിക്കേണ്ടത്. കോണ്‍ഗ്രസ് 1893ല്‍ത്തന്നെ സാമൂഹിക പരിഷ്‌കരണം ഉപേക്ഷിച്ചിരുന്നു. ഗാന്ധിജി മാത്രമാണ് പിന്നെയും ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. സീരിയസായി കോണ്‍ഗ്രസ് ഈ വിഷയം ഏറ്റെടുത്തിരുന്നില്ല. കമ്യൂണിസ്റ്റുകാരെ സംബന്ധിച്ച് പരിഷ്‌കരണം എന്ന വാക്കുപോലും അവര്‍ക്ക് അലര്‍ജിയായിരുന്നു. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാരണം അവര്‍ക്ക് മുന്നില്‍ വിപ്ലവം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവര്‍ മറ്റൊരു ലോകത്താണ് ജീവിച്ചത്.

ഭരണഘടന ഉണ്ടാക്കുന്ന സമയത്ത് കല്‍ക്കത്താ തിസീസ് എഴുതി തയ്യാറാക്കുകയായിരുന്നു അവര്‍. ഇവിടെ ഭരണഘടനയും മറ്റും എങ്ങനെയാണ് ഉണ്ടാക്കിയതെന്ന് അവര്‍ അറിഞ്ഞിട്ടുപോലുമില്ല. അവരിതില്‍ പങ്കാളിയേ ആയിരുന്നില്ല. ഈ പൂനാ പാക്ടോ, ഗാന്ധിയോ ഒന്നും അവരെ ബാധിക്കുന്ന വിഷയമേ ആയിരുന്നില്ല. പിന്നെ ഹിന്ദുത്വ ശക്തികളുടെ താല്‍പര്യം എന്താണെന്ന് പറയാതെ തന്നെ എല്ലാവര്‍ക്കും അറിയാം. ഇന്ത്യയുടെ രാഷ്ട്രീയ ജീവിതത്തിന്റെ ഉള്ളടക്കമായിരിക്കേണ്ട സാമൂഹിക പരിഷ്‌കരണമെന്ന തത്വത്തെ കൈയൊഴിഞ്ഞവരാണിവര്‍. അവരെല്ലാം ഒന്നിച്ച് വന്ന് ഇപ്പോള്‍ സംവരണത്തെതന്നെ അട്ടിമറിച്ചു. അതിനുശേഷം അവര്‍തന്നെ പറയുന്നു. 326 എം.പിമാരുണ്ടായിരുന്നു. അതില്‍ 323 പേരും വോട്ട് ചെയ്തു. അതിനാല്‍ ആരുംതന്നെ അതിനെക്കുറിച്ചൊന്നും ഇനി പറയേണ്ടതില്ല. വിചിത്രമായ നിലപാടാണിത്. ഇന്ത്യന്‍ യൂണിയന്‍ മുസ്്ലിംലീഗിന്റെ രണ്ട് എം.പിമാരും ഹൈദരാബാദിലെ ഒവൈസിയുമാണ് വോട്ട് ചെയ്യാതിരുന്നത്. ഈ മൂന്ന് പേരും വര്‍ഗീയവാദികളാണെന്ന് പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞു. അവര്‍ പറഞ്ഞത് നിങ്ങള്‍ സംവരണതത്വത്തിന്റെ ഉള്ളടക്കത്തെ തകര്‍ക്കരുത് എന്നാണ്.

1992ലെ ഇന്ദിരാസാഹ്നി കേസില്‍ അതിന്റെ വിധിയില്‍ പറയുന്നുണ്ട് ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനഘടനയില്‍ പെട്ടതാണ് സംവരണം എന്ന്. ഇവരെല്ലാം എന്തുകൊണ്ടാകാം ഒന്നിച്ചത് എന്ന് പരിശോധിക്കുമ്പോള്‍ കാണുന്നത് എല്ലാ പാര്‍ട്ടികളിലുമുള്ള ബ്രാഹ്മണ്യമേല്‍ക്കോയ്മയാണ്. ഇന്ത്യയില്‍ ബ്രാഹ്മണ സവര്‍ണ ലോബി നേതാക്കളില്ലാത്ത ഏത് പാര്‍ട്ടിയാണുള്ളത്? ഇവര്‍ക്ക് ജാതിവിരുദ്ധമായ, സാമൂഹിക നവീകരണത്തിന്റേതായ ഒരു പാഠവും മനസ്സിലാകില്ല. അവരുടെ ചിന്തയും ലോവകവുമെല്ലാം വേറൊരു വഴിക്കാണ്. അവര്‍ പാവപ്പെട്ടവരെ രക്ഷിക്കാന്‍വേണ്ടി സാമ്പത്തികം എന്ന വാക്ക് സംവരണതത്വത്തോടൊപ്പം ചേര്‍ത്തു. സമ്പത്തില്ലാത്തവനെ രക്ഷിക്കാന്‍ വേണ്ടി ഉണ്ടാക്കിയതല്ല സംവരണ നിയമം. സമ്പത്തില്ലാത്തവര്‍ നയിച്ച സമരത്തിന്റെ ഭാഗമായി ഉണ്ടായിവന്നതുമല്ല ഇത്. സവര്‍ണരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുണ്ടെങ്കില്‍ അവരെ സഹായിക്കാന്‍ വേറെ വഴികള്‍ ആലോചിക്കുന്നതിന് പകരം സംവരണത്തില്‍ കയറിപ്പിടിച്ചിരിക്കുകയാണ്.

ഇന്ത്യയുടെ ഒരു പൊതുബോധമിങ്ങനെയാണ്; നിങ്ങളൊക്കെ പത്താംക്ലാസ് ജയിക്കുകയല്ലേ വേണ്ടൂ. ജോലി കിട്ടുമല്ലോ. ഒരുകാലത്ത് പലരും എന്നെപ്പോലുള്ളവരോട് ചോദിച്ചിട്ടുണ്ട് ഇത്. എന്തൊരു വിഡ്ഢിത്തം നിറഞ്ഞ ചോദ്യമാണിത്. സംവരണവിരുദ്ധമായ ഒരു പൊതുബോധം സമൂഹത്തില്‍ രൂഢമൂലമായിട്ടുണ്ട്. അയിത്തജാതിക്കാര്‍ക്ക് ജോലി കിട്ടുന്നത് പ്രശ്നമാകുന്നത് അവരെ അംഗീകരിക്കാന്‍ തയ്യാറല്ല എന്നതിനാലാണ്. അയിത്തജാതിക്കാരന്‍ ഐ.എ.എസുകാരനായാല്‍, കലക്ടറായാല്‍ അവിടേക്ക് കയറിച്ചെല്ലുന്ന ഏത് പ്രമാണിക്കും അദ്ദേഹത്തിന്റെ അനുവാദത്തോടെയേ ഇരിക്കാനാകൂ. ഇത് സഹിക്കാനാകുന്ന കാര്യമല്ല. അയിത്തജാതിക്കാരനായ തൂപ്പുകാരന്‍ പ്രശ്നമല്ല. ഉന്നത ജോലിയില്‍ അവനെ അംഗീകരിക്കില്ല. അവനതിനര്‍ഹനല്ല, അംഗീകരിക്കില്ല എന്നതാണ് മെറിറ്റ് വാദത്തിന്റെ വക്താക്കളുടെ യുക്തി.

ഇന്ത്യയില്‍ സംവരണനിമയം ഭേദഗതി ചെയ്ത് അതില്‍ ഒപ്പിട്ടത് പ്രസിഡന്റ് രാംനാഥ് കോവിന്ദ് ആണ്. ഇതേ പ്രസിഡന്റ് ഒറീസയില്‍ ഒരു ക്ഷേത്രത്തില്‍ ഭാര്യാസമേതം പോയപ്പോള്‍ പ്രവേശനം നിഷേധിക്കപ്പെട്ടു. പ്രസിഡന്റായിരിക്കുന്ന വേളയിലാണിതെന്നോര്‍ക്കണം. അദ്ദേഹത്തിന് അതില്‍ വലിയ പ്രശ്നമൊന്നുമില്ല. കാരണം താന്‍ കയറാന്‍ പാടില്ലാത്ത ഒരു വിശുദ്ധക്ഷേത്രമാണതെന്ന് സ്വയം അംഗീകരിച്ചാണ് അദ്ദേഹം തിരിച്ചുപോയത്. രാംനാഥ് കോവിന്ദിന് പണമില്ലാഞ്ഞിട്ടാണോ, പദവിയില്ലാഞ്ഞിട്ടാണോ അവിടെനിന്ന് പ്രവേശനം നിഷേധിച്ചത്? അദ്ദേഹം ദളിതനായിപ്പോയി എന്നതുകൊണ്ടുമാത്രമാണ്.

കേരളത്തില്‍ ഈ നിയമം നടപ്പാക്കാന്‍ തുടങ്ങുമ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം പറയുന്നത് ഈ നിയമം ഞങ്ങള്‍ നേരത്തെ നടപ്പാക്കിയതാണെന്നാണ്. ബി.ജെ.പിക്ക് ഇപ്പോഴാണ് ധൈര്യം വന്നതെങ്കില്‍ നമ്മള്‍ അമ്പത് കൊല്ലം മുന്‍പേ നടപ്പാക്കിയതാണെന്നാണ് പറയുന്നത്. ഇപ്പോള്‍ ഇന്ത്യയിലെ നിയമമായതിനാല്‍ നാടപ്പാക്കാതിരിക്കാന്‍ പറ്റില്ലല്ലോ എന്നാണ് പറയുന്നത്. ഭേദഗതി വരുത്തിയ നിയമത്തില്‍ പറയുന്നത് നോക്കാം. സംവരണീയരല്ലാത്ത വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പത്ത് ശതമാനംവരെ ആളുകള്‍ക്ക് തൊഴിലോ വിദ്യാഭ്യാസപ്രവേശനമോ നല്‍കാം എന്നാണ് നിയമത്തില്‍ പറയുന്നത്. വേണമെങ്കില്‍ അത് രണ്ട് ശതമാനമാകാം. മൂന്നാകാം, നാലാകാം. അത് പത്ത് ശതമാനം വരെയാകാം എന്നേയുള്ളൂ.

ആരാണ് മുന്നോക്കക്കാരിലെ പിന്നാക്കക്കാര്‍? അതെങ്ങനെ കണ്ടെത്തും? അതിന് കൃത്യമായ കണക്ക് വേണം. കേരളത്തിലെത്ര ശതമാനം മുന്നോക്കക്കാരിലെ ദരിദ്രരുണ്ട്? വിശ്വസനീയമായ ഒരു കണക്കും സര്‍ക്കാരിന് മുന്നില്‍ ഇല്ല എന്നതാണ് സത്യം. അത്തരം കാര്യം പഠിക്കുന്നതിനുവേണ്ടി ശശിധരന്‍നായര്‍ കമ്മീഷനെ നിയോഗിച്ചിരുന്നു. ആദ്യ പരിശോധനയില്‍ത്തന്നെ അദ്ദേഹത്തിന് ഒരു കാര്യം ബോധ്യമായി, കേന്ദ്രസര്‍ക്കാര്‍ കണക്ക് വെച്ച് കേരളത്തിലെ മുന്നാക്കക്കാരിലെ പിന്നാക്കത്തെ കണ്ടെത്താനാകില്ലെന്ന്. കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഇക്കാര്യം അദ്ദേഹം പറയുന്നുണ്ട്. അതുകൊണ്ട് മാനദണ്ഢങ്ങള്‍ മാറ്റി. നാല് ലക്ഷം വാര്‍ഷിക വരുമാനമുള്ളവരാണ് ദരിദ്രര്‍ എന്നാക്കി. അങ്ങനെയാകുമ്പോള്‍ ഒരു മാസം 33,000 രൂപ വരുമാനമുള്ളവര്‍ സവര്‍ണ സംവരണത്തിന് അര്‍ഹരാകും! കൊച്ചി കോര്‍പ്പറേഷന്‍ പരിധിയില്‍ ദരിദ്രനായി പ്രഖ്യാപിച്ചതിന്റെ കണക്ക് ഇപ്രകാരമാണ്.

50 സെന്റ് സ്ഥലമുള്ളയാള്‍ മാസം 33,000 വരുമാനമുള്ളയാള്‍ ആണ് ദരിദ്രര്‍! തത്വത്തില്‍ സവര്‍ണ സംവരണത്തിന് ഞാന്‍ എതിരാണെങ്കിലും ഇന്ത്യയില്‍ പാസാക്കിയ നിയമം നടപ്പാക്കാതിരിക്കുന്നതിനെതിരെ പ്രതികരിക്കുകയല്ലാതെ അതിനെ നിര്‍ത്തിവെപ്പിക്കാന്‍ എനിക്കാവില്ല. എന്നാല്‍ ആ നിയമം അതിന്റെ മെറിറ്റോടെ ശാസ്ത്രീയമായിത്തന്നെ നടപ്പാക്കണം. അത് നടക്കുന്നില്ല എന്നതാണ് സത്യം. വ്യക്തമായി കണക്ക് വേണം. ഇക്കാര്യങ്ങളെക്കുറിച്ച് ചോദിച്ചാല്‍ പറയുക തീവ്രവാദികളാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്്ലിംലീഗിന്റെ ആളുകളാണ് എന്നൊക്കെയാണ്. നിയമമായ സ്ഥിതിക്ക് ദരിദ്രരായ മനുഷ്യര്‍ക്ക് ഇത് കൊടുക്കേണ്ടതില്ല എന്നല്ല ഞങ്ങളിപ്പോള്‍ പറയുന്നത്. അത് ദരിദ്രര്‍ക്ക് തന്നെയാണോ കൊടുക്കുന്നത് എന്ന് ഉറപ്പ് വരുത്തേണ്ട ബാധ്യത ജനാധിപത്യസമൂഹത്തില്‍ നമുക്കില്ലേ.

ശാസ്ത്രീയമായ വസ്തുതാപരമായ അടിസ്ഥനത്തിലല്ലേ ഒരു നിയമം നടപ്പാക്കേണ്ടത്. അങ്ങനെ നാടപ്പാക്കാത്തതിന് ചില കാരണങ്ങളുണ്ട്. കേരളത്തില്‍ രണ്ടുതരം കോര്‍പ്പറേഷനുകളുണ്ട്. പിന്നാക്ക കോര്‍പ്പറേഷന്‍, പട്ടികജാതി കോര്‍പ്പറേഷന്‍, പരിവര്‍ത്തിത ക്രൈസ്തവ കോര്‍പ്പറേഷന്‍, മുന്നാക്ക കോര്‍പ്പറേഷന്‍ എന്നിവയാണിത്. മുന്നാക്ക കോര്‍പ്പറേഷന്റെ ചെയര്‍മാന് ക്യാബിനറ്റ് പദവിയാണ്. ബാക്കിയുള്ള ചെയര്‍മാന്‍മാര്‍ മുഴുവന്‍ പുറംപോക്കിലാണ് ജീവിക്കുന്നത്. സവര്‍ണ പ്രീണനമാണ് പിണറായി വിജയന്‍ നടപ്പാക്കുന്നത് എന്ന് ഞങ്ങള്‍ പറയുന്നത് ഇതുകൊണ്ടാണ്. അല്ലെങ്കില്‍ പറയൂ, എന്തുകൊണ്ട് പട്ടികജാതി കോര്‍പറേഷന്‍ ചെയര്‍മാന് ക്യാബിനറ്റ് പദവി കൊടുക്കാത്തത് എന്ന്. കേരളത്തിലെ ദരിദ്രര്‍ക്ക് വീട് വെക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപനം നടത്തി. പട്ടികജാതിക്കാര്‍ക്ക് 4 ലക്ഷം രൂപയാണ്. അഗ്രഹാരത്തിലെ ബ്രാഹ്മണര്‍ക്ക് എത്രയാണെന്നറിയേണ്ടേ. 10 ലക്ഷം. ഇതെന്ത് നീതിയാണ്?

ജനാധിപത്യരാജ്യത്തെ പൗരന്മാരാകുമ്പോള്‍ അഗ്രഹാരത്തില്‍ കഴിയുന്ന ബ്രാഹ്മണര്‍ക്ക് 10 ലക്ഷം കൊടുക്കുന്നതിന്റെ പിന്നിലെ അധിക യോഗ്യത എന്താണ്? ഇതാണ് സവര്‍ണപ്രീണനം എന്ന് പറയുന്നത്. യാതൊരു ശാസ്ത്രീയ മാനദണ്ഡവുമില്ലാതെ ഈ നിയമം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ധൃതി പിടിക്കുകയാണ്. പ്ലസ് ടു, എം.ബി.ബി.എസ്, മെഡിക്കല്‍ പിജി എന്നിവയുടെ പ്രവേശനലിസ്റ്റ് പുറത്തുവന്നപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് കാണാന്‍ കഴിഞ്ഞത്. നിലവിലുള്ള സംവരണതത്വത്തിന് പരിക്കേല്‍ക്കാതെ വേണം പുതുതായി വരുന്ന സവര്‍ണ സംവരണം നടപ്പാക്കേണ്ടത് എന്ന് പറഞ്ഞിട്ടുണ്ട്. 50 ശതമാനത്തില്‍ തൊടാന്‍ പാടില്ല. ബാക്കിയുള്ള 50 ശതമാനത്തിലേ ഈ 10 ശതമാനം കൊടുക്കാവൂ. അപ്പോള്‍ 10 ശതമാനം പേര്‍ക്ക് കൊടുക്കുകയാണെങ്കില്‍ അഞ്ച് പേരെ വരൂ. 100 സീറ്റുണ്ടാകുമ്പോള്‍ 5. ഇവര്‍ നടപ്പാക്കിയത് അങ്ങനെയല്ല. മൊത്തം സീറ്റിന്റെ 10 ശതമാനമാണ് കൊടുത്തത്. ഇതിങ്ങനെ തുടര്‍ന്നാല്‍ റിസര്‍വേഷനുള്ള പിന്നാക്കക്കാരേക്കാളും മുസ്്ലിംകളേക്കാള്‍ വളരെ കൂടുതലാകും മുന്നാക്കക്കാരുടെ സീറ്റുകള്‍. ഇത്തരത്തിലാണ് കാര്യങ്ങള്‍ നടക്കുന്നതെന്നാണ് ദിവസവും പുറത്തുവരുന്ന വസ്തുതകളും കണക്കുകളും വ്യക്തമാക്കുന്നത്. ഈ സ്ഥിതി തുടര്‍ന്നാല്‍ ദളിതരുടെയും പിന്നാക്കക്കാരുടെയും അവസ്ഥ കൂടുതല്‍ ദുരിതപൂര്‍ണമായി മാറുകതന്നെ ചെയ്യും.

(കടപ്പാട്- ചന്ദ്രിക ആഴ്ചപ്പതിപ്പ്)

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Politics Behind Upper Caste Reservation – Sunny M Kapikkadu