വിട്ടുവീഴ്ചകള്‍ ബി.എസ്.പിയെ തകര്‍ത്തു; ആ രാഷ്ട്രീയത്തിന്റെ വിടവാണ് ആസാദിന്റെ പാര്‍ട്ടി പൂരിപ്പിക്കാന്‍ ശ്രമിക്കുന്നത്
India
വിട്ടുവീഴ്ചകള്‍ ബി.എസ്.പിയെ തകര്‍ത്തു; ആ രാഷ്ട്രീയത്തിന്റെ വിടവാണ് ആസാദിന്റെ പാര്‍ട്ടി പൂരിപ്പിക്കാന്‍ ശ്രമിക്കുന്നത്
ദിലീപ് മണ്ഡല്‍
Friday, 20th March 2020, 6:15 pm

വലിയ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്ന ദളിതര്‍ക്ക് തങ്ങളുടെ ആവശ്യങ്ങള്‍ നടപ്പിലാക്കുന്നതിന് സമ്മര്‍ദ്ദ ശക്തിയായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമെങ്കിലും പ്രാധിനിത്യത്തില്‍ നിന്നും ടോക്കണ്‍ സമ്പ്രദായത്തിലേക്ക് വ്യതിചലിച്ച അത്തരം പാര്‍ട്ടികളുടെ പാത വഴുക്കലുള്ളതാണ്.

ഈ ആഴ്ച മറ്റൊരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ ഉദയം നമ്മള്‍ കണ്ടു. മനോഹരമായ ഒരു ചടങ്ങിനിടെ ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ രാവണാണ് ആസാദ് സമാജ് പാര്‍ട്ടി എന്ന തന്റെ രാഷ്ട്രീയ മുന്നണി പ്രഖ്യാപിച്ചത്. ബഹുജന്‍ സമാജ് പാര്‍ട്ടി സ്ഥാപകന്‍ കാന്‍ശിറാമിന്റെ ജന്മദിനത്തിലായിരുന്നു അത്.

ഭരണഘടന സംരക്ഷിക്കുക, ദളിത്, ആദിവാസി, മറ്റു പിന്നോക്ക വര്‍ഗ്ഗക്കാര്‍, ന്യൂനപക്ഷങ്ങള്‍ എന്നിവരുടെ വിശാല ഐക്യമായ ബഹുജന്‍ ഭരണം സാധ്യമാക്കുക എന്നിവയാണ് പാര്‍ട്ടിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍. വര്‍ഗ്ഗീയതയും ജാതീയമായ അടിച്ചമര്‍ത്തലും അവസാനിപ്പിക്കുമെന്നും അവര്‍ പ്രതിജ്ഞ ചെയ്യുന്നു.

കാന്‍ശിറാമിന്റെ പൂര്‍ത്തിയാക്കപ്പെടാതെ പോയ സ്വപ്നങ്ങള്‍ പൂര്‍ത്തിയാക്കുമെന്നാണ് ആസാദ് ട്വിറ്ററില്‍ കുറിച്ചത്. ഇതേ മുദ്രാവാക്യങ്ങള്‍ ബി.എസ്.പി മുന്‍പ് വിളിച്ചിരുന്നത് പഴയ തലമുറ ഓര്‍മ്മിക്കുന്നുണ്ടാകും. 1984ലാണ് ബി.എസ്.പി രൂപീകരിക്കുന്നത്. അന്നുണ്ടായിരുന്ന ഡോ.ബി.ആര്‍ അംബേദ്കര്‍ സ്ഥാപിച്ച റിപ്പബ്ലിക്കന്‍ പാര്‍ട്ടി (ആര്‍.പി.ഐ) പ്രഖ്യാപിച്ചിരുന്നതും ദളിതരുടെ രാഷ്ട്രീയ അഭിലാഷങ്ങളെ പ്രതിനിധീകരിക്കുമെന്നായിരുന്നു.

എ.എസ്.പിയുടെ ബി.എസ്.പി ഫോര്‍മുല

ആര്‍.പി.ഐക്ക് അംബേദ്കറുടെ സ്വപ്നങ്ങളെ സാക്ഷാത്കരിക്കാന്‍ കഴിയില്ലെന്നും ആ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനായി പുതിയൊരു രാഷ്ട്രീയപ്പാര്‍ട്ടി വേണമെന്നതുമായിരുന്നു ബി.എസ്.പിയുടെ രൂപീകരണത്തിനു പിന്നിലെ യുക്തി. കാന്‍ഷിറാമിന്റെ സ്വപ്നങ്ങളെ പൂര്‍ത്തീകരിക്കാന്‍ ബി.എസ്.പിക്ക് കഴിയുന്നില്ലെന്നും അപ്പോള്‍ ഒരു പുതിയ രാഷ്ട്രീയപ്പാര്‍ട്ടി ആവശ്യമാണെന്ന സമാന യുക്തിയാണ് ആസാദ് സമാജ് പാര്‍ട്ടിക്ക് പിന്നിലും.

പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിലെ സഹറന്‍പൂര്‍ ജില്ലയിലെ ഒരു ഹരിജന്‍ കോളനിയില്‍ നിന്നും വന്ന ഉജ്ജ്വലനായ ദളിത് യുവ നേതാവ് രാഷ്ട്രീയ ജീവിതത്തിന്റെ ഒരു തുടക്കം മാത്രമാണിത്. അദ്ദേഹം രൂപീകരിച്ച രാഷ്ട്രീയപ്പാര്‍ട്ടി സഞ്ചരിക്കാന്‍ പോകുന്ന വഴികളെക്കുറിച്ച് നമുക്ക് ധാരണയില്ല. ഇന്ത്യന്‍ രാഷ്ട്രീയ മണ്ഡലം ആള്‍ത്തിരക്കേറിയതാണ്. പല രാഷ്ട്രീയ രൂപപ്പെടലുകളും ഒരു ചലനവുമുണ്ടാക്കാതെയും ഒരു ചരമക്കുറിപ്പു പോലും അവശേഷിപ്പിക്കാതെ മാഞ്ഞുപോകുകയും ചെയ്യുന്നു.

അതേസമയം മായാവതി സൃഷ്ടിക്കുന്ന അല്ലെങ്കില്‍ ഭാവിയില്‍ സൃഷ്ടിച്ചേക്കാവുന്ന രാഷ്ട്രീയ ശൂന്യത നികത്താനാണ് ചന്ദ്രശേഖര്‍ ആസാദ് ശ്രമിക്കുന്നത്. കുറച്ചുവര്‍ഷങ്ങളായി ബി.എസ്.പിക്ക് പ്രത്യയശാസ്ത്രപരമായ ആവേശവും തിരഞ്ഞെടുപ്പില്‍ വോട്ടുകളും കുറഞ്ഞുവരികയാണ്.

തുടക്കകാലത്തെ സമരോത്സുകമായ ബഹുജന്‍ രാഷ്ട്രീയത്തില്‍ നിന്നും അത് മാറിയിരിക്കുന്നു. അതോടെ ബഹുജന്‍ ഹിതായ എന്ന പ്രഖ്യാപിത മുദ്രാവാക്യത്തില്‍ നിന്നും സര്‍വജന്‍ ഹിതായ എന്ന മുദ്രാവാക്യത്തിലേക്ക് പാര്‍ട്ടി മാറുകയാണ്.

പ്രായോഗിക രാഷ്ട്രീയത്തിന്റെ ശക്തമായ പ്രവാഹം ബി.എസ്.പിയുടെ പരുക്കന്‍ അരികുകളെ മിനുസപ്പെടുത്തിയെന്ന് വാദിക്കുന്നവരുണ്ടാകാം. ഇപ്പോള്‍ അത് മറ്റേതൊരു രാഷ്ട്രീയ പാര്‍ട്ടിയേയും പോലെ തന്നെയാണ്. നേതാവായി ഒരു ദളിത് നേതാവ് ഉണ്ടെന്നതൊഴിച്ചാല്‍. ബി.ജെ.പിയുമായി ചേര്‍ന്ന് ലക്നൗവില്‍ മൂന്നുതവണ സര്‍ക്കാര്‍ രൂപീകരിക്കുകയും ഗുജറാത്ത് കലാപത്തിനു ശേഷവും ബി.ജെ.പിക്ക് വേണ്ടി പ്രചരണം നടത്തുന്നതിനും അവര്‍ക്ക് പ്രശ്നമൊന്നുമില്ല.

എല്ലാത്തിനുമുപരിയായി മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലികളിലും വിദ്യഭ്യാസ സ്ഥാപനങ്ങളിലും 10 ശതമാനം സംവരണം നല്‍കുന്ന ബില്ലിന് അവര്‍ പിന്തുണ കൊടുത്തു.

ഒരു കാലത്ത് ബഹുജന്‍ പ്രത്യയശാസ്ത്രവുമായി ബന്ധപ്പെടുകയും പ്രവര്‍ത്തിക്കുകയും പിന്നീട് ബി.എസ്.പിയുടെ സര്‍വജന്‍ രാഷ്ട്രീയ കാഴ്ചപ്പാടില്‍ നിരാശരായി പോവുകയും ചെയ്ത ആളുകളെ തങ്ങളിലേക്ക് അടുപ്പിക്കലാണ് ആസാദ് അടിയന്തിര ലക്ഷ്യമായി കാണുന്നത്.

എ.എസ്.പിയില്‍ നിന്നും ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാന്‍ കഴിയുമോ?

എ.എസ്.പിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് ഇടത് മതേതര ലിബറല്‍ പക്ഷത്തു നിന്നുള്ള പ്രതികരണം, അത് ബി.ജെ.പി വിരുദ്ധ വോട്ടുകളെ കൂടുതല്‍ വിഘടിപ്പിക്കുകയും ക്രമേണ ബി.ജെ.പിക്ക് നേട്ടമുണ്ടാക്കി കൊടുക്കുമെന്നാണ്. എന്നാല്‍ ഇത്തരം വാദങ്ങളുടെ ശക്തി കുറയ്ക്കുന്നതായിരുന്നു 2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ കണ്ടത്.

സമാജ്‌വാദി പാര്‍ട്ടി, ബി.എസ്.പി, അജിത് സിങിന്റെ രാഷ്ട്രീയ ലോക്ദള്‍ എന്നിവര്‍ ചേര്‍ന്ന് രൂപീകരിച്ച മഹാസഖ്യത്തിന് പോലും ബി.ജെ.പിയുടെ തേരോട്ടം തടയുന്നതില്‍ പരാജയപ്പെട്ടു. ഈ വാദവും അതുകൊണ്ടുതന്നെ അതിവായനയാണ്. ബി.എസ്.പിക്ക് അവരുടെ ജനപിന്തുണ (support base) നിലനിര്‍ത്താന്‍ പറ്റാത്ത ഒരു സാഹചര്യത്തില്‍, ദളിത് വോട്ട് ബാങ്ക് പിടിച്ചടക്കാനുള്ള തിരക്കുണ്ടാകുമ്പോള്‍ ദളിത് നേതൃത്വത്തിലുള്ള ഒരു പാര്‍ട്ടിയുടെ അഭാവത്തില്‍, ഒരു വിഭാഗം വോട്ടര്‍മാര്‍ ബി.ജെ.പിയിലേക്ക് തിരിയും.

ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ചോദ്യമിതാണ്, എന്തുകൊണ്ട് 2011ലെ സെന്‍സെസ് അനുസരിച്ച് ഇന്ത്യന്‍ ജനതയുടെ 16.2 ശതമാനം വരുന്ന ദളിത് സമൂഹത്തിന് അവരുടെതായ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയില്ല? പ്രത്യേകിച്ചും ഉത്തര്‍പ്രദേശ് ജനസംഖ്യയുടെ 20 ശതമാനത്തിലധികം ദളിതരായിരുന്നിട്ട് കൂടി…?

ബി.എസ്.പിയുടെ രൂപീകരണത്തിന് മുന്‍പ് കോണ്‍ഗ്രസിന്റെ കൂട്ടിലടയ്ക്കപ്പെട്ട വോട്ട് ബാങ്കായിട്ടായിരുന്നു ദളിതരെ പരിഗണിച്ചിരുന്നത്. വീണ്ടും ദളിത് സമൂഹം കോണ്‍ഗ്രസിനോ ബി.ജെ.പിക്കോ വോട്ടുചെയ്യാന്‍ തുടങ്ങേണ്ടി വന്നാല്‍ അതൊരു പ്രശ്നമായിത്തീരില്ലേ? ബി.എസ്.പി ഇപ്പോള്‍ പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത് ഉത്തര്‍പ്രദേശിലാണ്. മറ്റു സംസ്ഥാനങ്ങളില്‍ ദളിതര്‍ വോട്ടുചെയ്തുകൊണ്ടിരിക്കുന്നത് മറ്റു രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കാണ്.

എന്തുകൊണ്ട് ദളിതര്‍ക്ക് ഒരു പാര്‍ട്ടി ആവശ്യമുണ്ട്?

ദളിത് സമൂഹത്തിന് അവരുടേതായ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയോ പാര്‍ട്ടികളോ, കുറഞ്ഞത് ഒരു ദളിത് നേതാവിന്റെ നേതൃത്വത്തില്‍ ഒരു രൂപപ്പെടലുണ്ടാകേണ്ടതുണ്ട്. എന്നാല്‍ ഉപരിതലത്തില്‍ ഈ വാദം പിന്തിരിപ്പനും പ്രാകൃതവുമാണെന്ന് തോന്നാം. കാരണം ജനാധിപത്യമെന്നത് ഒരു ആധുനിക സ്ഥാപനമാണ്.

ആദര്‍ശപരമായി അത് ഏതെങ്കിലും സാമുദായിക തലത്തിലുള്ള ചലനങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതല്ല. എന്നാല്‍ ആ ആദര്‍ശം കൈവരിക്കും വരെ, സമുദായത്തില്‍ (community) നിന്നും സമൂഹത്തിലേക്കുള്ള (society) മാറ്റം പൂര്‍ത്തിയാക്കുകയും മറ്റുള്ളവരുടെ കണ്ണില്‍ വിഭിന്ന സമുദായത്തില്‍ നിന്നുള്ള ആളുകള്‍ പൗരന്മാരായി മാറും വരെ, സമുദായമെന്ന നിലയില്‍ നമ്മള്‍ വോട്ടു ബാങ്കുകളായി കുടുങ്ങിക്കിടക്കുകയാണ്.

സാമുദായികമായും ജാതി അടിസ്ഥാനത്തിലുള്ള വോട്ടിങ് നിര്‍ത്തലാക്കണമെങ്കില്‍ അത് അടിമുടി മാറേണ്ടതുണ്ട്. ഉയര്‍ന്ന ജാതിക്കാര്‍ സാമുദായികമായി ഒരു വോട്ടു ബാങ്കാവുന്നത് നിര്‍ത്തുമ്പോള്‍ മാത്രമേ സാമുദായിക ശ്രേണിയില്‍ താഴെയുള്ള ആളുകള്‍ അവരെ പുന്തുടരാതിരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാനാകൂ.

2014ലേയും 2019ലേയും ലോക്സഭ തെരഞ്ഞെടുപ്പിലും ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലും ഉയര്‍ന്ന ജാതിയില്‍പ്പെട്ടവര്‍ ബി.ജെ.പിക്ക് അനുകൂലമായി വോട്ടു ചെയ്തത് നാം കണ്ടതാണ്.

പുതിയ രാഷ്ട്രീയ കാലാവസ്ഥയില്‍ ദളിതര്‍ക്ക് അവരുടെ ആവശ്യങ്ങളും സ്വപ്നങ്ങളും സാക്ഷാത്കരിക്കുന്നതിന് അവരുടേതായ ഒരു പാര്‍ട്ടി ആവശ്യമാണ്. മറ്റ് വോട്ടു ബാങ്കുകള്‍ ഉള്ള മുന്‍നിര രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഒരിക്കലും അവര്‍ ഈ ഉത്തരവാദിത്വം ഏല്‍പിച്ചു കൊടുക്കാന്‍ പാടില്ല.

 

ഉദ്യോഗക്കയറ്റത്തിലെ സംവരണം ഉറപ്പുവരുത്തുന്ന ബില്ല് ലോക്സഭയില്‍ പാസ്സാവില്ലെന്ന് ഉറപ്പുവരുത്തുന്ന സമാജ്‌വാദി പാര്‍ട്ടിയിലേക്ക് മുന്‍ ബി.എസ്.പി നേതാക്കള്‍ ചുവടുമാറ്റുന്നത് നമ്മള്‍ കണ്ടതാണ്. ഈ സംഭവം ദളിതര്‍ക്ക് സ്വന്തമായി ഒരു പാര്‍ട്ടി ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകത വരച്ചുകാട്ടുന്നതാണ്.

ബീഹാറില്‍ ദളിതര്‍ ഒന്നോ അല്ലെങ്കില്‍ ശക്തമായ ഒരു രാഷ്ട്രീയ പ്രസ്ഥാനമായോ തങ്ങളുടെ വിശ്വാസങ്ങളെ ബന്ധിപ്പിച്ചിരിക്കുന്നു. ഇതുതന്നെയായിരുന്നു 1990 കളിലെ ദളിത് കൂട്ടക്കൊലകള്‍ക്കെതിരെ വലിയ രാഷ്ട്രീയ ചലനങ്ങള്‍ നടക്കാതിരുന്നതിന്റെ പുറകിലെ കാരണവും.

വലിയ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്ന ദളിതര്‍ക്ക് തങ്ങളുടെ ആവശ്യങ്ങള്‍ നടപ്പിലാക്കുന്നതിന് സമ്മര്‍ദ്ദ ശക്തിയായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമെങ്കിലും പ്രാതിനിത്യത്തില്‍ നിന്നും ടോക്കണ്‍ സമ്പ്രദായത്തിലേക്ക് വ്യതിചലിച്ച അത്തരം പാര്‍ട്ടികളുടെ പാത വഴുക്കലുള്ളതാണ്.

എന്നിരുന്നതിനാലും, ജനാധിപത്യം എന്നത് പ്രാതിനിത്യം കൂടിയാണ്. ഇന്ത്യയിലുടനീളവും സംസ്ഥാനങ്ങളിലും പാര്‍ട്ടി നേതൃത്വമായി സവര്‍ണ ജാതിക്കാര്‍ക്കും ഉയര്‍ന്ന ജാതിക്കാര്‍ക്കും എത്തുന്നുണ്ടെങ്കില്‍ ദളിതര്‍ക്കും ധാരാളം രാഷ്ട്രീയ മുന്നണികളുണ്ട്.

എന്നിരുന്നാലും അവര്‍ക്ക് ഒന്നില്‍ കൂടുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യമാണ്. അവ നിലനിര്‍ത്തലാണ് പ്രധാനം. നിലനില്‍പ്പിനാവശ്യമായി സാമ്പത്തികമോ സാമൂഹികമോ സാംസ്‌കാരികമോ ആയ മൂലധനം അവര്‍ക്കുണ്ടോ? ഒരേസമയം ബി.എസ്.പിയേയും എ.എസ്.പിയേയും മറ്റ് സംഘടന രൂപപ്പെടലുകളേയും നിലനില്‍ത്താന്‍ ദളിതര്‍ക്ക് കഴിയുമോ?

 

 

ദിലീപ് മണ്ഡല്‍
മാധ്യമപ്രവര്‍ത്തകന്‍