കാശ്മീരിലെ പള്ളികളെയും ഇമാമുമാരെയും നിരീക്ഷിക്കാനുള്ള പൊലീസ് നടപടി; മത സ്വാതന്ത്യത്തിന് മേലുള്ള കടന്നുകയറ്റം: ആഗ റൂഹുള്ള
India
കാശ്മീരിലെ പള്ളികളെയും ഇമാമുമാരെയും നിരീക്ഷിക്കാനുള്ള പൊലീസ് നടപടി; മത സ്വാതന്ത്യത്തിന് മേലുള്ള കടന്നുകയറ്റം: ആഗ റൂഹുള്ള
നിഷാന. വി.വി
Thursday, 15th January 2026, 7:52 am

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പള്ളികളെയും ബന്ധപ്പെട്ട അധികാരികളുടെയും വിവരങ്ങള്‍ ശേഖരിക്കാനുള്ള പൊലീസ് നടപടി മതസ്വാതന്ത്രത്തിന് മേലുള്ള കടന്ന് കയറ്റമെന്ന് കോണ്‍ഫറന്‍സ് പാര്‍ട്ടി നേതാവും എം.പിയുമായ ആഗ സയ്യിദ് റൂഹുല്ലാഹ് മെഹ്ദി.

പള്ളികളുടെ സാമ്പത്തിക സ്രോതസ്സുകള്‍, ഇമാമുമാരുടെ വ്യക്തിഗത വിവരങ്ങള്‍, അവരുടെ രാഷ്ട്രീയ ചായ്‌വുകള്‍ തുടങ്ങിയ വിവരങ്ങള്‍ പൊലീസ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വിവാദം.

വിവര ശേഖരണത്തിനായി നാല് പേജുള്ള ഫോമാണ് പള്ളി കമ്മിറ്റിക്ക് പൊലീസ് നല്‍കിയിരിക്കുന്നത്.
ഇമാമുമാരുടെതടക്കമുള്ള പള്ളി ജീവനക്കാരുടെ ആധാര്‍കാര്‍ഡ്, പാന്‍ കാര്‍ഡ്, പാസ്‌പ്പോര്‍ട്ട്, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ മൊബൈല്‍ ഫോണ്‍ മോഡലുകള്‍ , സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വിദേശയാത്രകള്‍, വിദേശത്തുള്ള ബന്ധുക്കളുടെ വിവരങ്ങള്‍, പള്ളിയെക്കുറിച്ചും മാനേജ്‌മെന്റിനെ കുറിച്ചുമുള്ള വിവരങ്ങള്‍ തുടങ്ങി നിരവധി രേഖകളാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.

നടപടി ഭരണഘടന ഉറപ്പ് നല്‍കുന്ന മത സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും രാജ്യത്തെ സംവിധാനങ്ങളെ നിയന്ത്രിക്കുന്നത് ഒരു പ്രത്യേക വലതുപക്ഷ പ്രത്യയശാസ്ത്രമാണെന്നും അതുമായി പൊരുത്തപ്പെട്ട് പോവാത്ത മതങ്ങളെയെല്ലാം നിയന്ത്രിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നുവെന്നും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും പാര്‍ലമെന്റ് അംഗവുമായ ആഗ റൂഹുല്ലാഹ് മെഹ്ദി പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

പള്ളികള്‍ ആരാധനയ്ക്കും സാമൂഹിക സേവനത്തിനുമുള്ള വിശുദ്ധമായ ഇടങ്ങളാണെന്നും അവയെ ഇത്തരത്തില്‍ നിരീക്ഷണ വലയത്തിലാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മുത്തഹിദ മജ്‌ലിസേ ഉലമ നേതാവ് മിര്‍വായിസ് ഉമര്‍ പറഞ്ഞു.

സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഉടനടി നടപടിയെടുക്കണമെന്നും വിശ്വാസത്തെ ദുര്‍ബലപ്പെടുത്തുന്ന ഈ നടപടി സംസ്ഥാനത്തെ മുസ്‌ലിം സമൂഹത്തിന് അസ്വസ്ഥതയുണ്ടാക്കിയതായും എം.എം.യു പറഞ്ഞു.

ഇത്തരത്തില്‍ മത സ്ഥാപനങ്ങളെയും മത പ്രവര്‍ത്തകരെയും ഒറ്റപ്പെടുത്തുന്ന നടപടി സാമൂഹിക ഐക്യത്തിന് ഹാനികരമാണെന്നും ഇത് ഉടന്‍ പിന്‍വലിക്കണമെന്നും സംഘടന ഗവര്‍ണര്‍ മനോജ് സിന്‍ഹയോട് ആവശ്യപ്പെട്ടു.

സംസ്ഥാനം ഭരിക്കുന്നത് നാഷണല്‍ കോണ്‍ഫറന്‍സ് ആണെങ്കിലും കേന്ദ്ര ഭരണ പ്രദേശമായതിനാല്‍ പൊലീസിനെ നിയന്ത്രിക്കുന്നത് കേന്ദ്ര സര്‍ക്കാരാണ്.

പൊലീസ് ഔദ്യോഗികമായി ഈ നടപടി അംഗീകരിച്ചിട്ടില്ലെങ്കിലും കുറച്ച് കാലമായി ഇത് നടപ്പിലാക്കുന്നുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Police action to monitor mosques and imams in Kashmir; Invasion of religious freedom: Agha Ruhullah

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.