പോക്‌സോ; ലൈംഗിക ചൂഷണ കള്ളപ്പരാതികള്‍ കൂടുന്നതായി ഹൈക്കോടതി; നിയമം ദുരുപയോഗപ്പെടുത്തുന്നെന്ന് ബാലാവകാശ കമ്മീഷനും 
Child Rights
പോക്‌സോ; ലൈംഗിക ചൂഷണ കള്ളപ്പരാതികള്‍ കൂടുന്നതായി ഹൈക്കോടതി; നിയമം ദുരുപയോഗപ്പെടുത്തുന്നെന്ന് ബാലാവകാശ കമ്മീഷനും 
ആര്യ അനൂപ്‌
Saturday, 18th May 2019, 3:24 pm

 

കൊച്ചി: കുട്ടിയുടെ സംരക്ഷണാവകാശം കിട്ടാന്‍ പിതാവ് കുഞ്ഞിനെ ലൈംഗിക ചൂഷണം ചെയ്യുന്നുവെന്ന രീതിയിലുള്ള കള്ളപ്പരാതികള്‍ കൂടിവരുന്നതായുള്ള ഹൈക്കോടതി നിരീക്ഷണം വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയാണ്.

ഇത്തരം പരാതികളില്‍ പോക്‌സോ നിയമപ്രകാരമെടുക്കുന്ന കേസിലെ അന്വേഷണ വിവരങ്ങളും കേസ് സാഹചര്യവും കുടുംബകോടതികള്‍ സൂക്ഷമമായി വിലയിരുത്തണമെന്നായിരുന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടത്.

മലപ്പുറം ജില്ലക്കാരനായ വ്യക്തിക്കെതിരെ പോക്‌സോ നിയമപ്രകാരം കുഞ്ഞിന്റെ അമ്മവീട്ടുകാര്‍ നല്‍കിയ അപ്പീല്‍ തള്ളിയ ജസ്റ്റിസ് കെ. ഹരിലാലും ജസ്റ്റിസ് ടി.വി അനില്‍കുമാറുമുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതായിരുന്നു ഈ നിര്‍ദേശം.

അമ്മ നഷ്ടപ്പെട്ട കുഞ്ഞിന്റെ സംരക്ഷണാവകാശം അച്ഛന് നല്‍കിയ ഒറ്റപ്പാലം കുടുംബകോടതിയുടെ നടപടി ശരിവെച്ച ഹൈക്കോടതി  അമ്മയുടെ മാതാപിതാക്കള്‍ക്ക് കുഞ്ഞിനെ കോടതിയില്‍ വെച്ച് കാണാനുള്ള അനുമതിയും നല്‍കിയിരുന്നു.

കുടുംബകോടതിയില്‍ നാലുവര്‍ഷം മുന്‍പ് കുട്ടിയുടെ സംരക്ഷണാവകാശം സംബന്ധിച്ച് ഹര്‍ജി വന്നപ്പോള്‍ കുഞ്ഞിന് രണ്ട് വയസ്സായിരുന്നു.  എന്നാല്‍ കുട്ടി ലൈംഗികചൂഷണത്തിന് ഇരയായെന്ന പരാതിയ്ക്ക് തെളിവ് നല്‍കാന്‍ അമ്മയുടെ വീട്ടുകാര്‍ക്കായില്ലെന്ന് ഹൈക്കോടതി വിലയിരുത്തിയിരുന്നു. കുട്ടിയ്‌ക്കെതിരെ അച്ഛന്റെ ഭാഗത്തു നിന്ന് മോശം പെരുമാറ്റമുണ്ടായതിന് തെളിവില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.

കുടുംബതര്‍ക്ക കേസുകളില്‍ പോക്‌സോ നിയമം ദുരുപയോഗം ചെയ്യാതിരിക്കാന്‍ കുടുംബകോടതികള്‍ ശ്രദ്ധിക്കണമെന്ന നിര്‍ദേശമായിരുന്നു ഹൈക്കോടതി പ്രധാനമായും മുന്നോട്ടുവെച്ചത്. അതിനായി ചില നിര്‍ദേശങ്ങളും കോടതി നല്‍കിയിരുന്നു.

ഹൈക്കോടതി നിരീക്ഷണങ്ങള്‍ ഇങ്ങനെ..

*കുഞ്ഞിന്റെ സംരക്ഷണാവകാശ തര്‍ക്കം കൂടുമ്പോഴാണ് കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയാനുള്ള നിയമം(പോക്‌സോ) കൂടുതലായി ദുരുപയോഗം ചെയ്യുന്നത്.

*പോക്‌സോ നിയമം അനുസരിച്ച് പിതാവിന്റെ പേരില്‍ കേസ് എടുത്തതുകൊണ്ടുമാത്രം ലൈംഗിക ചൂഷണം നടന്നതായി ഹൈക്കോടതികള്‍ കണക്കാക്കരുത്. കേസിലെ സാഹചര്യം കൂടുതല്‍ മനസിരുത്തി വിലയിരുത്തിയില്ലെങ്കില്‍ പിതാവ് കള്ളപ്പരാതിയുടെ ഇരയാകും.

* കുഞ്ഞിന്റെ സംരക്ഷണത്തിന് ന്യായമായി പിതാവിനുള്ള അവകാശം നിഷേധിക്കാനുള്ള കെണിയല്ല ആരോപണമെന്ന് ഉറപ്പാക്കാന്‍ കുടുംബ കോടതികള്‍ക്ക് ബാധ്യതയുണ്ട്.

*പൊലീസിന്റെ അന്വേഷണ വിവരവും കേസിലെ വസ്തുതകളും പരിശോധിക്കുന്നതിലൂടെ ആരോപണത്തില്‍ കഴമ്പുണ്ടോയെന്ന് മനസിലാക്കാന്‍ സഹായിക്കും.

*ഓരോ കേസിലേയും സാഹചര്യവും വസ്തുതയും വിലയിരുത്തി തീരുമാനമെടുക്കണം. പൊതുവായ നടപടി ക്രമം നിര്‍ദേശിക്കാനാവില്ല. പൊലീസ് ശേഖരിച്ച തെളിവ് അവഗണിക്കണമെന്നോ സ്വതന്ത്രമായി അന്വേഷിക്കണമെന്നോ അല്ല അതിനര്‍ത്ഥം. ആരോപണത്തിന് വിശ്വസിനീയമായ തെളിവുണ്ടോയെന്ന് പരിശോധിക്കണമെന്ന് ഓര്‍മ്മപ്പെടുത്തുക മാത്രമാണ്.

*പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നതുകൊണ്ടുമാത്രം കുഞ്ഞിന്റെ സംരക്ഷണത്തിനുള്ള പിതാവിന്റെ അപേക്ഷ തള്ളരുത്.

*കുഞ്ഞിന്റെ സ്ഥിരം സംരക്ഷണാവകാശം നല്‍കുന്ന ഉത്തരവ് അന്തിമവാക്കല്ല എന്നത് അംഗീകൃത നിയമതത്വമാണ്. കുഞ്ഞ് വളരുമ്പോള്‍ സാഹചര്യങ്ങളില്‍ മാറ്റമുണ്ടായാല്‍ തെളിവും വസ്തുതകളും വിലയിരുത്തി പുനപരിശോധനയ്ക്ക് വിധേയമാണത്.

കള്ളപ്പരാതികള്‍ക്കു തടയിടാന്‍ ആവശ്യമായ ജാഗ്രത നിയമപാലകരും കുടുംബകോടതികളും കാണിക്കുകയെന്നത് പ്രധാനമാണെന്ന വ്യക്തമായ സൂചന കോടതി നല്‍കുമ്പോള്‍ തന്നെ കണക്കുകള്‍ എന്ത് പറയുന്നു എന്ന് കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.

കേരളാ പോലീസിന്റെ രേഖയനുസരിച്ച് 2008 മുതല്‍ 2019 വരെയുള്ള കാലത്ത് കുട്ടികള്‍ക്കെതിരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയാണുണ്ടായത്. 2008-ല്‍ 549 കേസാണുണ്ടായിരുന്നതെങ്കില്‍ 2018-ല്‍ അത് 4008 ആയി ഉയര്‍ന്നു.

ഇതില്‍ ബലാത്സംഗം മാത്രം പത്തുവര്‍ഷംകൊണ്ട് 215-ല്‍ നിന്ന് 1204 ആയി. തട്ടിക്കൊണ്ടുപോകല്‍ കേസുകള്‍ 2008 ല്‍ 87 ആയിരുന്നത് 2018 ല്‍ 185 ആയി ഉയര്‍ന്നിട്ടുണ്ട്.

പൊതുവേ ഇത്തരം കേസുകളില്‍ വലിയ തോതില്‍ കള്ളപ്പരാതികള്‍ വരാറുണ്ടെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി. സുരേഷ് ഡൂള്‍ന്യൂസിനോട് പ്രതികരിച്ചത്.

” വിവാഹമോചന കേസുകളില്‍ കുട്ടികളുടെ കസ്റ്റഡിയുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം. കാരണം അച്ഛന്‍മാര്‍ക്ക് കസ്റ്റഡി കൊടുക്കാതിരിക്കാന്‍ വേണ്ടി അമ്മമാര്‍ കള്ളപ്പരാതികള്‍ കൊടുക്കുന്നു. അതാണ് ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടത്. എന്നാല്‍ ഇതില്‍ ഏറിയതും കള്ളപ്പരാതികള്‍ ആണ് എന്ന് പറയാന്‍ പറ്റില്ല. അന്വേഷണ സംഘമാണ് അത് തീരുമാനിക്കേണ്ടത്. കൃത്യമായ അന്വേഷണം നടത്തി അത് വ്യാജമാണോ എന്ന് പൊലീസ് കണ്ടെത്തുക മാത്രമേ നിവൃത്തിയുള്ളൂ. കള്ളപ്പരാതികള്‍ തീര്‍ച്ചയായും വരാം. എന്നാല്‍ അത് കണ്ടെത്തുക എന്നതില്‍ മാത്രമേ കാര്യമുള്ളു. അത് തന്നെയാണ് കോടതിയും ചൂണ്ടിക്കാട്ടിയത്. പോക്‌സോ നിയമം ദുരുപയോഗം ചെയ്യുകയാണ് ഇത് വഴി’ -അദ്ദേഹം പറഞ്ഞു.

കള്ളപ്പരാതികള്‍ വരുന്നുണ്ട്. അത് ഒരു ഗ്രൗണ്ട് റിയാലിറ്റിയാണ്. പൊതുവേ ഈ പറയുന്ന ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള കേസുകള്‍ മാത്രമല്ല ബലാത്സംഗ കേസുകള്‍ തുടങ്ങിയവയില്‍ പോലും ഇതുണ്ട്. ചൈല്‍ഡ് എന്ന് പറയുന്നത് 18 വയസുവരെയാണ് 16 നും 18 നും ഇടെയുള്ള ചില കേസുകളില്‍ പരസ്പര സമ്മതത്തോടെയുള്ള ലൈംഗികമായുള്ള ബന്ധം പോലും പിന്നീട് കേസായി വരുന്നുണ്ട്. അത് സത്യമാണ്. പണ്ട് മുതലേ അത്തരം കേസുകള്‍ വരുന്നുണ്ട്. ‘- അദ്ദേഹം പറയുന്നു.

ചൈല്‍ഡ് റൈറ്റ് അവയര്‍നെസ് മുന്‍പത്തേക്കാള്‍ ഉണ്ട്. അതുകൊണ്ട് തന്നെ എല്ലാ കേസുകളും കൃത്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കേരളത്തില്‍ കുട്ടികള്‍ക്കെതിരെയുള്ള സെക്ഷ്വല്‍ ഒഫന്‍സ് കൂടുന്നു എന്ന് പറയുന്നതിന്റെ ഒരു കാര്യവും ഇത് തന്നെയാണ്.  അതോടൊപ്പം തന്നെ വ്യാജപരാതികളും വരുന്നുണ്ട്- അദ്ദേഹം പറഞ്ഞു.

കുട്ടിയുടെ സംരക്ഷണാവകാശം വിട്ടുകിട്ടാന്‍ പിതാവ് കുഞ്ഞിനെ ലൈംഗികചൂഷണം ചെയ്യുന്നെന്ന കള്ളപ്പരാതികള്‍ കൂടിവരുന്നെന്നാണ് കോടതി നിരീക്ഷിച്ചിരിക്കുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ കൃത്യമായ പഠനറിപ്പോര്‍ട്ട് നമ്മുടെ മുന്നിലില്ല.

 

കുറ്റകൃത്യങ്ങളെക്കുറിച്ച് വ്യക്തമായ പഠനമുണ്ടായാല്‍ മാത്രമേ ഇക്കാര്യത്തില്‍ കൃത്യമായ ധാരണയിലെത്താന്‍ കഴിയൂവെന്നാണ് ഈ മേഖലയിലുള്ളവര്‍ വിലയിരുത്തുന്നത്. നമ്മുടെ രാജ്യത്ത് ദുരുപയോഗം ചെയ്യപ്പെടാത്ത നിയമങ്ങള്‍ കുറവാണ്. കള്ളപ്പരാതികള്‍ ഉണ്ടാകുന്നുണ്ടെങ്കില്‍ അത് കൃത്യമായി കണ്ടെത്താനും കേസ് കോടതിയിലെത്തുന്നതിനുമുമ്പ് അന്വേഷണം നടത്താന്‍ പോലീസിന് കഴിയേണ്ടതാണെന്നും ബാലാവകാശ കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു.

ഗാര്‍ഹികപീഡന പരാതിയുമായി ബന്ധപ്പെട്ടും സുപ്രീം കോടതിയും സമാനപരാതി ഉന്നയിച്ചിരുന്നു. സ്ത്രീധന പീഡന കേസുകളില്‍ പരാതിയുടെ നിജസ്ഥിതി ബോധ്യപ്പെടാതെ അറസ്റ്റ് വേണ്ടെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്.

സ്ത്രീധന നിരോധന നിയമത്തിന്റെ ദുരുപയോഗത്തില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ടായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. വൈവാഹിക പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ സ്ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യുന്ന പ്രവണത വര്‍ധിച്ചു വരുന്നതായി കോടതി നിരീക്ഷിച്ചിരുന്നു.

ഇതുവഴി ഭര്‍ത്താവിനെയും മാതാപിതാക്കളെയും പ്രായം ചെന്നവരെയും പ്രായപൂര്‍ത്തിയാകാത്തവരെയും ക്രിമിനല്‍ കേസില്‍ അകപെടുത്തുകയാണെന്നും  ജസ്റ്റിസുമാരായ എ.കെ. ഗോയല്‍, യു.യു. ലളിത് എന്നിവര്‍ അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചിരുന്നു. ഇത്തരം കേസുകളിലെ മനുഷ്യാവകാശ ലംഘനം പരിശോധിക്കണമെന്നുമായിരുന്നു അന്ന് സുപ്രീം കോടതി ഉത്തരവില്‍ പറഞ്ഞത്.

ഗാര്‍ഹിക പീഡന നിയമത്തിന്റെ ദുരുപയോഗം തടയാന്‍ ചില മാര്‍ഗനിര്‍ദേശങ്ങളും സുപ്രീം കോടതി പുറപ്പെടുവിച്ചിരുന്നു.

സ്ത്രീധന പീഡനക്കേസുമായി ബന്ധപ്പെട്ടു ലഭിക്കുന്ന പരാതികളുടെ സത്യാവസ്ഥ ഉറപ്പ് വരുത്താന്‍ കുടുംബ ക്ഷേമ സമിതികള്‍ രൂപവത്കരിക്കണമെന്നതായിരുന്നു പ്രധാന നിര്‍ദേശം. പോലീസിനും കോടതിക്കും ലഭിക്കുന്ന പരാതികള്‍ ഈ സമിതികള്‍ക്ക് കൈമാറണം.

സാമൂഹിക പ്രവര്‍ത്തകര്‍, വിരമിച്ച ഉദ്യോഗസ്ഥര്‍, ലീഗല്‍വളണ്ടിയര്‍മാര്‍ ഉള്‍ക്കൊള്ളുന്ന സമിതികള്‍ പരാതിക്കാരുമായി ആശയവിനിമയം നടത്തി ആരോപണത്തിന്റെ നിജസ്ഥിതി മനസ്സിലാക്കി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്.

ഈ സമിതിയുടെ റിപ്പോര്‍ട്ട് ലഭിക്കുന്നതിന് മുന്‍പ് അറസ്റ്റ് പാടില്ലെന്നും സമിതി പ്രവര്‍ത്തനം ജില്ലാ സെഷന്‍സ് ജഡ്ജി ഓരോ വര്‍ഷവും വിലയിരുത്തണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

ആര്യ അനൂപ്‌
സീനിയര്‍ സബ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.