ന്യൂദല്‍ഹി: രാജ്യത്ത് എല്‍.പി.ജി ക്ഷാമം സംബന്ധിച്ച ആശങ്കകള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുപമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
പരിഭ്രാന്തരാവരുതെന്നാണ് പ്രധാനമന്ത്രി ജനങ്ങളോട് പറയുന്നതെങ്കിലും പല കാരണങ്ങള്‍കൊണ്ടും അദ്ദേഹം സ്വയം പരിഭ്രാന്തനാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
വാണിജ്യ എല്‍.പി.ജി സിലിണ്ടര്‍ ക്ഷാമവുമായി ബന്ധപ്പെട്ട് സര്‍ക്കാരില്‍ നിന്ന് ഉത്തരവാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയും പ്രിയങ്കഗാന്ധിയുമുള്‍പ്പടെയുള്ള നിരവധി പ്രതിപക്ഷ എം.പിമാര്‍ പാര്‍ലമെന്റ് ഹൗസ് സമുച്ചയത്തിന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
എപ്സ്റ്റീന്‍ കാരണം അദ്ദേഹം പരിഭ്രാന്തനാണ്, അദാനി കേസ് കാരണം അദ്ദേഹം പരിഭ്രാന്തനാണ്, അദ്ദേഹത്തിന് സഭയ്ക്കുള്ളില്‍ വരാന്‍ കഴിയുന്നില്ല. ഇന്നലെ പ്രധാനമന്ത്രിയുടെ കസേര ഒഴിഞ്ഞുകിടക്കുന്നത് നിങ്ങള്‍ കണ്ടു. അത് അദ്ദേഹം പരിഭ്രാന്തനായതിനാലാണ്,’ രാഹുല്‍ ഗാന്ധി പറഞ്ഞു.
പ്രധാനമന്ത്രി സഭയില്‍ വരാന്‍ മടിക്കുന്നത് ഈ ഭയം കൊണ്ടാണെന്നും ഇന്നലെ (ബുധന്‍) പ്രധാനമന്ത്രിയുടെ കസേര ഒഴിഞ്ഞു കിടന്നത് ഇതിനുളള തെളിവാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ കാരണം രാജ്യത്ത് നിലനില്‍ക്കുന്ന എല്‍.പി.ജി ക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും ജനങ്ങള്‍ പരിഭ്രാന്തരാവേണ്ട കാര്യമില്ലെന്നും പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.
ഇന്ധന ക്ഷാമം മൂലം വാണിജ്യാവശ്യങ്ങള്‍ക്കുള്ള എല്‍.പി.ജി സിലിണ്ടറുകള്‍ സര്‍ക്കാര്‍ പരിമിതപ്പെടുത്തിയിരുന്നു. ഇത് കാരണം പല ഹോട്ടലുകളും റെസ്‌റ്റോറന്റുകളും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്.
Content Highlight: PM tells people not to panic; but he himself is panicking: Rahul Gandhi
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.