ന്യൂദല്‍ഹി: ബാലാകോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഉന്നയിക്കുന്ന സംശയങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറഞ്ഞേ തീരൂവെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ കപില്‍ സിബല്‍.
ബാലാകോട്ട് നടന്ന വ്യോമസേന ആക്രമണത്തില്‍ ആരെങ്കിലും കൊല്ലപ്പെട്ടോ എന്ന ചോദ്യം അന്താരാഷ്ട്രമാധ്യമങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്നും അതിന് മോദി മറുപടി പറഞ്ഞേ തീരൂവെന്നായിരുന്നു കപില്‍ സിബല്‍ ആവശ്യപ്പെട്ടത്.
“”ബാലാകോട്ട് നടന്ന വ്യോമസേന ആക്രമണത്തില്‍ ആരെങ്കിലും കൊല്ലപ്പെട്ടോ എന്ന ചോദ്യം അന്താരാഷ്ട്രമാധ്യമങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. എനിക്ക് മോദിയോടാണ് ചോദിക്കാനുള്ളത്. അന്താരാഷ്ട്ര മാധ്യമങ്ങള്‍ പാക്കിസ്ഥാനെ പിന്തുണയക്കുന്നുവെന്നാണോ?
അന്താരാഷ്ട്ര മാധ്യമങ്ങള്‍ പാക്കിസ്ഥാനെതിരെ സംസാരിക്കുമ്പോള്‍ താങ്കള്‍ ആവേശഭരിതനാകുന്നു. എന്നാല്‍ അവര്‍ ഇന്ത്യയ്‌ക്കെതിരെ ഒരു ചോദ്യമുയര്‍ത്തുമ്പോള്‍ അവര്‍ പാക്കിസ്ഥാനെ പിന്തുണയ്ക്കുന്നവരാകുകയാണോ?- കപില്‍ സിബല്‍ ചോദിച്ചു.
കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം കൃത്യമായി പുറത്തു വിടണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആവശ്യപ്പെട്ടിരുന്നു. 300 പേര്‍ കൊല്ലപ്പെട്ടെന്ന് ഇന്ത്യന്‍ മാധ്യമങ്ങള്‍ പറയുന്നു.എന്നാല്‍ അത്തരത്തിലൊന്നും സംഭവിച്ചിട്ടില്ലെന്നാണ് അന്തരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നത്. ശരിയായ കാര്യങ്ങള്‍ പുറത്തുവരണമെന്നും മമത ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇന്ന് നടന്ന ബി.ജെ.പി യോഗത്തിനിടെ ബാലാകോട്ട് 250 പേര്‍ കൊല്ലപ്പെട്ടുവെന്ന പ്രസ്താവനയുമായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രംഗത്തെത്തിയിരുന്നു.
മരണസംഖ്യയെ കുറിച്ച് വ്യക്തമായി പറയാന്‍ കഴിയില്ലെന്ന് വ്യോമസേന സ്ഥിരീകരിക്കുമ്പോഴാണ് അമിത് ഷായുടെ പ്രസ്താവന. മരണസംഖ്യയുമായി ബന്ധപ്പെട്ട് ആദ്യമായാണ് ബി.ജെ.പി നേതൃത്വത്തില്‍ നിന്നും പ്രതികരണം വരുന്നത്.