ന്യൂദല്‍ഹി: മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജിവെക്കണമെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.
ദല്‍ഹി സെക്രട്ടറിയേറ്റിനുള്ളില്‍ കെജ്‌രിവാളിനെതിരെ ഒരാള്‍ മുളക് പൊടിയെറിഞ്ഞ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കെജ്‌രിവാളിന്റെ വിമര്‍ശനം. പാര്‍ട്ടി ഹെഡ്ക്വാട്ടേഴ്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവംബര്‍ 20നു തനിക്കുനേരെ നടന്ന ആക്രമണത്തിനു പിന്നില്‍ ബി.ജെ.പിയാണെന്നും കെജ്‌രിവാള്‍ ആരോപിച്ചു. തന്റെ സര്‍ക്കാര്‍ ചെയ്ത നല്ലകാര്യങ്ങള്‍ കണ്ട് പരിഭ്രമിച്ചാണ് ബി.ജെ.പി തന്നെ ആക്രമിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Also Read:വെടിയുണ്ടയുമായി അരവിന്ദ് കെജ്‌രിവാളിനെ കാണാനെത്തിയ പുരോഹിതന്‍ അറസ്റ്റില്‍
12 വര്‍ഷക്കാലം ഗുജറാത്ത് മുഖ്യമന്ത്രിയായി മോദി ചെയ്തതിനേക്കാള്‍ മൂന്നുവര്‍ഷം കൊണ്ട് ദല്‍ഹിയില്‍ ആം ആദ്മി സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്നും കെജ്‌രിവാള്‍ അവകാശപ്പെട്ടു.
“സത്യസന്ധനായ മുഖ്യമന്ത്രിയെ ഓര്‍ത്ത് ദല്‍ഹി ജനത അഭിമാനിക്കുന്നു. പ്രധാനമന്ത്രിയെക്കുറിച്ചോര്‍ത്ത് ഇതേ വികാരം ഉണ്ടോയെന്ന് ഇന്ത്യന്‍ ജനതയോട് ഞാന്‍ ചോദിക്കാനാഗ്രഹിക്കുന്നു.” കെജ്‌രിവാള്‍ പറഞ്ഞു.
വിജയ് മല്യ, നീരവ് മോദി, റാഫേല്‍ ഇടപാട് വിഷയങ്ങളിലെ അഴിമതി ആരോപണത്തിന്റെ പേരില്‍ മോദി സര്‍ക്കാറിനെ കെജ്‌രിവാള്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.