ഇന്ത്യ-കാനഡ കരാര്‍ ഭാവിയിലേക്കുള്ള ഗതിമാറ്റമെന്ന് കാര്‍ണി; തികച്ചും ശരിയെന്ന് പ്രധാനമന്ത്രി
India
ഇന്ത്യ-കാനഡ കരാര്‍ ഭാവിയിലേക്കുള്ള ഗതിമാറ്റമെന്ന് കാര്‍ണി; തികച്ചും ശരിയെന്ന് പ്രധാനമന്ത്രി
രാഗേന്ദു. പി.ആര്‍
Wednesday, 4th March 2026, 8:46 am

ന്യൂദല്‍ഹി: കാനഡയുമായുള്ള കരാര്‍ പുതുക്കപ്പെട്ട ഒരു പങ്കാളിത്തത്തിന് ശക്തമായ അടിത്തറ പാകിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് വിശ്വാസം, വളര്‍ച്ച, വികസനം എന്നിവയാല്‍ നിര്‍വചിക്കപ്പെട്ട ഒരു ഭാവിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. എക്‌സ് പോസ്റ്റിലൂടെയാണ് മോദിയുടെ പ്രതികരണം.

കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ പ്രതികരണം പങ്കുവെച്ചുകൊണ്ടാണ് പ്രധാനമന്ത്രിയുടെ പോസ്റ്റ്. ഭാവിയിലേക്കുള്ള ഗതിമാറ്റമാണ് ഇന്ത്യയുമായുള്ള കരാറിലൂടെ ഉണ്ടായിരിക്കുന്നതെന്നാണ് കാര്‍ണിയുടെ പ്രതികരണം.

കാനഡയിലെ ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാര്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ ഇന്ത്യയുടെ ഗൂഢാലോചനയുണ്ടന്ന് മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഇതിനുപിന്നാലെയാണ് ഇരുരാജ്യങ്ങളും കരാറിലെത്തുന്നത്.

സ്വന്തം ഭാവിയെ കുറിച്ച് ആത്മവിശ്വാസമുള്ള രണ്ട് രാജ്യങ്ങള്‍ക്കിടയിലാണ് നിലവില്‍ കരാര്‍ ഉണ്ടായിരുന്നതെന്നും മാര്‍ക്ക് കാര്‍ണി പറഞ്ഞു. 1.9 ബില്യണ്‍ യു.എസ് ഡോളറിന്റെ യുറേനിയം സമ്പുഷ്ടീകരണ കരാറിലാണ് ഇന്ത്യയും കാനഡയും ഒപ്പുവെച്ചത്.

ഇരു രാജ്യങ്ങളും മോഡുലാര്‍ ന്യൂക്ലിയര്‍ റിയാക്ടറുകള്‍ നിര്‍മിക്കുന്നതില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നാണ് കരാറിലെ വ്യവസ്ഥ. ഇന്ത്യന്‍ ഡിപ്പാര്‍ട്‌മെന്റ് ഓഫ് അറ്റോമിക് എനര്‍ജിയും ലോകത്തെ ഏറ്റവും വലിയ യുറേനിയം നിര്‍മാണ കമ്പനികളില്‍ ഒന്നായ കമേക്കോയുമാണ് കരാറില്‍ എത്തിയത്.

2027 മുതല്‍ 2035 വരെ 11,000 ടണ്‍ റിയാക്ടറുകള്‍ കമേക്കോ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുമെന്നാണ് കരാറില്‍ പറയുന്നത്.

സൗരോര്‍ജം, പ്രകൃതി വാതകങ്ങള്‍, ധാതുക്കള്‍, ഹൈഡ്രജന്‍ തുടങ്ങിയ മേഖലകളില്‍ സഹകരണം ഉറപ്പാക്കുന്ന കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്.

2030 ആകുമ്പോഴേക്കും ഇരുരാജ്യങ്ങളും 50 ബില്യണ്‍ ഡോളറിന്റെ വ്യാപാരം നടത്തുമെന്നും സാമ്പത്തിക സഹകരണത്തിന്റെ മുഴുവന്‍ ശേഷിയും പുറത്തെടുക്കുന്നതിലാണ് മുന്‍ഗണനയെന്നും പ്രധാനമന്ത്രി മോദി നേരത്തെ പറഞ്ഞിരുന്നു. 2024-25ല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഒമ്പത് ബില്യണ്‍ ഡോളറായിരുന്നു.

ഇറാനെതിരെ അമേരിക്കയും ഇസ്രഈലും ചേര്‍ന്ന് ആക്രമണം നടത്തുന്ന സാഹചര്യത്തിൽ കൂടിയാണ് കാനഡ ഇന്ത്യയോട് കൂടുതല്‍ അടുക്കുന്നത്.

Content Highlight: PM Modi says agreement with Canada has laid a strong foundation for a renewed partnership

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.