| Sunday, 22nd February 2026, 12:47 pm

'ആ കുഞ്ഞ് എന്നും ഓര്‍മിക്കപ്പെടും' മന്‍കി ബാത്തില്‍ ആലിന്‍ ഷെറിനെ പരാമര്‍ശിച്ച് പ്രധാനമന്ത്രി

രാഗേന്ദു. പി.ആര്‍

ന്യൂദല്‍ഹി: കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിന്‍ ഷെറിനെ മന്‍കി ബാത്തില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിരവധി സ്വപ്നങ്ങള്‍ ബാക്കി വെച്ചാണ് ആലിന്‍ മടങ്ങിയതെന്നും ആ കുഞ്ഞ് എന്നും ഓര്‍മിക്കപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ആലിന്‍ ഏറെക്കാലം ജീവിച്ചിരിക്കേണ്ട കുഞ്ഞായിരുന്നുവെന്നും നമുക്ക് എല്ലാമെല്ലാമായ കുഞ്ഞിനെ നഷ്ടപ്പെടുന്നത് തീരാദുഖമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ആ വേദനക്കിടയിലും കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചു. അത് വലിയയൊരു തീരുമാനമായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ ഓരോ പൗരനും ആലിന്‍ ഷെറിന്റെ മാതാപിതാക്കളെ ആദരവോടെ നമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വന്തം കുഞ്ഞ് നഷ്ടപ്പെട്ടിട്ടും മറ്റുള്ളവരെ സഹായിക്കാനാണ് ആ രക്ഷിതാക്കള്‍ മുന്നോട്ടുവന്നതെന്നും പ്രധാനമന്ത്രി പ്രതികരിച്ചു.

അവയവദാനത്തില്‍ ഇന്ത്യ വളരെ മുന്നിലാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. എത്രയധികം ആളുകളാണ് അവയവങ്ങള്‍ സ്വീകരിച്ച് സാധാരണ ജീവിതത്തിലേക്ക് തിരികെ വന്നതെന്നും അദ്ദേഹം പറഞ്ഞു.

അവയവദാനം എന്നും പ്രോത്സാഹിപ്പിക്കപ്പെടണമെന്നും അവയവദാനം മഹത് കൃത്യമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഫെബ്രുവരി അഞ്ചിന് റോഡപകടത്തില്‍പ്പെട്ട് ഗുരുതരാവസ്ഥയിലായ കുഞ്ഞ് എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെ മസ്തിഷ്‌ക മരണം സംഭവിച്ചു. തുടര്‍ന്നാണ് രക്ഷിതാക്കള്‍ അവയവദാനത്തിന് സന്നദ്ധത അറിയിച്ചത്.

കുഞ്ഞിന്റെ രണ്ട് വൃക്കകളും ഹൃദയ വാല്‍വും കരളും നേത്ര പടലങ്ങളുമാണ് ദാനം ചെയ്തത്. കൊച്ചി അമൃത ആശുപത്രിയില്‍ വെച്ചാണ് ശസ്ത്രക്രിയ നടന്നത്. എറണാകുളം എം.സി റോഡിലുണ്ടായ അപകടത്തിലാണ് ആലിന് ഗുരുതരമായി പരിക്കേറ്റത്.

ഔദ്യോഗിക ബഹുമതികളോട് കൂടിയായിരുന്നു ആലിന്റെ സംസ്‌കാരം. പത്തനംതിട്ട നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സി.എസ്.ഐ പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം നടന്നത്.

അതേസമയം കേരളത്തില്‍ നടന്ന കുംഭമേളയെ കുറിച്ചും പ്രധാനമന്ത്രി മന്‍കി ബാത്തില്‍ പരാമര്‍ശിച്ചു. കേരളത്തിന്റെ മഹത്തായ സംസ്‌കാരമാണ് കുംഭമേളയിലൂടെ കണ്ടതെന്നാണ് മോദിയുടെ പരാമര്‍ശം. ഇന്ത്യയിലെ കര്‍ഷകര്‍ വലിയ പുരോഗതിയാണ് കൈവരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളം, കര്‍ണാടക, ഒഡീഷ എന്നീ സംസ്ഥാനങ്ങളുടെ പേരെടുത്ത് പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി സംസാരിച്ചത്.

Content Highlight: PM Modi remembered aalin sherin

ഇനി ഓരോ പ്രധാന വാർത്തകളും നേരിട്ട് നിങ്ങളിലെത്തും. അം​ഗമാകൂ ഡൂൾന്യൂസ് വാട്സ്ആപ്പ് ചാനലിൽ

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more