തിരുവനന്തപുരം: ഗവണ്‍മെന്റ് പ്ലീഡര്‍ നിയമന വിവാദത്തില്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കാതെ മുഖ്യമന്ത്രി വി.ഡി സതീശന്‍.
ഗവണ്‍മെന്റ് പ്ലീഡറെ നിയമിക്കുന്നതില്‍ കെ.എസ്.യുവിന് യാതൊരു പങ്കുമില്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഈ അധിക്ഷേപ പരാമര്‍ശത്തിന് പിന്നാലെയാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ അലോഷ്യസ് സേവ്യര്‍ അനുമതി തേടിയത്.
കെ.എസ്.യുവിനെതിരെയുള്ള വി.ഡി സതീശന്റെ പരിഹാസത്തിനെതിരെ നിരവധി നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ അദ്ദേഹവുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുമെന്ന് അലോഷ്യസ് സേവ്യര്‍ ഇന്നലെ തന്നെ അറിയിച്ചിരുന്നു. ‘കേരളത്തിലെ കെ.എസ്.യു പ്രവര്‍ത്തകരുടെ വികാരം ഉള്‍ക്കൊണ്ടുകൊണ്ട് അവര്‍ക്ക് വേണ്ടിയാണ് ചില ഘട്ടങ്ങളില്‍ സംസ്ഥാന അധ്യക്ഷന്‍ സംസാരിക്കുന്നത്. പ്രവര്‍ത്തകരുടെ ആശങ്ക സ്വാഭാവികമായിട്ടും സംസ്ഥാന കമ്മിറ്റിയുടെ കൂടി ആശങ്കയാണ്.
അത് മുഖ്യമന്ത്രിയെ നേരിട്ട് അറിയിക്കും. തിരുവനന്തപുരം ഗവ. ലോ കോളജിലെ മുന്‍ യൂണിറ്റ് പ്രസിഡന്റുമാര്‍ അറിയിച്ച ആശങ്ക കേരളത്തിലെ കെ.എസ്‌യുക്കാരുടെ കൂടി ആശങ്കയാണ്,’ അലോഷ്യസ് സേവ്യര്‍ പറഞ്ഞു.
പ്ലീഡര്‍ നിയമനത്തില്‍ തനിക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും മാധ്യമങ്ങളാണ് വിവാദം ഊതിപ്പെരുപ്പിക്കുന്നതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. തിരുവനന്തപുരം ലോ കോളജ് കെ.എസ്.യുവും അബിന്‍ വര്‍ക്കി ഉള്‍പ്പെടെ പരാതികള്‍ ഉന്നയിച്ചുവെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, അവരൊന്നും അല്ലല്ലോ പ്ലീഡര്‍മാരെ തീരുമാനിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസിന്റെ പോഷക സംഘടനകള്‍ തരുന്ന ലിസ്റ്റില്‍ ഒപ്പിടാനല്ലല്ലോ സര്‍ക്കാര്‍ ഇരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിലുള്ള പ്രതിഷേധം അറിയിക്കാനായിരുന്നു കെ.എസ്.യു നേതാക്കള്‍ കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയത്.
മുഖ്യമന്ത്രി അധികാരത്തിലെത്തിയ ശേഷം ഒരിക്കല്‍ പോലും കെ.എസ്.യുവുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറായിട്ടില്ലെന്നും അലോഷ്യസ് പറയുന്നു. നിലവില്‍ നേതാക്കള്‍ തലസ്ഥാനത്ത് തന്നെ തുടരുകയാണ്.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.