ഏഷ്യാ കപ്പിന് കൊടിയേറാന്‍ ഇനി വെറും രണ്ട് ദിവസത്തിന്റെ മാത്രം കാത്തിരിപ്പ്. 2023ല്‍ നേടിയ കിരീടം നിലനിര്‍ത്താനുറച്ച് കളത്തിലിറങ്ങുന്ന ഇന്ത്യ തന്നെയാണ് ഇത്തവണത്തെയും ഫേവറിറ്റുകള്‍. സൂര്യകുമാര്‍ യാദവിന് കീഴില്‍ ഇന്ത്യ തങ്ങളുടെ ഒമ്പതാം കിരീടം സ്വന്തമാക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
മറ്റേത് ടീമിനെയും തകര്‍ത്തെറിയാന്‍ പോന്ന സ്‌ക്വാഡ് ഡെപ്ത് തന്നെയാണ് ഇന്ത്യയുടെ കരുത്ത്. അഭിഷേകും സഞ്ജുവും ക്യാപ്റ്റന്‍ സൂര്യയും വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും മുതല്‍ മിഡില്‍ ഓര്‍ഡറിലെ റിങ്കു സിങ് അടക്കമുള്ള വമ്പനടിവീരന്‍മാര്‍ ഇന്ത്യന്‍ നിരയില്‍ കരുത്താകും.
സ്‌ക്വാഡിലെ അഞ്ച് താരങ്ങള്‍ അന്താരാഷ്ട്ര ടി-20 സെഞ്ച്വറി നേടിയവരാണ്. ഇവര്‍ അഞ്ച് പേരും ചേര്‍ന്ന് അടിച്ചെടുത്തതാകട്ടെ 12 സെഞ്ച്വറികളും.
ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ് ഇക്കൂടത്തില്‍ ഒന്നാമന്‍. നാല് അന്താരാഷ്ട്ര ടി-20കള്‍ താരത്തിന്റെ പേരില്‍ കുറിക്കപ്പെട്ടിട്ടുണ്ട്. വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ മൂന്ന് സെഞ്ച്വറികള്‍ അടിച്ചുകൂട്ടിയപ്പോള്‍ അഭിഷേക് ശര്‍മയും തിലക് വര്‍മയും രണ്ട് വീതം സെഞ്ച്വറികളും നേടിയിട്ടുണ്ട്. ഒരു സെഞ്ച്വറിയാണ് വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ പേരിലുള്ളത്.
ഏഷ്യാ കപ്പിലെ മറ്റ് ടീമുകള്‍ക്കൊന്നും തന്നെ ഇത്രത്തോളം സെഞ്ച്വറികളില്ല. പാകിസ്ഥാന്‍ സ്‌ക്വാഡിലെ എല്ലാ താരങ്ങളും ചേര്‍ന്ന് മൂന്ന് സെഞ്ച്വറികള്‍ മാത്രമാണ് നേടിയിട്ടുള്ളത് എന്നറിയുമ്പോഴാണ് ഇന്ത്യയുടെ ബാറ്റിങ് യൂണിറ്റിന്റെ കരുത്ത് വ്യക്തമാകുന്നത്.
ഫഖര്‍ സമാന്‍, ഹസന്‍ നവാസ്, മുഹമ്മദ് ഹാരിസ് എന്നിവരാണ് പാക് നിരയില്‍ സെഞ്ച്വറിയടിച്ചത്.
ഹോങ് കോങ്ങിന്റെ വൈസ് ക്യാപ്റ്റന്‍ ബാബര്‍ ഹയാത് മാത്രമാണ് ടീമിനായി അന്തരാഷ്ട്ര തലത്തില്‍ സെഞ്ച്വറി നേടിയത്. രണ്ട് തവണയാണ് ബാബര്‍ ഹയാത്ത് അന്താരാഷ്ട്ര ടി-20യില്‍ സെഞ്ച്വറി നേടിയത്. അന്താരാഷ്ട്ര തലത്തില്‍ ഒന്നിലധികം ടി-20 സെഞ്ച്വറി നേടിയ താരങ്ങളിലും ബാബര്‍ ഹയാത്ത് സ്ഥാനം പിടിച്ചിട്ടുണ്ട്.
അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക, യു.എ.ഇ സ്‌ക്വാഡിലെ ഓരോ താരങ്ങള്‍ വീതം അന്താരാഷ്ട്ര ടി-20യില്‍ സെഞ്ച്വറിയടിച്ചിട്ടുണ്ട്. ഓരോ സെഞ്ച്വറി വീതമാണ് മൂവരും അടിച്ചെടുത്തത്. ശ്രീലങ്കന്‍ നിരയില്‍ കുശാല്‍ പെരേര, അഫ്ഗാനിസ്ഥാനായി റഹ്‌മാനുള്ള ഗുര്‍ബാസ് എന്നിവര്‍ ട്രിപ്പിള്‍ ഡിജിറ്റ് തൊട്ടപ്പോള്‍ ക്യാപ്റ്റന്‍ മുഹമ്മദ് വസീമാണ് യു.എ.ഇയുടെ ഏക സെഞ്ചൂറിയന്‍.
നിലവിലെ ഏഷ്യാ കപ്പിനുള്ള ബംഗ്ലാദേശ്, ഒമാന്‍, ടീമുകളിലെ താരങ്ങള്‍ മാത്രമാണ് സെഞ്ച്വറി നേടാത്തത്.
Content Highlight: Players with international T20i Centuries featuring in Asia Cup