ഐ.പി.എല്‍ 2025ന് മുന്നോടിയായുള്ള താരലേലത്തിന് ആവേശപൂര്‍വമാണ് കൊടിയിറങ്ങിയത്. എല്ലാ ടീമുകളും ശക്തമായ സ്‌ക്വാഡുമായി കിരീടത്തിനായി പടയൊരുക്കം ആരംഭിച്ചിരിക്കുകയാണ്.
വെടിക്കെട്ട് വീരന്‍മാരും വിക്കറ്റ് വേട്ടക്കാരുമായി എല്ലാ ടീമുകളും സ്റ്റേബിളായ സ്‌ക്വാഡ് തന്നെയാണ് പടുത്തുയര്‍ത്തിയിരിക്കുന്നത്. ഐ.പി.എല്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരനായ യൂസ്വേന്ദ്ര ചഹലിനെ പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയപ്പോള്‍ എക്കാലത്തെയും മികച്ച റണ്‍ വേട്ടക്കാരനായ വിരാട് കോഹ്‌ലി ഇത്തവണയും റോയല്‍ ചലഞ്ചേഴ്‌സിനൊപ്പം തുടര്‍ന്നു.
കിരീടം നിലനിര്‍ത്താനുറച്ചാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം പടുത്തുയര്‍ത്തിയിരിക്കുന്നത്. ക്രിക്കറ്റ് ലോകത്തിന്റെ എല്ലാ കോണില്‍ നിന്നുള്ള വെടിക്കെട്ട് വീരന്‍മാര്‍ നൈറ്റ് റൈഡേഴ്‌സ് സ്‌ക്വാഡിലുണ്ട്.
ടി-20 ഫോര്‍മാറ്റില്‍ മുന്നൂറിലധികം സിക്‌സര്‍ നേടിയ ഒന്നും രണ്ടുമല്ല അഞ്ച് താരങ്ങളാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പടകുടീരത്തിലുള്ളത്.
പല ടീമുകളിലും ഒന്നും രണ്ടും താരങ്ങള്‍ മാത്രമുള്ളപ്പോഴാണ് കൊല്‍ക്കത്ത അഞ്ച് വെടിക്കെട്ട് വീരന്‍മാരെ ഈഡന്‍ ഗാര്‍ഡന്‍സിലെത്തിച്ചിരിക്കുന്നത്. ഇത് പരിഗണിക്കുമ്പോള്‍ ടി-20 ഫോര്‍മാറ്റിലെ ഏറ്റവും എക്‌സ്പീരിയന്‍സ്ഡായ ബാറ്റിങ് നിരയിലാണ് നിലവില്‍ കെ.കെ.ആറിനൊപ്പമുള്ളത് എന്ന് പറയേണ്ടി വരും.
താരലേലത്തിന് ശേഷം ഓരോ ടീമിലും 300+ ടി-20 സിക്‌സറുകള്‍ നേടിയ താരങ്ങളെ പരിശോധിക്കാം.