ഐ.പി.എല്‍ ചരിത്രത്തിലെ എക്കാലത്തേയും മികച്ച ടീമുകളില്‍ ഒന്നാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. നാല് ട്രോഫികള്‍ നേടി ഏറ്റവും കൂടുതല്‍ കിരീടമുയര്‍ത്തിയ രണ്ടാമത്തെ ടീം.
എന്നാല്‍ ഈ സീസണില്‍ മോശം പ്രകടനമായിരുന്നു ടീം നടത്തിയത്. ടൂര്‍ണമെന്റിന്റെ ഒരുഘട്ടത്തില്‍ പോലും സൂപ്പര്‍ കിംഗ്‌സ് മികച്ചുനിന്നില്ല. എന്തായാലും നിലവിലുള്ള ടീമില്‍ നിന്നും വന്‍ അഴിച്ചു പണി തന്നെ പ്രതീക്ഷിക്കാം.
നിലവിലെ ടീമില്‍ നിന്നും സി.എസ്.കെ പുറത്താക്കാന്‍ സാധ്യതയുള്ള മൂന്ന് താരങ്ങളെ നോക്കാം.
3-ക്രിസ് ജോര്‍ദാന്‍
ഇംഗ്ലണ്ട് ടീമിന്റെ ഡെത്ത് ഓവര്‍ സ്‌പ്യെലിസ്റ്റ് ബൗളറായ ജോര്‍ദാന്‍ പക്ഷെ ഇതുവരെ ഐ.പി.എല്ലില്‍ ഓര്‍ത്തുവെക്കാവുന്ന ഒരു പ്രകടനം നടത്തിയിട്ടില്ല. ഈ വര്‍ഷം സി.എസ്.കെക്ക് വേണ്ടിയും വളരെ മോശം പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്.
ടി20 സ്‌പെഷ്യലിസ്റ്റായ ക്രിസ് ജോര്‍ദാനെ ചെന്നൈ സൂപ്പര്‍ കിംഗ്സ് 3.60 കോടി രൂപയ്ക്കായിരുന്നു സ്വന്തമാക്കിയത്. നാല് ഇന്നിംഗ്സുകളില്‍ നിന്ന് രണ്ട് വിക്കറ്റ് മാത്രം വീഴ്ത്തിയ ജോര്‍ദാന് ഈ ഐ.പി.എല്‍ പേടിസ്വപ്‌നം തന്നെയായിരിക്കും.
8.9 ഇക്കോണമിയിലാണ് ജോര്‍ദാന്‍ റണ്‍ വിട്ട് നല്‍കികൊണ്ടിരുന്നത്. ഗുജറാത്തിനെതിരെയുള്ള മത്സരത്തിലായിരുന്നു ഇംഗ്ലീഷ് ഓള്‍റൗണ്ടറുടെ ഏറ്റവും മോശം സ്‌പെല്‍. 18-ാം ഓവറില്‍ ജോര്‍ദാന്‍ 25 റണ്‍സ് വിട്ടുകൊടുത്തുകൊണ്ട് ഏറെക്കുറെ ചെന്നൈയുടെ പോക്കറ്റിലായിരുന്ന മത്സരം ആ ഓവറില്‍ താരം നഷ്ടപ്പെടുത്തുകയായിരുന്നു.
തീര്‍ച്ചയായും ജോര്‍ദാനെ വിട്ട് നല്‍കി കുറച്ചുകൂടി നല്ല ഫോറിയന്‍ ഓള്‍റൗണ്ടറെ ടീമിലെത്തിക്കാനായിരിക്കും സി.എസ്.കെ ശ്രമിക്കുക.
2- തുഷാര്‍ ദെഷ്പാണ്ഡെ
20 ലക്ഷത്തിന് ടീമിലെത്തിച്ച തുഷാര്‍ ദെഷ്പാണ്ഡെയ്ക്ക് പക്ഷെ ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ സാധിച്ചില്ലായിരുന്നു. സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് പരിക്കേറ്റ സി.എസ്.കെയുടെ സ്റ്റാര്‍ പേസര്‍ ദീപക് ചാഹറിന് പകരക്കാരനായിട്ടായിരുന്നു ഈ യുവതാരത്തെ ടീമിലെത്തിച്ചത്.
അടുത്ത കൊല്ലം ചാഹര്‍ തിരിച്ചുവരുന്നതോടുകൂടി താരത്തെ സി.എസ്.കെ വിട്ടേക്കും. അടുത്ത സീസണില്‍ ചെപ്പോക്കിലായിരിക്കും സി.എസ്.കെയുടെ 50% മത്സരങ്ങളും. ചെപ്പോക്കിലെ സാഹചര്യത്തില്‍ ഇത്രയും ബൗളര്‍മാരുടെ ആവശ്യം സി.എസ്.കെക്ക് ഉണ്ടാവില്ല.
ഐ.പി.എല്ലിലെ എക്കാലത്തേയും മികച്ച കളിക്കാരില്‍ ഒരാളാണ് ഉത്തപ്പ. എന്നാല്‍ ഇത്തവണ സൂപ്പര്‍ കിംഗസിനായി ശരാശരിയിലും താഴെയുള്ള പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്.
ഓപ്പണിംഗില്‍ റിതുരാജ് ഗെയ്ക്വാദും കോണ്‍വേയും ഇറങ്ങുന്ന സി.എസ്.കെയില്‍ മൂന്നാമന്റെ സ്ഥാനം മോയിന്‍ അലി ഉറപ്പിച്ചതാണ്. ആദ്യ മൂന്ന് നമ്പറില്‍ കളിക്കുന്ന ഉത്തപ്പ പകരം മിഡില്‍ ഓര്‍ഡറില്‍ കളിക്കുന്ന ഒരു യുവതാരത്തെ ടീമിലെത്തിക്കാനായിരിക്കും സി.എസ്.കെ ശ്രമിക്കുക.
2021 സീസണില്‍ പരിക്ക് പറ്റിയ സുരേഷ് റെയ്‌നക്ക് പകരം ആദ്യ ഇലവനില്‍ കളിക്കാന്‍ ചാന്‍സ് കിട്ടിയ ഉത്തപ്പ മികച്ച പ്രകടനമായിരുന്നു ആ സീസണില്‍ കാഴ്ചവെച്ചത്. എന്നാല്‍ ഈ സീസണില്‍ ഒന്ന് രണ്ട് കളിയൊഴികെ മോശം പ്രകടനമായിരുന്നു താരം നടത്തിയത്.
അവസാന അഞ്ച് മത്സരങ്ങളില്‍ നിന്നും വെറും 35 റണ്ണാണ് ഉത്തപ്പ സ്‌കോര്‍ ചെയതത്. മോശം പ്രകടനം കാഴ്ചവെക്കുന്ന ഒരു 36കാരന്‍ ഒരിക്കലും ഒരു ടീമിന്റെ പ്ലാനില്‍ കാണില്ല.
യുവതാരങ്ങളേയും ആവശ്യമുള്ള പൊസിഷനിലേക്കുള്ള താരങ്ങളെയായിരിക്കും സി.എസ്.കെ ടീമിലെത്തിക്കുവാന്‍ ശ്രമിക്കുക.