മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി–ഖാലിദ് റഹ്‌മാൻ കൂട്ടുകെട്ടിലെ പുതിയ ചിത്രത്തിന്റെ നിർമാണം പ്ലാൻ ബി മോഷൻ പിക്ചേഴ്സ് ഏറ്റെടുത്തു. തുടക്കത്തിൽ നിർമാതാക്കളായി പ്രഖ്യാപിച്ചിരുന്ന ക്യൂബ്സ് എന്റർടൈൻമെന്റ്സ് പദ്ധതിയിൽ നിന്ന് പിന്മാറിയതോടെയാണ് ചിത്രം പ്ലാൻ ബി മോഷൻ പിക്ചേഴ്സ് ഏറ്റെടുത്തത്.
‘മാർക്കോ’, ‘കാട്ടാളൻ’ തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാക്കളായ ക്യൂബ്സ് എന്റർടൈൻമെന്റ്സ് പിന്മാറിയതിന് പിന്നാലെ, ഖാലിദ് റഹ്‌മാനും പങ്കാളിയായിരിക്കുന്ന പ്ലാൻ ബി മോഷൻ പിക്ചേഴ്സാണ് ചിത്രത്തിന്റെ നിർമ്മാണ ചുമതല ഏറ്റെടുത്തിരിക്കുന്നത്. പ്രതിഫലത്തെ ചൊല്ലിയുള്ള തർക്കങ്ങളാണ് ക്യൂബ്സിന്റെ പിന്മാറ്റത്തിന് കാരണമെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതേസമയം, ക്യൂബ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന മറ്റൊരു മമ്മൂട്ടി ചിത്രം കൂടി ഒരുങ്ങുന്നുണ്ട്. ഈ ചിത്രത്തിന്റെ സംവിധാന ചുമതല അൻവർ റഷീദ് അല്ലെങ്കിൽ ഹനീഫ് അദേനി ഏറ്റെടുക്കുമെന്ന അഭ്യൂഹങ്ങളാണിപ്പോൾ ഉയരുന്നത്. എന്നാൽ സംവിധായകനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ വന്നിട്ടില്ല.
ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്ത നസ്‌ലെന് നായകനായ സൂപ്പർഹിറ്റ് ചിത്രം ആലപ്പുഴ ജിംഖാനയും പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ നിർമ്മാണത്തിലായിരുന്നു. അതിന് ശേഷമാണ് മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാൻ പുതിയ ചിത്രം ഒരുക്കുന്നത്.
ആലപ്പുഴ ജിംഖാനയ്ക്ക് ശേഷം ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നസ്‌ലെന്, ആസിഫ് അലി എന്നിവരെ കൂടാതെ വൻ താരനിരയാണുള്ളത്. ആഗസ്റ്റിൽ മട്ടാഞ്ചേരിയിൽ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ചിത്രത്തിന് സുഹാസ്–ഷറഫ്–നിയോഗ് കൃഷ്ണ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്.
നിതീഷ് സഹദേവിന്റെ ചിത്രത്തിന് ശേഷം ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ മമ്മൂട്ടി അഭിനയിക്കുന്ന ഈ ചിത്രം, ‘ഉണ്ട’യ്ക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന പ്രോജക്ട് എന്ന പ്രത്യകതയുമുണ്ട്. അതുകൊണ്ടുതന്നെ മമ്മൂട്ടി–ഖാലിദ് റഹ്‌മാൻ–പ്ലാൻ ബി മോഷൻ പിക്ചേഴ്സ് കൂട്ടുകെട്ടിൽ പിറക്കുന്ന ഈ ചിത്രത്തിനായി ആരാധകർ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.