പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തോ രണ്ടാം സ്ഥാനത്തോ എത്തുമായിരുന്നു: അജിന്‍ക്യ രഹാനെ
Sports News
പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തോ രണ്ടാം സ്ഥാനത്തോ എത്തുമായിരുന്നു: അജിന്‍ക്യ രഹാനെ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 26th May 2025, 12:38 pm

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഡിഫന്‍ഡിങ് ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ വമ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 110 റണ്‍സിന്റെ വിജയമാണ് കമ്മിന്‍സും സംഘവും നേടിയത്. ഇതോടെ 2025 ഐ.പി.എല്ലില്‍ നിന്ന് ഹൈദരാബാദ് യാത്ര പറഞ്ഞിരിക്കുകയാണ്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 278 എന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിരുന്നു. എന്നാല്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന നൈറ്റ് റൈഡേഴ്സിന്റെ പോരാട്ടം എട്ട് പന്ത് ബാക്കി നില്‍ക്കെ 168ല്‍ അവസാനിക്കുകയായിരുന്നു.

മത്സരശേഷം കൊല്‍ക്കത്ത നായകന്‍ അജിന്‍ക്യ രഹാനെ സംസാരിച്ചിരുന്നു. ടീമിന്റെ തോല്‍വിയെക്കുറിച്ചും ഹൈദരാബാദിന്റെ മികച്ച ബാറ്റിങ്ങിനെക്കുറിച്ചും രഹാനെ സംസാരിച്ചിരുന്നു. മാത്രമല്ല സ്ലോ ബോളുകള്‍ എറിയാനുള്ള പദ്ധതികളില്‍ ബൗളര്‍മാര്‍ പരാജയപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സണ്‍റൈസേഴ്സ് ഹൈദരാബാദ് മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെച്ചു. ഞങ്ങള്‍ ചില പിഴവുകള്‍ വരുത്തി, പക്ഷേ അവര്‍ നല്ല പന്തുകള്‍ അടിച്ചു. അവര്‍ ബാറ്റ് ചെയ്ത രീതിക്ക് ഞാന്‍ അവരോട് നന്ദി പറയുന്നു. സ്ലോ ബോളുകള്‍ എറിയുന്നതിനെക്കുറിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു, പക്ഷേ ഞങ്ങളുടെ ബൗളര്‍മാര്‍ പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ പരാജയപ്പെട്ടു.

ഞങ്ങള്‍ക്ക് ഞങ്ങളുടെതായ നിമിഷങ്ങളുണ്ടായിരുന്നു. രണ്ടോ മൂന്നോ കളികളില്‍ ഞങ്ങള്‍ നന്നായി കളിച്ചില്ല. എന്നിരുന്നാലും, ഞങ്ങള്‍ പരമാവധി ശ്രമിച്ചു. ഐ.പി.എല്‍ ഒരു കടുത്ത മത്സരമാണ്, ഞങ്ങള്‍ക്ക് ലഭിച്ച അവസരങ്ങളില്‍ വിജയിച്ചിരുന്നെങ്കില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തോ രണ്ടാം സ്ഥാനത്തോ എത്തുമായിരുന്നു,’ അജിക്യാ രഹാനെ പറഞ്ഞു.

സീസണില്‍ 13 മത്സരങ്ങളില്‍ നിന്ന് 61 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറോടെ390 റണ്‍സാണ് രഹാനെ നേടിയത്. 35.45 എ്ന്ന ആവറേജും 147.73 എന്ന സ്‌ട്രൈക്ക് റേറ്റുമാണ് താരത്തിനുള്ളത്. മൂന്ന് അര്‍ധ സെഞ്ച്വറികളാണ് സീസണില്‍ താരം അടിച്ചത്.

ഹൈദരാബാദിനായി മത്സരത്തില്‍ വെടിക്കെട്ട് പ്രകടനം നടത്തിയത് ഹെന്റിക് ക്ലാസനാണ്. 39 പന്തില്‍ പുറത്താവാതെ 105 റണ്‍സ് എടുത്താണ് താരം ഹൈദരാബാദിനെ ഉയര്‍ന്ന സ്‌കോറിലേക്ക് നയിച്ചത്. ഒമ്പത് സിക്‌സും ഏഴ് ഫോറും അടിച്ചാണ് സൗത്ത് ആഫ്രിക്കന്‍ ബാറ്റര്‍ ആരാധകര്‍ക്ക് വിരുന്നൊരുക്കിയത്.

ക്ലാസന് പുറമെ ഹൈദരാബാദ് നിരയില്‍ ട്രാവിസ് ഹെഡും അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. ഹെഡ് 40 പന്തില്‍ ആറ് സിക്‌സും ഫോറും വീതം 76 റണ്‍സാണ് നേടിയാണ് ടീമിന് കരുത്തായത്. കൂടാതെ അഭിഷേക് ശര്‍മ (16 പന്തില്‍ 32), ഇഷാന്‍ കിഷന്‍ (20 പന്തില്‍ 29) എന്നിവരും മികച്ച പ്രകടനം നടത്തി. ടീമിനായി ജയ്‌ദേവ് ഉനദ്കട്, ഇഷാന്‍ മലിംഗ, ഹര്‍ഷ് ദുബെ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടി.

Content Highlight: IPL 20254: Ajinjya Rahane Talking About Lose Against SRH