ഫൈനലില്‍ ശ്രേയസ് ചെയ്തത് ക്രിമിനല്‍ കുറ്റം; വിമര്‍ശനവുമായി യോഗ്‌രാജ് സിങ്
IPL
ഫൈനലില്‍ ശ്രേയസ് ചെയ്തത് ക്രിമിനല്‍ കുറ്റം; വിമര്‍ശനവുമായി യോഗ്‌രാജ് സിങ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 5th June 2025, 2:52 pm

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു തങ്ങളുടെ കന്നി ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. അഹമ്മദാബാദ് സ്‌റ്റേഡിയത്തില്‍ നടന്ന ഐ.പി.എല്‍ 2025ന്റെ കലാശക്കൊട്ടില്‍ പഞ്ചാബിനെ ആറ് റണ്‍സിന് പരാജയപ്പെടുത്തിയാണ് പ്ലേ ബോള്‍ഡ് ആര്‍മി കിരീടത്തില്‍ മുത്തമിട്ടത്. 18 വര്‍ഷത്തെ കിരീട വരള്‍ച്ചക്ക് ശേഷമാണ് പുതിയ ക്യാപ്റ്റന്‍ രജത് പാടിദാറിന്റെ ക്യാപ്റ്റന്‍സിയില്‍ ബെംഗളൂരു കിരീടമുയര്‍ത്തിയത്.

നിര്‍ണായകമായ ഫൈനല്‍ മത്സരത്തില്‍ പഞ്ചാബിന്റെ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്ക് മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ല. രണ്ടു പന്തുകളില്‍ നിന്ന് ഒരു റണ്‍സ് നേടിയാണ് താരം പുറത്തായത്. റൊമാരിയോ ഷെപ്പേര്‍ഡിന്റെ പന്തില്‍ ഓഫ് സൈഡിലേക്ക് കട്ട് ചെയ്യാന്‍ ശ്രമിച്ച ശ്രേയസ് എഡ്ജില്‍ കുരുങ്ങി കീപ്പര്‍ ജിതേഷ് ശര്‍മയുടെ കയ്യില്‍ എത്തുകയായിരുന്നു.

ഇപ്പോള്‍ പഞ്ചാബിന്റെ തോല്‍വിയില്‍ അയ്യര്‍ കളിച്ച ഷോട്ടിനെ വിമര്‍ശിച്ച് സംസാരിക്കുകയാണ് മുന്‍ താരം യോഗ്‌രാജ് സിങ്. ശ്രേയസ് അയ്യര്‍ കളിച്ച ഷോട്ട് ഒരു ക്രിമിനല്‍ കുറ്റമാണെന്നാണ് യോഗരാജ് സിങ് വിശേഷിപ്പിച്ചത്. കൊലക്കുറ്റത്തിന് സമാനമായ കളിയാണ് ശ്രേയസിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നതെന്നും അതിന് ഒരു രീതിയിലും മാപ്പ് അര്‍ഹിക്കുന്നില്ലെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു.

‘ഫൈനലില്‍ ശ്രേയസ് കളിച്ച ഷോട്ട് എന്റെ കണ്ണില്‍ ക്രിമിനല്‍ കുറ്റമാണ്. അത് സെക്ഷന്‍ 302 പ്രകാരമാണ്. ഒരു കളിക്കാരനെ രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്കാമെന്ന് അശോക് മങ്കാദ് എന്നോട് പറഞ്ഞു. ശ്രേയസ് അയ്യറുടെ പ്രവൃത്തി അംഗീകരിക്കാന്‍ കഴിയുന്നതല്ല. ആ സ്‌ട്രോക്കിന് നിങ്ങള്‍ക്ക് ക്ഷമാപണം നടത്താന്‍ പോലും കഴിയില്ല,’ യോഗ്‌രാജ് സിങ് എ.എന്‍.ഐയോട് പറഞ്ഞു.

ഇതേ വേദിയില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ ക്വാളിഫയര്‍ രണ്ടില്‍ അയ്യര്‍ 41 പന്തില്‍ നിന്ന് 87 റണ്‍സ് നേടി പുറത്താകാതെ നിന്നിന്നിരുന്നു. എന്നാല്‍ ഏറ്റവും നിര്‍ണായകമായ മത്സരത്തില്‍ അയ്യര്‍ പുറത്തായത് പഞ്ചാബിനെ ബാധിച്ചു.

അതേസമയം ബാറ്റര്‍ എന്ന നിലയിലും ക്യാപ്റ്റന്‍ എന്ന നിലയിലും സീസണില്‍ മികച്ച പ്രകടനമാണ് ശ്രേയസ് പഞ്ചാബിന് വേണ്ടി നടത്തിയത്. 17 മത്സരങ്ങളില്‍ നിന്ന് 97* എന്ന ഉയര്‍ന്ന സ്‌കോറോടെ 604 റണ്‍സാണ് താരം അടിച്ചെടുത്തത്. 50.33 എന്ന ആവറേജും 175.7 എന്ന സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്.

മാത്രമല്ല ആറ് അര്‍ധ സെഞ്ച്വറിയാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. അടുത്ത സീസണില്‍ പൂര്‍വാധികം ശക്തിയോടെ കിരീടം നേടാന്‍ തങ്ങള്‍ തിരിച്ചെത്തും എന്നും മത്സരശേഷം ശ്രേയര്‍ പറഞ്ഞിരുന്നു.

 

Content Highlight: IPL 2025: Yograj Singh Criticize Shreyas Iyer