വലത് രാഷ്ട്രീയം ശക്തിപ്പെടുമ്പോഴാണ് വയലന്‍സ് സ്വീകരിക്കപ്പെടുന്നത്
DISCOURSE
വലത് രാഷ്ട്രീയം ശക്തിപ്പെടുമ്പോഴാണ് വയലന്‍സ് സ്വീകരിക്കപ്പെടുന്നത്
ശ്രീകാന്ത് പി.കെ
Wednesday, 5th March 2025, 4:49 pm
ഇങ്ങനെ ജൈവികമായ സാമൂഹ്യ ബന്ധങ്ങള്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന സമൂഹത്തിന് ആ സമൂഹം പൊതുവായി പങ്കുവെക്കുന്ന ജനാധിപത്യ മൂല്യങ്ങളും നഷ്ടമായിക്കൊണ്ടിരിക്കും. മറ്റൊരാളെ ഉപദ്രവിക്കും എന്നത് പോലീസ് കേസ് വരുമെന്നത് കൊണ്ട് മാത്രമല്ല ഭൂരിഭാഗം മനുഷ്യരും ചെയ്യാത്തത്, മറ്റൊരാളെ ഉപദ്രവിക്കുന്നത് തെറ്റാണ് എന്ന ധാര്‍മിക ബോധ്യമുള്ളത് കൊണ്ട് കൂടിയാണ്. എന്നാല്‍ അപരവിദ്വേഷത്തിലും വെറുപ്പിലും അധിഷ്ഠിതമായ രാഷ്ട്രീയ രൂപങ്ങള്‍ക്ക് അധീശത്വം ലഭിക്കുന്ന കാലത്ത്, അങ്ങനെയൊരു ധാര്‍മിക ചിന്ത പുറകോട്ട് നടക്കുകയും പകരം വയലന്‍സ് അതിന് ഉത്തരമായി അവതരിക്കുകയും ചെയ്യുന്നു | പി.കെ. ശ്രീകാന്ത് എഴുതുന്നു

ലോക രാജ്യങ്ങളില്‍ തന്നെ സമാധാനത്തിന് ഏറെ പേര് കേട്ട ഏറ്റവും സുരക്ഷിതമായ രാജ്യമായാണ് സ്വീഡന്‍ അറിയപ്പെടുന്നത്. ആ സ്വീഡനില്‍ കഴിഞ്ഞ മാസം ഒരു വെടിവെപ്പുണ്ടാകുകയും തുടര്‍ന്ന് 11 പേര്‍ കൊല്ലപ്പെടുകയും ചെയ്തു.

റിക്കാര്‍ഡ് ആന്‍ഡേഴ്‌സണ്‍ എന്ന് പേരുള്ള ഒരു 35കാരനാണ് പ്രതി. ഈ മാസ് ഷൂട്ടിങ്ങിന്റെ മോട്ടീവ് എന്താണെന്നൊന്നും ഗവണ്മെന്റ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എങ്കിലും പ്രതിയെ കുറിച്ച് അറിയാവുന്ന വിവര പ്രകാരം തൊഴില്‍രഹിതനായ ഒരാളാണെന്നും മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്ന ആളാണെന്നുമൊക്കെ പറയപ്പെടുന്നു.

ജര്‍മനിയില്‍ കഴിഞ്ഞ ദിവസം ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഓടിച്ച് കയറി 6 പേര് കൊല്ലപ്പെട്ടു, നൂറ് കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സമാനമായ കൊലപാതകം ജര്‍മനിയില്‍ തന്നെ മുന്നേയും ഉണ്ടായിട്ടുണ്ട്.

കാര്‍ അറ്റാക്കിന് ഉപയോഗിച്ച വാഹനം ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നു

ജര്‍മനിയില്‍ ഇതിനൊക്കെ പുറമെയാണ് വളര്‍ന്നു വരുന്ന കുടിയേറ്റ വിരുദ്ധത. കുടിയേറ്റക്കാരെ കൊണ്ട് മാത്രമേ രാജ്യം മുന്നോട്ട് പോകുകയുള്ളൂ എന്ന അവസ്ഥയിലും കുടിയേറ്റ വിരുദ്ധത അവിടെ ശക്തമാകുന്നു. യു.കെയില്‍ കുടിയേറ്റ വിരുദ്ധ കലാപം തന്നെ പൊട്ടിപ്പുറപ്പെട്ടു.

ന്യൂസിലാന്‍ഡിലെ പള്ളിയിലെ വെടിവെപ്പ് മുതല്‍ ഇങ്ങോട്ട് കഴിഞ്ഞ അഞ്ചാറ് വര്‍ഷങ്ങള്‍ മാത്രമെടുത്താല്‍ ലോകമെമ്പാടും ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ കൂടിക്കൊണ്ടിരിക്കുന്നു. ഭൂരിഭാഗം കേസുകളിലും പ്രതികള്‍ യുവാക്കളാണ്, വൈറ്റ് സുപ്രീമിസ്റ്റുകള്‍ മുതല്‍ ഇസ്‌ലാമിസ്റ്റുകളുടെ വരെ ആക്രമണം.

ജര്‍മനിയില്‍ ഒടുവിലത്തെ ഇലക്ഷനില്‍ കണ്‍സര്‍വേറ്റീവ് – വലത് കക്ഷികള്‍ വിജയിച്ചു. പ്രതീക്ഷിച്ചത് പോലെ തന്നെ ഹിറ്റ്‌ലര്‍ ആരാധകരായ തീവ്ര വലത് നിയോ നാസി കക്ഷി AfD വന്‍മുന്നേറ്റമുണ്ടാക്കി രണ്ടാം സ്ഥാനത്തായി.

ചിത്രത്തിന് കടപ്പാട്: ഷോണ്‍ ഗാല്ലപ്‌

ഇറ്റലിയിലെ പ്രധാനമന്ത്രി തന്നെ മുസോളിനി ആരാധികയായ ഒരു ഫാര്‍ റൈറ്റ് നേതാവാണ്. അമേരിക്കയില്‍ മറ്റൊരു തീവ്ര വലത് നേതാവും കോര്‍പ്പറേറ്റുകളും പ്രത്യക്ഷമായി തന്നെ അധികാരത്തിലെത്തി.

ഏഷ്യയിലാകട്ടെ അഫ്ഗാനിസ്ഥാന്‍ ബംഗ്ലാദേശ് സിറിയ എന്നിവിടങ്ങളിലൊക്കെ ഈ കാലത്ത് ഫാര്‍ റൈറ്റ് ഇസ്‌ലാമിസ്റ്റുകള്‍ അധികാരത്തിലേറി. ഹംഗറി, പോളണ്ട്, ബ്രസീല്‍, അര്‍ജന്റീന, ബ്രസീല്‍, തുര്‍ക്കി, ഇസ്രഈല്‍ അങ്ങനെ പല രാജ്യങ്ങളും തീവ്ര വലത് രാഷ്ട്രീയ കക്ഷികള്‍ അധികാരത്തിലെത്തുകയോ പ്രധാന ശക്തിയായി മാറുകയോ ചെയ്തു.

ഇന്ത്യയിലും ഈ കാലത്ത് ഫാര്‍ റൈറ്റ് ഹിന്ദുത്വ രാഷ്ട്രീയം ശക്തിപ്പെട്ടു. ഇന്ന് നമ്മുടെയൊക്കെ ഇടയില്‍ മുസ്‌ലീം – ന്യൂനപക്ഷ വിരുദ്ധത ചൊരിഞ്ഞ് ഘട്ടര്‍ ഹിന്ദുവാകാന്‍ മത്സരിക്കുന്ന ഭൂരിഭാഗം പേരും കുറേ വര്‍ഷങ്ങള്‍ക്ക് മുന്നേ അതിന്റെ ലാഞ്ഛന പോലും പ്രകടിപ്പിക്കാതെ നമുക്കിടയില്‍ ഉണ്ടുറങ്ങി ജാതിയോ മതമോ കാണാതെ സഹവര്‍ത്തിത്തത്തോടെ ജീവിച്ചു വളര്‍ന്നവരാണ്.

മോദി അല്ലെങ്കില്‍ ബി.ജെ.പി അധികാരത്തിലേറി എന്നതുകൊണ്ട് ഉടന്‍ തന്നെ അവരുടെ ചിന്തകള്‍ മുഴുവന്‍ മാറിപ്പോയതാണോ?
സമൂഹത്തില്‍ തീവ്ര വലത് രാഷ്ട്രീയം ശക്തിപ്പെടുക എന്നത് കേവലം തെരഞ്ഞെടുപ്പ് വിജയങ്ങളില്‍ ആരംഭിക്കുന്നതോ അവസാനിക്കുന്നതോ ആയ കാര്യമല്ലല്ലോ.

നരേന്ദ്ര മോദി

തെരഞ്ഞെടുപ്പില്‍ തന്നെ അതിന്റെ റോള്‍ തുലോം തുച്ഛമാണ്. വലത് രാഷ്ട്രീയമാണ് തീവ്ര വലതിലേക്ക് എളുപ്പം നടക്കുന്നത്. ആ നടക്കുന്ന വേളയില്‍ സമൂഹം പതിറ്റാണ്ടുകളും നൂറ്റാണ്ടുകളും കൊണ്ടാര്‍ജ്ജിച്ച എല്ലാ സാമൂഹിക – മാനവിക മൂല്യങ്ങളെയും അത് വലത് വത്കരിക്കും.

എങ്ങനെയാണ് ഈ ഫാര്‍ റൈറ്റ് പൊളിറ്റിക്‌സ് സമൂഹത്തില്‍ പടര്‍ന്നു പിടിക്കുന്നത്? അതിന്റെ മൂലകാരണം മുതലാളിത്ത സാമൂഹിക വ്യവസ്ഥ ആ സമൂഹത്തില്‍ സൃഷ്ടിച്ച അസമത്വവും വ്യക്തി – വിപണി കേന്ദ്രീകൃത സോഷ്യല്‍ ഓര്‍ഡറുമാണ്.

തൊഴിലില്ലായ്മ നിരക്ക് സര്‍വകാല റെക്കോഡിടുമ്പോള്‍ തന്നെയാണ് രാജ്യത്തെ അതിസമ്പന്നര്‍ അവരുടെ ആസ്തി മൂന്നൂറും അഞ്ഞൂറും ഇരട്ടി വര്‍ധിപ്പിച്ച്, ആ പണം മുഴുവന്‍ എന്ത് ചെയ്യണമെന്ന് അറിയാതെ അയ്യായിരവും പതിനായിരം കോടി മുടക്കി കല്യാണം നടത്തുകയും ലോകം മൊത്തം ദ്വീപുകളും പ്രോപ്പര്‍ട്ടികളും വാങ്ങി കൂട്ടുകയുമൊക്കെ ചെയ്യുന്നത്.

പോസ്റ്റ് ഗ്രാജുവേഷന്‍ ഡിഗ്രിയും കൈയ്യില്‍ വച്ച് പകലന്തിയോളം പത്തും പന്ത്രണ്ടും മണിക്കൂര്‍ കാളയെ പോലെ പണിയെടുത്തിട്ടും രാജ്യത്തെ ഭൂരിഭാഗം തൊഴിലാളികള്‍ക്കും അവരുടെ വലിയ ലക്ഷ്വറിയായ ഒരു ടൂ വീലര്‍ പോലും ഇ.എം.ഐ ഇല്ലാതെ വാങ്ങാന്‍ സാധിക്കുന്നില്ല.

ഒരു അസുഖം വന്നോ ആക്‌സിഡന്റ് പറ്റിയോ രണ്ട് ദിവസം കിടപ്പിലായാല്‍ ആശുപത്രി ചെലവ് പോലും കടം വാങ്ങാതെ തീര്‍ക്കാന്‍ സാധിക്കുന്നില്ല. ആരാണിതിനൊക്കെ കാരണം?

അവര്‍ക്ക് മുന്നില്‍ ഈ വ്യവസ്ഥ അവതരിപ്പിക്കുന്ന കാരണം മുസ്‌ലിങ്ങളാകാം. നോക്കൂ അവരുടെ കൈയ്യില്‍ ഒരുപാട് കച്ചവട സ്ഥാപനങ്ങളും ഒരുപാട് കാശുമുണ്ട്, അവരാണ് നമ്മുക്ക് കിട്ടേണ്ട പണമൊക്കെ കൊണ്ട് പോകുന്നത്. അല്ലെങ്കില്‍ കുടിയേറ്റക്കാരാകാം, അവര്‍ കാരണമാണ് ഈ നാട്ടുകാരായ ഞങ്ങള്‍ക്ക് കിട്ടേണ്ട ജോലികളൊക്കെ കിട്ടാതാവുന്നത്. അതുമല്ലെങ്കില്‍ സംവരണം കാരണമാണെന്ന് പറയും.

അങ്ങനെ മെല്ലെ മെല്ലെ മനുഷ്യരുടെ പ്രയാസങ്ങളും പരാധീനതകളും വൈകാരികമായി വഴി തിരിഞ്ഞ് അവരൊക്കെ ഓരോരോ സ്വത്വങ്ങളിലേക്ക് ഉള്‍വലിയുകയും, എല്ലാത്തിനും കാരണമായി ഒരു അപരനെ പ്രൊജക്റ്റ് ചെയ്യുകയും പിന്നീട് മറ്റെല്ലാം ആ അപര വിദ്വേഷത്തിന്റെ മറവില്‍ മാറി പോകുകയും ചെയ്യുന്നു. ഇത് ഒരു വശം മാത്രമാണ്.

ഇങ്ങനെ ജൈവികമായ സാമൂഹ്യ ബന്ധങ്ങള്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന സമൂഹത്തിന് ആ സമൂഹം പൊതുവായി പങ്കുവെക്കുന്ന ജനാധിപത്യ മൂല്യങ്ങളും നഷ്ടമായിക്കൊണ്ടിരിക്കും. മറ്റൊരാളെ ഉപദ്രവിക്കും എന്നത് പോലീസ് കേസ് വരുമെന്നത് കൊണ്ട് മാത്രമല്ല ഭൂരിഭാഗം മനുഷ്യരും ചെയ്യാത്തത്, മറ്റൊരാളെ ഉപദ്രവിക്കുന്നത് തെറ്റാണ് എന്ന ധാര്‍മിക ബോധ്യമുള്ളത് കൊണ്ട് കൂടിയാണ്.

എന്നാല്‍ അപരവിദ്വേഷത്തിലും വെറുപ്പിലും അധിഷ്ഠിതമായ രാഷ്ട്രീയ രൂപങ്ങള്‍ക്ക് അധീശത്വം ലഭിക്കുന്ന കാലത്ത്, അങ്ങനെയൊരു ധാര്‍മിക ചിന്ത പുറകോട്ട് നടക്കുകയും പകരം വയലന്‍സ് അതിന് ഉത്തരമായി അവതരിക്കുകയും ചെയ്യുന്നു.

അമ്മയെ തല്ലുന്ന മകനും സഹപാഠിയെ കൊല്ലാന്‍ നടക്കുന്ന കുട്ടികള്‍ക്കും അത് പാടില്ല, തെറ്റാണ് എന്ന് തോന്നല്‍ എവിടെ നിന്നുണ്ടാകും? ഏത് സമൂഹത്തില്‍ നിന്നാണ് അവര്‍ക്കത് ലഭിക്കേണ്ടത്? അപര വിദ്വേഷം പാടില്ല എന്നതും വിയോജിപ്പുകള്‍ തല്ലിയോ കൊന്നോ തീര്‍ക്കേണ്ടതല്ലെന്നും, പരസ്പരം സംസാരിച്ചും സംവദിച്ചും തീരുമാനത്തിലെത്തണമെന്ന് ഇന്ന് ഏത് സാമൂഹിക മൂല്യങ്ങളുടെ മേല്‍ക്കോയാണ് അവരെ പഠിപ്പിക്കുന്നത്?

സിനിമകളും ടെലിവിഷനും സമൂഹത്തെ സ്വാധീനിക്കുമോ എന്ന ചോദ്യം പോലും വേണ്ട, സ്വാധീനിക്കും. ശക്തിമാന്‍ സീരിയല്‍ രാജ്യത്ത് വലിയ നിലയില്‍ ആഘോഷിക്കപ്പെട്ട കാലത്ത് ‘ശക്തിമാന്‍ രക്ഷിക്കൂ’ എന്ന് അലറി വിളിച്ച് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയ കുട്ടികളുണ്ടായിരുന്നു, ഒരു തലമുറയെ ബൂസ്റ്റ് കുടിപ്പിച്ചത് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പരസ്യമായിരുന്നു.

ശക്തിമാന്‍

രാമാനന്ദ് സാഗറിന്റെ രാമായണ സീരിയല്‍ ആ കാലത്ത് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഗതികോര്‍ജ്ജം എങ്ങനെ വര്‍ധിപ്പിച്ചു എന്നതിനെ കുറിച്ചുള്ള പഠനങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്നില്ല.

രാമായണം സീരിയലില്‍ നിന്നും

എന്നാല്‍ പത്തോ ഇരുപതോ വര്‍ഷങ്ങള്‍ക്ക് മുന്നേ ഇറങ്ങിയിരുന്നേല്‍ പരാജയമാകുമെന്ന് ഉറപ്പിച്ചു പറയാന്‍ സാധിക്കുന്ന തട്ടു പൊളിപ്പന്‍ വയലന്‍സ് പടങ്ങള്‍ ഇപ്പോള്‍ വന്‍ വിജയമായി സ്വീകരിക്കപ്പെടുന്നതിന്റെ കാരണം കൂടെ പരിശോധിക്കേണ്ടേ?

ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ നമ്മള്‍ ഒന്ന് രണ്ട് വീഡിയോകള്‍ സെര്‍ച്ച് ചെയ്ത് കണ്ടാല്‍ അതേ സ്വഭാവത്തിലുള്ള അനേകം വീഡിയോകള്‍ ഫീഡില്‍ സജഷനായി വരും. നമ്മുടെ താത്പര്യം ആ സ്വഭാവത്തിലുള്ള വീഡിയോ ആണെന്ന് അല്‍ഗോരിതം കരുതുന്നു. അത് പോലെ വളരെ റോ ആയ വയലന്‍സിന്റെ അതിപ്രസരവും തെറി വിളിയുമൊക്കെയുള്ള സിനിമകള്‍ കൂടുതലായി മാര്‍ക്കറ്റില്‍ വരുന്നുണ്ടെങ്കില്‍ അതിന്റെ മൂലകാരണം ആ സ്വഭാവത്തിലുള്ള സിനിമകള്‍ക്ക് പ്രേക്ഷകരെ ലഭിക്കുന്നു എന്നതും അവ സാമ്പത്തിക വിജയമാകുന്നു എന്നതും കൂടിയാണ്.

എ പടങ്ങള്‍ എന്നറിയപ്പെട്ട ബി ഗ്രേഡ് മസാല സിനിമകള്‍ കുത്തൊഴുക്ക് പോലെ ഇറങ്ങിയ കാലത്തെ പോലെ, മിമിക്രി പടങ്ങളുടെ മറ്റൊരു കുത്തൊഴുക്ക് ഉണ്ടായ കാലത്തെ പോലെ ഈ കാലത്ത് പ്രേക്ഷകരും ലാഭവും നല്‍കുന്ന തരം സിനിമകള്‍ സ്വാഭാവികമായും ഇവിടെ നിര്‍മ്മിക്കപ്പെടും.

അപ്പോള്‍ ചോദിക്കേണ്ട ചോദ്യം സിനിമ സമൂഹത്തെ മാത്രമാണോ സ്വാധീനിക്കുന്നത് മറിച്ച് സമൂഹം സിനിമയെയാണോ സ്വാധീനിക്കുന്നത് എന്നതാണ്.

വയലന്‍സിന് സ്വീകാര്യതയുള്ള സമൂഹത്തില്‍ വയലന്‍സ് സിനിമകളുണ്ടാകും, ഡ്രഗ്‌സിന് സ്വീകാര്യതയുള്ള സമൂഹത്തില്‍ ഡ്രഗ്‌സ്
പ്രമേയമായ സിനിമകളുമുണ്ടാകും. ചോദ്യം സിനിമയാണോ സമൂഹമാണോ പ്രശ്‌നം എന്നതാണ്.

എങ്ങനെയാണ് നമ്മുടെ കുട്ടികളും യുവാക്കളും മയക്കുമരുന്നിന് അടിമപ്പെടുന്നത്? ഈ സിന്തറ്റിക് മയക്കുമരുന്നുകള്‍ ആരും കുടില്‍ വ്യവസായമായി നാട്ടില്‍ നിര്‍മിക്കുന്നതല്ല. ഇതിന് പുറകില്‍ വലിയ കോര്‍പ്പറേഷനുകളുണ്ട്, കാര്‍ട്ടലുകളുണ്ട്. അവരുടെ ചെയിനിലെ അവസാനത്തെ കണ്ണികള്‍ മാത്രമാണ് പിടിക്കപ്പെടുന്നത്.

ഗുജറാത്ത് പോര്‍ട്ടിലും കൊച്ചിയിലുമൊക്കെ പിടിക്കപ്പെട്ട പതിനായിരക്കണക്കിന് കോടി രൂപയുടെ സിന്തറ്റിക്ക് ഡ്രഗ്‌സ് കേരളത്തിലോ ഇന്ത്യയിലോ പോലും നിര്‍മ്മിക്കപ്പെട്ടതല്ല. വന്‍കിട മൂലധന ശക്തികള്‍ ഈ ആഗോള മാര്‍ക്കറ്റിലേക്ക് കച്ചവടത്തിനായി തള്ളി വിടുന്നതാണ്.

എന്നാല്‍ എത്രയായിരം കോടിയുടെ മയക്കുമരുന്ന് വേട്ടയും പിന്നീട് അതിന്റെ സോഴ്‌സിലേക്ക് അന്വേഷിച്ചു ഒരു രാജ്യത്തും പോകാറില്ല. കാരണം ഭരണകൂടങ്ങളെ മുതല്‍ പല രാഷ്ട്രീയ പാര്‍ട്ടികളെ വരെ താങ്ങിനിര്‍ത്തുന്നത് പലപ്പോഴും ഈ ഒഴുകുന്ന മൂലധനമാണ്.

ഗുജറാത്തിലെ മയക്കുമരുന്ന് വേട്ട

പുതിയ തലമുറയിലെ കുട്ടികളുടെ ഷോ ഓഫ് – എക്സിബിഷന്‍ കള്‍ച്ചറിനെ കുറിച്ച് പല നിരീക്ഷണങ്ങളും കാണാറുണ്ട്. കണ്‍സ്യൂമറിസം അതിന്റെ ഏറ്റവും അപകടകരമായ നിലയില്‍ അപകര്‍ഷത നിര്‍മിച്ചുകൊണ്ട് ഇടപെടുന്നത് ഈ തലമുറയിലാണ്.

ലോവര്‍ മിഡില്‍ ക്ലാസിലെ പതിനേഴ് തികയാത്ത കുട്ടിയുടെ സ്വപ്നം ഏറ്റവും പുതിയ ഐ ഫോണും പത്ത് ലക്ഷം രൂപയുടെ സൂപ്പര്‍ ബൈക്കുമാകുന്നു. സ്വപ്നത്തിനപ്പുറം യാഥാര്‍ത്ഥ്യബോധത്തോട് തെല്ലും ഇടപെടാത്ത അവരില്‍ പലരും അതിനായി പണമുണ്ടാക്കാനുള്ള കുറുക്കുവഴികളിലേക്കും കടക്കുന്നു.

ഒരു തലമുറ മുന്നേ പഠിക്കുക, ഡിഗ്രി നേടുക, ഒരു മാന്യമായ തൊഴില്‍ നേടുക, സെറ്റിലാവുക എന്ന മിഡില്‍ ക്ലാസ് ഡ്രീം ഇന്നത്തെ കുട്ടികള്‍ക്ക് സാധ്യമല്ല എന്നതിന് നാട്ടിലെ തൊഴില്‍ സാഹചര്യം കൂടി കാരണമാകുന്നു.

ഉന്നത പഠനം നേടിയ ഭൂരിഭാഗവും അണ്ടര്‍പെയ്ഡ് ആയ നാട്ടില്‍ പഠനത്തില്‍ മികവ് പുലര്‍ത്താത്ത, അല്ലെങ്കില്‍ സവിശേഷമായ സ്‌കില്ലുകള്‍ ഇല്ലാത്ത ശരാശരി കുട്ടികളുടെ വലിയ പ്രയാസങ്ങളിലൊന്ന് വീട്ടുകാരുടെയും സമൂഹത്തിന്റെയും ‘റെക്കൊഗ്‌നിഷന്‍’ നേടുക എന്നതാണ്.

ഓരോ ദിവസവും മുളച്ചുപൊന്തുന്ന യൂട്യൂബ് ചാനലുകളില്‍ പലതും ഈയൊരു എക്സിബിഷന്‍ കള്‍ച്ചറിന്റെ ബാക്കി കൂടിയാണ്. അതിന്റെ കൂടിയ വേര്‍ഷനാണ് എന്ത് കോപ്രായം കാണിച്ചാലും നാലാളറിയണം എന്ന് ലക്ഷ്യം വച്ച് പ്രത്യക്ഷപ്പെടുന്നവര്‍.

ഗ്രൗണ്ടില്‍ വീടുകള്‍ കയറി ഇറങ്ങി, കവലകളില്‍ സംഘടിച്ച് രാഷ്ട്രീയം പറഞ്ഞ് ഇടപെട്ടു കൊണ്ടിരുന്ന മനുഷ്യരുടെ രാഷ്ട്രീയ സംഘാടനം നല്ല ശതമാനം ഓണ്‍ലൈനിലേക്ക് മാറി. രാഷ്ട്രീയ ശരീരങ്ങള്‍ ജൈവികമായി ഇടപെടാത്ത വീടുകളിലും കൂട്ടങ്ങളിലും അവനവന്റെ കോര്‍ണറില്‍ മൊബൈലുമായി ഇരിക്കുന്ന മനുഷ്യരുടെ മൊബൈല്‍ സ്‌ക്രീനില്‍ മറുനാടന്‍ മലയാളിമാരുടെ വിഷലിപ്തങ്ങള്‍ ഫീഡ് ചെയ്യപ്പെടുന്നുണ്ട്.

പരമ്പരാഗതമായ രാഷ്ട്രീയ ശീലങ്ങളോട് മുഖം തിരിഞ്ഞ് നില്‍ക്കുന്നവരെ അരാഷ്ട്രീയമെന്ന് പൊതുവെ വിളിച്ച് പോരുമെങ്കിലും, അവര്‍ അരാഷ്ട്രീയരല്ല പകരം അവര്‍ പോലുമറിയാതെ വലത് രാഷ്ട്രീയത്തിന്റെ ഫൂട് സോള്‍ജ്യര്‍ ആവുകയാണെന്ന് മനസ്സിലാക്കുന്നില്ല.

നിയോലിബറല്‍ സാമൂഹിക വ്യവസ്ഥ മനുഷ്യരെ സമൂഹങ്ങളില്‍ നിന്നകറ്റി വ്യക്തിയും വ്യക്തിയുടെ സുഖങ്ങളുമാണ് പരമ പ്രധാനമെന്ന് പഠിപ്പിച്ചു. കളക്റ്റീവായ സാമൂഹിക സങ്കേതങ്ങളില്‍ നിന്ന് മനുഷ്യരെ അകറ്റി സ്വകാര്യ താത്പര്യങ്ങളാണ് പരമ പ്രധാനമെന്ന് അനുദിനം ചൊല്ലിക്കൊടുത്തു. ക്യാപ്പിറ്റലിസ്റ്റ് പോസ്റ്റ് മോഡേണിസം വ്യക്തി അധിഷ്ഠിത വാദങ്ങള്‍ക്ക് അവ മുന്നോട്ട് വെക്കുന്ന സ്വത്വ താത്പര്യങ്ങള്‍ക്ക് സാമൂഹിക – സാംസ്‌കാരിക സാധുത കൂടി നല്‍കിക്കൊടുത്തു.

നാം, നമ്മള്‍ എന്നത് അനുദിനം അന്യമായി ‘ഞാന്‍’ എന്റെ സുഖം എന്റെ താത്പര്യം’ എന്നത് ഒന്നാമത്തെ ഘടകമായി മാറി. അത് ആകെ വളര്‍ന്നത് എന്റെ ജാതി എന്റെ മതത്തിലേക്ക് മാത്രമാണ്.

അങ്ങനെയൊരു സമൂഹത്തില്‍ മനുഷ്യര്‍ കളക്ടീവായി നടത്തിയ സമരങ്ങളിലൂടെയും നവോത്ഥാന പോരാട്ടങ്ങളിലൂടെയും ആര്‍ജ്ജിച്ച ആധുനിക ജനാധിപത്യ മൂല്യങ്ങള്‍ക്കും സ്വീകാര്യതയുണ്ടാകില്ല. വെറുപ്പും അപര വിദ്വേഷവും ആളിക്കത്തും. അതിന് ഏതെങ്കിലും തലമുറയെ പഴിച്ചിട്ടോ മറ്റൊരു തലമുറയുടെ മേന്മ തള്ളിയിട്ടോ കാര്യമില്ല.

സമൂഹത്തില്‍ ഇന്ന് കൂടിക്കൊണ്ടിരിക്കുന്ന, ഞെട്ടിക്കുന്ന വയലന്‍സിന്റെ പ്രധാന കാരണം ഇപ്പോഴത്തെ സിനിമകള്‍ ആണെന്നോ, ഡ്രഗ്‌സ് ആണെന്നോ ഒക്കെ പറയുന്നത് ഒറ്റമൂലിയില്‍ ഉത്തരം കണ്ടെത്തലാണ്. ഇവയ്‌ക്കൊക്കെ പങ്കുണ്ടാകാം, പക്ഷേ മൂലകാരണം അനുദിനം വലത് വത്കരിച്ച് കൊണ്ടിരിക്കുന്ന രാഷ്ട്രീയ സമൂഹമാണ്.

മനുഷ്യരെ പറ്റത്തില്‍ നിന്ന് ഒറ്റയിലേക്ക് വലിച്ചു കൊണ്ട് പോകുന്ന മൂലധന വ്യവസ്ഥതിയാണ്. ഒരു വാര്‍ത്ത ലിങ്കിന് താഴെ പ്രതിപാദിപ്പിക്കപ്പെട്ട മനുഷ്യന്റെ മതം പറഞ്ഞ് വിഷം വമിപ്പിക്കുന്ന കമന്റുകള്‍ ഭൂരിപക്ഷം വരുന്നത് ഏത് സിനിമ കാരണമാണ്?

കുട്ടികള്‍ പള്ളിയിലെ ഉസ്താദിനെ ആരോഗ്യകരമായി ട്രോളി ഒരു വീഡിയോ ചെയ്താല്‍ പോലും വലിയ വിദ്വേഷം വമിക്കുന്ന കമന്റുകള്‍ നിറയുന്നത് ആര് പറഞ്ഞിട്ടാണ്. സമൂഹം മാറിക്കഴിഞ്ഞു. വലിയ നിലയില്‍ വര്‍ഗീയമായും സ്വത്വ ഗ്രൂപ്പുകളുമായി വിഭജിച്ചു കഴിഞ്ഞു. ആ സമൂഹം നിര്‍മ്മിക്കുന്ന സ്വാഭാവിക ഉത്പന്നമാണ് വയലന്‍സ്.

രണ്ട് നാള്‍ മുന്നേ ഒരു ചെറിയ വീഡിയോ കണ്ടപ്പോള്‍ വലിയ സന്തോഷം തോന്നി. കണ്ണൂരില്‍ ഒരു കളിസ്ഥലത്തിന്റെ നിര്‍മാണത്തിനായി ഒരു വായനശാലയുടെ നേതൃത്വത്തില്‍ ഒരു നാട് ഒന്നിച്ചതാണ്. 60 ലക്ഷം മറ്റോ തുക ആവശ്യമായ കളിസ്ഥല നിര്‍മാണത്തിനായി ഫണ്ട് കണ്ടെത്താന്‍ സമൂഹ സദ്യ സംഘടിപ്പിക്കുകയും ഒരു നാട് ഒന്നാകെ അതില്‍ പങ്ക് ചേരുകയും ചെയ്തു.

നമ്മള്‍ തിരികെ പിടിക്കേണ്ടതും ഈ മാതൃകകളാണ്. അത് എങ്ങനെ ഏത് രീതിയില്‍ എന്നൊന്നുമറിയില്ല. അതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ മാത്രമല്ല പൊതു ജനങ്ങള്‍ കൂടി വളരെ ഗൗരവകരമായ നിലയില്‍ ഒന്നിച്ചിറങ്ങണം.

‘എന്റെ ഏറ്റവും പ്രിയപ്പെട്ട എന്നോട്’ മാത്രമല്ല ഞാനുള്‍പ്പെടുന്ന സമൂഹവും ചുറ്റുപാടുമുള്ള മനുഷ്യരും കൂടെ പ്രിയപ്പെട്ടതാവാന്‍ നമ്മുടെ കുട്ടികളെ പഠിപ്പിക്കുകയും സ്വയം പഠിക്കുകയും ചെയ്യണം.

ലിബറല്‍ – പോസ്റ്റ് മോഡേണ്‍ രാഷ്ട്രീയ തള്ളിച്ച ബോധമുള്ള മനുഷ്യരെ പോലും മര്‍മം അറിയാവുന്നത് കൊണ്ട് തല്ലാന്‍ വന്നവരെ തല്ലാന്‍ പറ്റാതെ തല്ല് കൊണ്ട് കിടപ്പിലായ കഥയിലെ കളരിക്കാരന്റെ അവസ്ഥയാക്കിയിട്ടുണ്ട്.

അവരുടെ മാര്‍ക്കിടലിന്റെ പുറകെ പോയാല്‍ ആ നില്‍പ്പ് നില്‍ക്കുകയെയുള്ളൂ. വേണ്ടത് ഒറ്റമൂലികളെ കണ്ടെത്തലല്ല, ഗൗരവകരമായ രാഷ്ട്രീയ ഇടപെടലാണ്, സാമൂഹിക സംഘാടനങ്ങളാണ്, വലത് പക്ഷ രാഷ്ട്രീയ – സാമൂഹിക മേല്‍ക്കോയ്മക്കെതിരായ ബദല്‍ മൂല്യങ്ങളുടെ നിര്‍മാണത്തിനുള്ള ബോധപൂര്‍വമായ ഇടപെടലുകളാണ്.

 

Content Highlight: PK Srikanth about rightism and violence