കുഞ്ഞുങ്ങളെ കൊന്ന് തള്ളുന്ന പിശാചുക്കളുമായാണ് മോദിക്ക് കൂട്ട്: പി.കെ. ശ്രീമതി
Kerala
കുഞ്ഞുങ്ങളെ കൊന്ന് തള്ളുന്ന പിശാചുക്കളുമായാണ് മോദിക്ക് കൂട്ട്: പി.കെ. ശ്രീമതി
രാഗേന്ദു. പി.ആര്‍
Wednesday, 4th March 2026, 4:00 pm

തിരുവനന്തപുരം: കുഞ്ഞുങ്ങളെ കൊന്ന് തള്ളുന്ന പിശാചുക്കളുമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൂട്ടെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്റെ അധ്യക്ഷയുമായ പി.കെ. ശ്രീമതി.

ഇറാനില്‍ യു.എസും ഇസ്രഈലും ചേര്‍ന്ന് നടത്തുന്ന ആക്രമണത്തില്‍ നരേന്ദ്ര മോദി നിശബ്ദത പുലര്‍ത്തുന്നത് പ്രതിഷേധാര്‍ഹമാണെന്നും പി.കെ. ശ്രീമതി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പി.കെ. ശ്രീമതിയുടെ പ്രതികരണം.

‘ചെകുത്താന്‍’ എന്ന വാക്ക് ആര്‍ക്കാണ് കൃത്യമായി ചേരുക എന്നും ശ്രീമതി ചോദിച്ചു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പേര് ചൂണ്ടിക്കാട്ടി പി.കെ. ശ്രീമതി തന്നെ ഈ ചോദ്യത്തിന് ഉത്തരം നല്‍കുന്നുണ്ട്.

മറ്റു രാജ്യങ്ങളെ യുദ്ധത്തിലൂടെ കീഴടക്കി തങ്ങളുടെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ സാമ്രാജ്യത്വ രാഷ്ട്രങ്ങളുടെ ‘ട്രംപ് കാര്‍ഡ്’ ആയാണ് യുദ്ധ ഭ്രാന്ത് പിടിച്ച അമേരിക്കന്‍ പ്രസിഡന്റ് പ്രവര്‍ത്തിക്കുന്നതെന്നും പി.കെ. ശ്രീമതി പറഞ്ഞു.

ഫെബ്രുവരി 28നാണ് യു.എസും ഇസ്രഈലും ചേര്‍ന്ന് ഇറാനില്‍ ആക്രമണം ആരംഭിച്ചത്. അന്തരിച്ച ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ ഓഫീസിന് നേരെയാണ് ആദ്യം ആക്രമണം നടന്നത്.

പിന്നീട് ഔദ്യോഗിക വസതിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ തെക്കന്‍ ഇറാനിലെ ഹൊര്‍മുസ്ഗാന്‍ പ്രവിശ്യയിലെ മിനാബ് എന്ന സ്ഥലത്തെ സ്‌കൂളിന് നേരെയാണ് ഇസ്രഈല്‍ ആക്രമണം നടത്തിയത്.

ഈ ആക്രമണത്തില്‍ 168 പെണ്‍കുട്ടികളാണ് കൊല്ലപ്പെട്ടത്. 14 അധ്യാപകര്‍ക്കും നാല് രക്ഷിതാക്കള്‍ക്കും ജീവന്‍ നഷ്ടമായിരുന്നു.

കൊല്ലപ്പെട്ട കുട്ടികളെ സംസ്‌കരിക്കുന്നതിനായി ഇറാനില്‍ ഒരുക്കിയ ഖബറിടങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. ഖബറിടങ്ങളുടെ ചിത്രം പങ്കുവെച്ചുകൊണ്ടുള്ള ഇറാനിയന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുടെ എക്‌സ് പോസ്റ്റും ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇതാണ് ട്രംപ് വാഗ്ദാനം ചെയ്ത ‘രക്ഷ’ എന്നായിരുന്നു പോസ്റ്റിലെ പ്രധാന വാചകം.

Content Highlight: PK Sreemathi react against modi on USIran conflict

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.