| Sunday, 13th April 2025, 3:12 pm

ബാറ്ററെ പുറത്താക്കാനായി ചാഹല്‍ ശ്രമിക്കുന്നതേയില്ല: വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ സ്പിന്നര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന്റെ 18ാം പതിപ്പിലെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്നിനാണ് കഴിഞ്ഞദിവസം ഹൈബദരാബാദിലെ രാജീവ് ഗാന്ധി ഉപ്പല്‍ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. പഞ്ചാബ് കിങ്‌സും സണ്‍റൈസേഴ്‌സ് ഹൈദരബാദും തമ്മിലുള്ള മത്സരം അക്ഷരാര്‍ത്ഥത്തില്‍ ബാറ്റര്‍മാരുടെ സംഹാരതാണ്ഡവമായി മാറി. 492 റണ്‍സാണ് ഇരുടീമുകളും ചേര്‍ന്ന് നേടിയത്.

ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ റണ്‍ചേസില്‍ രണ്ടാമതെത്താനും ഈ മത്സരത്തിലൂടെ ഹൈദരബാദിന് സാധിച്ചു. ഹൈദരബാദിന്റെ യുവതാരം അഭിഷേക് ശര്‍മയുടെ സെഞ്ച്വറിക്കരുത്തിലാണ് ഉദയസൂര്യന്മാര്‍ വിജയം രുചിച്ചത്. പഞ്ചാബ് ബോളിങ് നിരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയത് യുസ്‌വേന്ദ്ര ചഹലായിരുന്നു.

നാല് ഓവര്‍ ബോള്‍ ചെയ്ത താരം 56 റണ്‍സ് വഴങ്ങിയാണ് ഒരു വിക്കറ്റ് നേടിയത്. ഐ.പി.എല്ലില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയിട്ടുള്ള ചഹലിന് ഈ സീസണ്‍ അത്ര മികച്ചതല്ല. ആറ് മത്സരങ്ങളില്‍ നിന്ന് വെറും രണ്ട് വിക്കറ്റ് മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചത്. കരിയറിലെ ഏറ്റവും മോശം എക്കോണമിയും ആവറേജും ഈ സീസണില്‍ ചാഹല്‍ സ്വന്തമാക്കി. 18 കോടിക്കാണ് താരത്തിനെ പഞ്ചാബ് മെഗാ ലേലത്തില്‍ സ്വന്തമാക്കിയത്.

ചാഹലിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം പീയൂഷ് ചൗള. ചാഹല്‍ ഇപ്പോള്‍ വിക്കറ്റെടുക്കാന്‍ വേണ്ടി ശ്രമിക്കുന്നില്ലെന്ന് പീയൂഷ് ചൗള അഭിപ്രായപ്പെട്ടു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്ന യുസ്‌വേന്ദ്ര ചാഹലിനെ ഈ സീസണില്‍ കാണാന്‍ സാധിക്കുന്നില്ലെന്നും പീയൂഷ് ചൗള പറഞ്ഞു.

ബാറ്ററെ പുറത്താക്കാന്‍ ചാഹല്‍ ശ്രമിക്കുന്നില്ലെന്നും ഡിഫന്‍സീവ് ബൗളിങ്ങിന് വേണ്ടി അയാള്‍ പ്ലാന്‍ ചെയ്യുന്നില്ലെന്നും ചാഹലിന്റെ ബൗളിങ് കാണുമ്പോള്‍ തനിക്ക് തോന്നുന്നുണ്ടെന്നും പീയൂഷ് ചൗള പറയുന്നു. ഗൂഗ്ലികള്‍ എറിയാന്‍ പോലും ചാഹല്‍ താത്പര്യം കാണിക്കുന്നില്ലെന്നും നാലോവര്‍ എറിഞ്ഞ് തീര്‍ക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് തോന്നുന്നതെന്നും പീയൂഷ് ചൗള പറഞ്ഞു. ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയോട് സംസാരിക്കുകയായിരുന്നു പീയൂഷ് ചൗള.

‘കഴിഞ്ഞ രണ്ടുമൂന്ന് സീസണുകളില്‍ നാം കണ്ട ചാഹലിനെ ഈ സീസണില്‍ കാണാനേ സാധിക്കുന്നില്ല. അവന്‍ ഇപ്പോള്‍ വിക്കറ്റെടുക്കാന്‍ യാതൊരു ശ്രമവും നടത്തുന്നില്ലെന്ന് തോന്നുന്നു. ഡിഫന്‍സീവ് ബൗളിങ്ങിലൂടെ ബാറ്ററെ പ്രഷറിലാക്കാനോ അതിലൂടെ അവരെ പുറത്താക്കാനോ ചാഹല്‍ യാതൊരു ഉദ്യമവും കാണിക്കുന്നില്ല.

എന്തിനേറെ പറയുന്നു. കഴിഞ്ഞ ഒരൊറ്റ മത്സരത്തില്‍ പോലും അവന്‍ ഗൂഗ്ലി എറിയാന്‍ നോക്കുന്നില്ല. നാല് ഓവര്‍ പൂര്‍ത്തിയാക്കുക, പറ്റുമെങ്കില്‍ ഒരു വിക്കറ്റ് നേടുക എന്നത് മാത്രമാണ് ചാഹലിന്റെ ഇന്റന്റ് എന്നാണ് എനിക്ക് തോന്നുന്നത്. കഴിഞ്ഞദിവസം അവന്റെ പൊട്ടന്‍ഷ്യല്‍ കാണിക്കാന്‍ കഴിയുന്ന ഒരു മത്സരമായിരുന്നു. 245 റണ്‍സ് ബോര്‍ഡിലുള്ളപ്പോള്‍ വിക്കറ്റുകള്‍ക്ക് ശ്രമിക്കാമായിരുന്നു,’ പീയൂഷ് ചൗള പറഞ്ഞു.

മത്സരത്തില്‍ പരാജയപ്പെട്ടതോടെ ആറാം സ്ഥാനത്താണ് പഞ്ചാബ് ഇപ്പോള്‍. ഏപ്രില്‍ 15ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം. പഞ്ചാബിന്റെ ഹോം ഗ്രൗണ്ടായ മുല്ലാന്‍പൂരിലെ മഹാരാജ യാദവീന്ദ്ര സ്റ്റേഡിയമാണ് വേദി.

Content Highlight: Piyush Chawla criticizing Yuzvendra Chahal’s bowling in IPL 2025

We use cookies to give you the best possible experience. Learn more