അടുത്ത മത്സരത്തിനൊരുങ്ങുകയാണെന്ന് ക്രിസ്റ്റ്യാനോ; അവനെന്റെ ഫാന്‍സിനെ തട്ടിയെടുക്കുകയാണെന്ന് അര്‍ജന്റൈന്‍ താരം
Football
അടുത്ത മത്സരത്തിനൊരുങ്ങുകയാണെന്ന് ക്രിസ്റ്റ്യാനോ; അവനെന്റെ ഫാന്‍സിനെ തട്ടിയെടുക്കുകയാണെന്ന് അര്‍ജന്റൈന്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 26th January 2023, 12:21 pm

ജനുവരിയില്‍ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലേക്ക് ചേക്കേറിയ താരം ക്ലബ്ബിലെ തന്റെ രണ്ടാം മത്സരത്തിന് ഒരുങ്ങുകയാണ്. വ്യാഴാഴ്ച രാത്രി ഇന്ത്യന്‍ സമയം 11.30ന് അല്‍ ഇത്തിഹാദിനെതിരെയാണ് മത്സരം. മത്സരത്തിന് മുന്നോടിയായി റൊണാള്‍ഡോ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ കളിയെ കുറിച്ചുള്ള പോസ്റ്റ് പങ്കുവെച്ചിരുന്നു.

അല്‍ നസറിന്റെ അര്‍ജന്റൈന്‍ താരം പിറ്റി മാര്‍ട്ടിനെസിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച റോണോ ‘നാളെ നടക്കാനിരിക്കുന്ന വലിയ കളിക്ക് വേണ്ടി കാത്തിരിക്കുകയാണ്’ എന്ന് ക്യാപ്ഷന്‍ നല്‍കിയിരുന്നു. പോസ്റ്റിന് താഴെ മാര്‍ട്ടിനെസ് നല്‍കിയ രസകരമായ കമന്റ് ആണ് ഇപ്പോള്‍ വൈറലാകുന്നത്.

‘അവന്‍ എന്റെ ഫോളോവേഴ്‌സിനെയെല്ലാം തട്ടിയെടുക്കും’ എന്നാണ് പിറ്റി മാര്‍ട്ടിനെസിന്റെ കമന്റ്. റൊണാള്‍ഡോ തന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഫോളോവേഴ്‌സിനെ തട്ടിയെടുക്കുകയാണ് എന്നാണ് മാര്‍ട്ടിനെസ് കമന്റ് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള താരമാണ് റൊണാള്‍ഡോ. യഥാര്‍ത്ഥത്തില്‍ ചിത്രങ്ങള്‍ പങ്കുവെക്കുന്നതോടെ പിറ്റി മാര്‍ട്ടിനെസിന് കൂടുതല്‍ ഫോളോവേഴ്‌സ് ഉണ്ടാകുമെന്ന് പറയാതെ പറയുകയാണ് താരം.

സൗദി ക്ലബുമായി കരാറിലെത്തിയതോടെ ലോകത്തിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന ഫുട്ബോള്‍ താരമായി റൊണാള്‍ഡോ മാറിയിരിക്കുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം വര്‍ഷത്തില്‍ എണ്‍പത് മില്യണ്‍ യൂറോയോളമാണ് താരത്തിനായി അല്‍ നസര്‍ പ്രതിഫലമായി മാത്രം നല്‍കുക.

അല്‍ നസര്‍ ജേഴ്സിയിലെ താരത്തിന്റെ ആദ്യ മത്സരത്തില്‍ ഇതിഫാഖിനെതിരെ റോണോക്ക് ഗോള്‍ നേടാനായില്ലെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് സാധിച്ചിരുന്നു.

മത്സരത്തില്‍ റൊണാള്‍ഡോ ബൈസിക്കിള്‍ കിക്കിനായി നടത്തിയ ശ്രമം വലിയ കയ്യടി നേടിയിരുന്നു. 38ാം വയസിലും താരം മികച്ച ഫോം പുറത്തെടുക്കുന്നത് അഭിനന്ദനാര്‍ഹമാണെന്ന് ആരാധകര്‍ അഭിപ്രായപ്പെട്ടു.

റൊണാള്‍ഡോയുടെ ഗതകാലത്തെ ഓര്‍മിപ്പിക്കുന്ന സ്‌കില്ലുകളും ഡ്രിബ്ലിങ്ങും മത്സരത്തിലുടനീളം കാണാന്‍ സാധിച്ചുവെന്നും ആരാധകര്‍ പറഞ്ഞു.

റിയാദ് ഓള്‍ സ്റ്റാര്‍ ഇലവന് വേണ്ടി കളിച്ച മത്സരത്തിലും മികച്ച പ്രകടനമായിരുന്നു റൊണാള്‍ഡോ കാഴ്ച വെച്ചത്. മെസി, നെയ്മര്‍, എംബാപ്പെ സൂപ്പര്‍ ത്രയങ്ങള്‍ അടങ്ങിയ പി.എസ്.ജി ആയിരുന്നു എതിരാളികള്‍. നാലിനെതിരെ അഞ്ച് ഗോള്‍ നേടി പി.എസ്.ജി ജയിച്ച മത്സരത്തില്‍ റിയാദിനായി രണ്ട് ഗോള്‍ നേടാന്‍ റോണോക്ക് കഴിഞ്ഞിരുന്നു.

Content Highlights: Pity martinez funny comment on Cristiano Ronaldo’s post goes viral