തിരുവനന്തപുരം: മുസ്‌ലിം സമുദായത്തിന്റെ ന്യായമായ അവകാശങ്ങൾക്ക് വേണ്ടി പോരാടാൻ സമസ്തയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും കേരളത്തിൽ മതനിരപേക്ഷ സമൂഹത്തെ വളർത്തിയെടുക്കുന്നതിൽ സമസ്തയ്ക്ക് പങ്കുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
അർഹമായ പ്രാധാന്യം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ലീഗ് അനുകൂലരും പാണക്കാട് തങ്ങളും ബഹിഷ്കരിച്ച പുത്തരിക്കണ്ടം മൈതാനത്തിൽ നടന്ന സമസ്തയുടെ ശതാബ്‌ദി സന്ദേശയാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷങ്ങളെ ഇടതുപക്ഷം എല്ലാക്കാലവും സവിശേഷതയോടെയാണ് കണ്ടതെന്നും ഏതെങ്കിലും തെരഞ്ഞെടുപ്പ് ഫലം വെച്ച് അളക്കാവുന്നതല്ലെന്നും പിണറായി വിജയൻ പറഞ്ഞു.
ന്യൂനപക്ഷങ്ങൾക്ക് തല ഉയർത്തി ജീവിക്കാനുള്ള സാഹചര്യം ഒരുക്കാൻ ഇടതുപക്ഷം പ്രതിജ്ഞാബദ്ധരാണെന്നും ന്യൂനപക്ഷങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിനും അവരെ ചേർത്തുപിടിച്ച് മുന്നോട്ട് പോകുന്നതിനും സംസ്ഥാന സർക്കാർ എല്ലാ ഘട്ടത്തിലും തയ്യാറായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഇ.എം.എസ് സർക്കാരാണ് മലബാർ കലാപത്തിന് ശേഷം മുസ്ലിം പള്ളി നിർമ്മാണത്തിന് ഉണ്ടായിരുന്ന വിലക്ക് നീക്കിയത്. മലബാർ മേഖലയിൽ കൂടുതൽ സ്കൂളുകൾ നിർമിച്ചത് 1957 ലെ ഇടതുസർക്കാരാണ്. മലപ്പുറം ജില്ല രൂപീകരിച്ചതും ഇടതുസർക്കാരാണ്. ഇതെല്ലാം ന്യൂനപക്ഷങ്ങളെ എല്ലാകാലത്തും ചേർത്തു പിടിച്ചിട്ടുണ്ടെന്നതിന് തെളിവാണ്,’മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ സമസ്ത നൽകിവരുന്ന പ്രാധാന്യം പ്രധാനമാണെന്നും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാതാക്കുകയെന്നത് സമസ്തയുടെ ലക്ഷ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമസ്ത രൂപീകരിക്കപ്പെട്ട് 100 വർഷത്തോളം പിന്നിട്ടിരിക്കുന്നെന്നും സമൂഹത്തിൽ മതനിരപേക്ഷതയും സഹവർത്തിത്വവും നിലനിർത്തുന്നതിലും സമസ്ത വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘മതനിരപേക്ഷതയുടെ മുഖംമൂടി അണിയുന്നവരെ തിരിച്ചറിയാനാകണം. ഭൂരിപക്ഷ വർഗീയതയെ എതിർക്കാൻ ന്യൂനപക്ഷ വർഗീയത ആയുധമാക്കുന്നത് തിരിച്ചറിയണം. മതവിശ്വാസവും വർഗീയതയും രണ്ട് കാര്യങ്ങളാണ്. എല്ലാ വർഗീയ വാദികളിയുടെയും സ്വഭാവം നുണ പറയുന്നതാണ്. നിലവിലെ അനാചാരങ്ങൾക്കെതിരെ കണ്ണടയ്ക്കുന്ന കൂട്ടരുണ്ട്. അവരെ തിരിച്ചറിയാൻ സമസ്തക്ക് കഴിയണം,’ മുഖ്യമന്ത്രി പറഞ്ഞു.
വർഗീയതയും പരസ്പര പൂരകമാണെന്ന് തിരിച്ചറിയേണ്ടതുണ്ടെന്നും എല്ലാ വർഗീയ വാദികൾ നല്ല രീതിയിൽ നുണ പ്രചരിപ്പിക്കുന്നവരാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വർഗീയത ഫണം വിടർത്തിയാടുന്ന സമയത്തൊക്കെ മനുഷ്യപക്ഷത്തു നിൽക്കാൻ സമസ്തയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കേണ്ട, നാനാത്വത്തിൽ ഏകത്വം ഓരോ നിമിഷവും തച്ചുതകർക്കപ്പെടുന്ന കാലഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Pinarayi Vijayan on Samastha’s centenary message journey