തലശ്ശേരി കലാപത്തിന്റെ സൂത്രധാരില്‍ ഒരാള്‍ പിണറായി; ജയില്‍ വേതനം കൂട്ടിയത് അദ്ദേഹത്തിനും കുടുംബത്തിനും ഗുണം ചെയ്യും: കെ.എം. ഷാജി
Kerala
തലശ്ശേരി കലാപത്തിന്റെ സൂത്രധാരില്‍ ഒരാള്‍ പിണറായി; ജയില്‍ വേതനം കൂട്ടിയത് അദ്ദേഹത്തിനും കുടുംബത്തിനും ഗുണം ചെയ്യും: കെ.എം. ഷാജി
നിഷാന. വി.വി
Sunday, 18th January 2026, 9:01 am

തിരുവനന്തപുരം: തലശ്ശേരി കലാപത്തിന്റെ സൂത്രതാരന്മാരില്‍ ഒരാള്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ആരോപണവുമായി മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജി.

തലശ്ശേരി കലാപത്തെ കുറിച്ച് പറയാന്‍ പിണറായി വിജയനെന്താണ് അര്‍ഹതയുള്ളതെന്നും കലാപത്തിന്റെ സൂത്രധാരന്മാരിലൊരാള്‍ പിണറായി വിജയനാണെന്നും അദ്ദേഹം പറഞ്ഞു.

പല തവണ ഇക്കാര്യം താന്‍ പറഞ്ഞപ്പോള്‍ തന്റെ പേരില്‍ കേസ് കൊടുത്ത് കളയുമെന്ന് ഗോവിന്ദന്‍ മാഷ് പറഞ്ഞുവെന്നും ഷാജി കൂട്ടിച്ചേര്‍ത്തു.

‘ജയിലുലള്ളവര്‍ക്കുള്ള വേതനം കൂട്ടുന്നതില്‍ ബേജാറാവണ്ട, ഇത് പിണറായി വിജയന്‍ മൂപ്പരുടെ കുടുംബങ്ങള്‍ക്കും ബന്ധുക്കള്‍ക്കും ഇനി ജയിലില്‍ പോവാനിരിക്കുന്ന മൂപ്പരുടെ മകള്‍ക്കും മരുമകനും വേണ്ടി കിട്ടാനുള്ള തുക മുന്‍കൂട്ടി കൂട്ടിയതാണ്,’ കെ.എം. ഷാജി പറഞ്ഞു.

നാട്ടില്‍ സാധാരണ ജീവിതം നയിക്കുന്നതിനേക്കാള്‍ കൂടുതല്‍ വരുമാനവും സൗകര്യവും നിലവില്‍ ജയിലിലാണെന്നും എല്ലാവിധ സൗകര്യങ്ങളും ലഭ്യമായതുകൊണ്ട് മനുഷ്യര്‍ ജയിലില്‍ പോകാന്‍ വേണ്ടി മറ്റ് അതിക്രമങ്ങള്‍ കാണിക്കാതിരുന്നാല്‍ ഭാഗ്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സി.പി.ഐ.എം മുതിര്‍ന്ന നേതാവായ എ.കെ ബാലനെതിരെയും കെ.എം ഷാജി രംഗത്തെത്തിയിരുന്നു. എ.കെ ബാലന്‍ മൂത്ത് നരച്ച ബുദ്ധി കുറഞ്ഞ് തുടങ്ങിയ കമ്മ്യൂണിസ്റ്റാണെന്നും അദ്ദേഹത്തിന് വീട്ടിലിരുന്ന് മര്യാദയ്ക്ക് ഖുര്‍ആന്‍ വായിച്ചാല്‍ ജയിലില്‍ പോവാതിരിക്കാമെന്നുമായിരുന്നു കെ.എം. ഷാജിയുടെ പരാമര്‍ശം.

ഏഴ് വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് തടവുകാരുടെ വേതനം സര്‍ക്കാര്‍ വര്‍ധിപ്പിക്കുന്നത്. സ്‌കില്‍ഡ് ജോലിയില്‍ 620രൂപ, സെമിസ്‌കില്‍ഡ്, അണ്‍ സ്‌കില്‍ഡ് വിഭാഗത്തില്‍ 560, 530 രൂപ എന്നിങ്ങനെയാണ് വര്‍ധന.

സെന്‍ട്രല്‍ ജയിലുകളില്‍ കുറഞ്ഞ ദിവസക്കൂലി 63 രൂപയും കൂടിയ കൂലി 168 രൂപയുമായിരുന്നു.
വേതന വര്‍ധനവിന് പിന്നാലെ സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

എന്നാല്‍ മുഴുവന്‍ തുകയും തടവുകാര്‍ക്ക് ലഭിക്കുന്നില്ല. വേതനത്തിന്റെ നിശ്ചിത ശതമാനം അവരുടെ കുടുംബങ്ങള്‍, ജയില്‍ ചെലവ്, പുനരധിവാസം എന്നിവയ്ക്കും കുറ്റകൃത്യങ്ങളിലെ ഇരകള്‍ക്കുമുള്ളതാണ്.

2026 ജനുവരി 9ന് പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ജയില്‍ അന്തേവാസികളുടെ പുനരധിവാസവും അന്തസ്സും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് വേതന വര്‍ധനവ് എന്ന് പറയുന്നു.

2018 ന് ശേഷം ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് വേതന വര്‍ധനവ് നടപ്പിലാക്കുന്നത്. നിലവില്‍ കഠിന തടവിന് ശിക്ഷിക്കപ്പെട്ടവരും സ്വമേധയാ ജോലി ആവശ്യപ്പെട്ടതുമായ 4200 തടവുകാരാണ് വേതന വര്‍ധനവിന്റെ പരിധിയില്‍ വരുന്നത്.

Content Highlight: Pinarayi is one of the masterminds of the Thalassery riots; Increasing prison wages will benefit him and his family: KM Shaji

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.