തിരുവനന്തപുരം: സി.എം.ആർ.എൽ–എക്സാലോജിക് കേസിൽ പിണറായി വിജയനെതിരായ വിജിലൻസ് അന്വേഷണത്തിന് സുപ്രീം കോടതി ഏർപ്പെടുത്തിയ സ്റ്റേ താത്ക്കാലിക ആശ്വാസം മാത്രമാണെന്നും, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും യു.ഡി.എഫ് സർക്കാരിന്റെയും കെടുകാര്യസ്ഥതയും ഒത്തുകളിയും കാരണമാണ് ഇത്തരം ഒരു സാഹചര്യമുണ്ടായതെന്നും കെ.എം. ഷാജഹാൻ.
താൻ കോടതിയെ സമീപിച്ചതുകൊണ്ട് മാത്രമാണ് കേസ് ഈ ഘട്ടം വരെയെങ്കിലും എത്തിയതെന്നും പിണറായി വിജയനും കൂട്ടുപ്രതികൾക്കും നിയമപോരാട്ടത്തിൽ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സുപ്രീം കോടതി എഫ്.ഐ.ആറോ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നടപടികളോ സ്റ്റേ ചെയ്തിട്ടില്ലെന്ന് ഷാജഹാൻ ചൂണ്ടിക്കാട്ടി.
ഒരാഴ്ചത്തേക്ക് വിജിലൻസ് അന്വേഷണം നിർത്തിവെക്കാൻ മാത്രമാണ് കോടതി നിർദ്ദേശിച്ചിട്ടുള്ളത്. എഫ്.ഐ.ആർ സ്റ്റേ ചെയ്യണമെന്ന ആവശ്യം ഉയർന്നപ്പോൾ അത് പരിഗണിക്കാൻ പോലും കോടതി തയ്യാറായില്ല. യു.ഡി.എഫ് സർക്കാരിന്റെ അഡ്വക്കേറ്റ് ജനറലിനോട് സംസാരിക്കാൻ പോലും കോടതി അനുവദിച്ചില്ലെന്നും ഷാജഹാൻ ആരോപിച്ചു.
കേസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിലേക്ക് വിട്ട സാഹചര്യത്തിൽ, അപ്പീൽ നടപടികൾ മനപ്പൂർവ്വം നീട്ടിക്കൊണ്ടുപോകാനുള്ള നീക്കമുണ്ടായാൽ അതിനെതിരെ ശക്തമായ നിലപാടുമായി വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഹമ്മദ് റിയാസിനും വീണാ വിജയനും എതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് ഇ.ഡി റിപ്പോർട്ടിലുള്ളതെന്ന് അദ്ദേഹം ആവർത്തിച്ചു.
‘റിയാസും ഭാര്യ വീണയും ചേർന്ന് വിദേശത്ത് പോയി ഹവാല ഇടപാടുകൾ നടത്തിയെന്നതിന് കൃത്യമായ രേഖകളുണ്ട്. വിദേശത്ത് ഒരു സ്ഥാപനം തുടങ്ങാൻ തീരുമാനിച്ചതിനുശേഷം വാട്ട് ഷുഡ് ബി ദി നെയിം ഓഫ് ദി ബിസിനസ് ഫേ’ എന്ന് ചോദിച്ച് വീണ സ്വന്തം മകന് അയച്ച വാട്സ്ആപ്പ് സന്ദേശം ഇ.ഡി റിപ്പോർട്ടിലുണ്ട്. ഇത്തരം ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സിംഗിൾ ബെഞ്ച് കോഗ്നിസബിൾ ഒഫൻസ് ചുമത്തി കേസെടുക്കാൻ ഉത്തരവിട്ടത്’ അദ്ദേഹം പറഞ്ഞു.
വാരിസ് എന്ന വ്യക്തിയിൽ നിന്ന് ഹവാല വഴി 1.20 കോടി രൂപ കൈപ്പറ്റിയെന്നും കൃത്രിമ സിം കാർഡും വൈഫൈ റൂട്ടറും ഉപയോഗിച്ച് ദുബായിൽ ബിസിനസ് ചർച്ചകൾ നടത്തിയെന്നും ഷാജഹാൻ ആരോപിച്ചു.
അഞ്ചു വർഷത്തെ എം.എൽ.എ പ്രവർത്തനത്തിൽ നിന്നുള്ള പരിമിതമായ വരുമാനമല്ലാതെ, കോടികളുടെ ബിസിനസ് തുടങ്ങാൻ മുഹമ്മദ് റിയാസിന് എവിടെനിന്നാണ് വരുമാനമെന്ന് ചോദിക്കാൻ സി.പി.ഐ.എമ്മിൽ നട്ടെല്ലുള്ള ആരെങ്കിലുമുണ്ടോ എന്ന് അദ്ദേഹം വെല്ലുവിളിച്ചു.
സി.എം.ആർ.എല്ലിലെ ഉദ്യോഗസ്ഥൻ മൊഴി മാറ്റിയത് കൊണ്ടുമാത്രം കേസ് ഇല്ലാതാകില്ലെന്നും അതിനെ സാധൂകരിക്കുന്ന മറ്റ് അനുബന്ധ തെളിവുകൾ നിലനിൽക്കുന്നിടത്തോളം മൊഴിമാറ്റത്തിന് കീറക്കടലാസിന്റെ വിലയേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയെ കാൽനൂറ്റാണ്ട് കാലം വരുതിയിൽ നിർത്തിയ പിണറായി വിജയനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യപ്പെടുന്ന സാഹചര്യം ഒരുക്കിയത് താനാണെന്ന് ഷാജഹാൻ അവകാശപ്പെട്ടു.
കണ്ണൂരിലെ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ സ്വന്തം മകളും മരുമകനും നടത്തിയ അഴിമതിയെക്കുറിച്ച് പിണറായി വിജയന് ഒരു മണിക്കൂറോളം വിശദീകരിക്കേണ്ടി വന്നത് ഇതിന്റെ തെളിവാണ്. എല്ലാക്കാലത്തും കള്ളത്തരം കാണിച്ച് ആർക്കും രക്ഷപ്പെടാനാവില്ലെന്നും, വി.ഡി. സതീശനും സർക്കാരും നടത്തുന്ന ഇത്തരം കൂട്ടുകച്ചവടങ്ങൾക്കെതിരെയുള്ള തന്റെ പോരാട്ടത്തിന്റെ പിന്നിലെ യഥാർത്ഥ പ്രേരണ വി.എസ്. അച്യുതാനന്ദനാണെന്നും കെ.എം. ഷാജഹാൻ പറഞ്ഞു.
Content Highlight:‘Pinarayi has received only temporary relief; it is a collusive arrangement by the UDF government’: K.M. Shajahan against the government.
