പോര്‍ച്ചുഗലിന്റെ യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്‍ പ്രവേശനത്തിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പ്രശംസിച്ച് മാധ്യമപ്രവര്‍ത്തകന്‍ പിയേഴ്‌സ് മോര്‍ഗന്‍.
മ്യൂണിക്കിലെ അലയന്‍സ് അരീനയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിന് കരുത്തരായ ജര്‍മനിയെ തകര്‍ത്താണ് പോര്‍ച്ചുഗല്‍ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.
‘ഒരു അന്താരാഷ്ട്ര ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍, തന്റെ 40ാം വയസില്‍ ക്രിസ്റ്റിയാനോ 220 മത്സരത്തില്‍ നിന്നും 137ാം അന്താരാഷ്ട്ര ഗോള്‍ നേടിയിരിക്കുന്നു. ഗോട്ട് അക്കാര്യം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അതിമനോഹരം,’ പിയേഴ്‌സ് മോര്‍ഗന്‍ എക്‌സില്‍ കുറിച്ചു.
BREAKING: @Cristiano just scored his 137th goal for Portugal in 220 matches, at the age of 40… in the semi-final of an international tournament.
The 🐐 keeps on doing it.
Incredible. 👏👏👏👏👏👏 pic.twitter.com/Wdz820mvg0
മത്സരത്തില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു പോര്‍ച്ചുഗലിന്റെ ഗംഭീര തിരിച്ചുവരവ്. ഫ്ളോറിയാന്‍ വിര്‍ട്സ് ജര്‍മനിക്കായി ഗോള്‍ കണ്ടെത്തിയപ്പോള്‍ ഫ്രാന്‍സിസ്‌കോ കോണ്‍സിയയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയുമാണ് പോര്‍ച്ചുഗലിനായി ഗോള്‍ കണ്ടെത്തിയത്.
3-4-2-1എന്ന ഫോര്‍മേഷനിലാണ് ജൂലിയോ നഗല്‍സ്മാന്‍ തന്റെ കുട്ടികളെ കളത്തിലിറക്കിവിട്ടത്. അതേസമയം, പോര്‍ച്ചുഗല്‍ പരിശീലകനായ റോബര്‍ട്ടോ മാര്‍ട്ടീനസ് ആകട്ടെ 4-3-3 എന്ന രീതിയും അവലംബിച്ചു.
മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. ഇരു ടീമുകളുടെ ഭാഗത്ത് നിന്നും കാര്യമായ മുന്നേറ്റങ്ങള്‍ പലതുണ്ടായെങ്കിലും ഒന്നുപോലും ഗോളായി മാറിയില്ല.
ഗോളടിക്കാതെ പിരിഞ്ഞ ആദ്യ പകുതിക്ക് പിന്നാലെ ഗോളടിച്ചുകൊണ്ടാണ് ജര്‍മനി രണ്ടാം പകുതിക്ക് തുടക്കമിട്ടത്. മത്സരത്തിന്റെ 48ാം മിനിട്ടില്‍ ജോഷ്വ കിമിച്ചിന്റെ അസിസ്റ്റില്‍ നിന്നും ഫ്ളോറിയാന്‍ വിര്‍ട്സ് ജര്‍മനിയെ മുമ്പിലെത്തിച്ചു.
തുടര്‍ന്ന് മത്സരം മുറുകവെ ഇരു ടീമുകളും കാര്യമായ സബ്സ്റ്റിറ്റിയൂഷനുകളും നടത്തി. 58ാം മിനിട്ടിലാണ് കോണ്‍സിയോയെ മാര്‍ട്ടിനസ് കളത്തിലിറങ്ങുന്നത്. മൈതാനത്തെത്തിയ അഞ്ചാം മിനിട്ടില്‍ തന്നെ താരം ഗോള്‍ കണ്ടെത്തുകയും ചെയ്തു.
മത്സരത്തിന്റെ 63ാം മിനിട്ടില്‍ റൂബന്‍ ഡയസില്‍ നിന്നും പാസ് സ്വീകരിച്ച താരം ജര്‍മന്‍ ഗോള്‍ കീപ്പര്‍ ടെര്‍ സ്റ്റെഗനെ മറികടന്ന് പന്ത് വലയിലെത്തിച്ചു.
ഈക്വലൈസര്‍ ഗോള്‍ പിറന്ന് അഞ്ച് മിനിട്ടിന് ശേഷം റൊണാള്‍ഡോ ടീമിനെ മുമ്പിലെത്തിച്ചു. നുനോ മെന്‍ഡിസ് നല്‍കിയ അളന്നുമുറിച്ചുള്ള പാസ് കൃത്യമായി വലയിലെത്തിക്കേണ്ട ചുമതല മാത്രമായിരുന്നു റോണോയ്ക്കുണ്ടായിരുന്നത്. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ പോര്‍ച്ചുഗല്‍ കലാശപ്പോരാട്ടത്തിന് ടിക്കറ്റെടുത്തു.