മെസി മാത്രമല്ല, ബാഴ്‌സലോണയിലേക്ക് മറ്റൊരു സൂപ്പര്‍താരം കൂടി തിരിച്ചെത്തുന്നു; റിപ്പോര്‍ട്ട്
Football
മെസി മാത്രമല്ല, ബാഴ്‌സലോണയിലേക്ക് മറ്റൊരു സൂപ്പര്‍താരം കൂടി തിരിച്ചെത്തുന്നു; റിപ്പോര്‍ട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 30th April 2023, 6:35 pm

വരുന്ന സമ്മര്‍ ട്രാന്‍സ്ഫറില്‍ തങ്ങളുടെ ഇതിഹാസ താരം ലയണല്‍ മെസി ക്ലബ്ബിലേക്ക് തിരിച്ചെത്തുമെന്നുള്ള പ്രതീക്ഷയിലാണ് ബാഴ്‌സലോണ. ഈ സീസണിന്റെ അവസാനത്തോടെ ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിക്കാനിരിക്കെ താരം ക്ലബ്ബില്‍ തുടരില്ലെന്നും ബാഴ്‌സയിലേക്ക് തിരികെയെത്തുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ബാഴ്‌സലോണ ആരാധകര്‍ക്ക് കൂടുതല്‍ സന്തോഷം നല്‍കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബ്ലൂഗ്രാനയുടെ മുന്‍ താരം പിയറി എമെറിക്ക് ഒബെമയാങ് തന്റെ പഴയ തട്ടകത്തിലേക്ക് തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഈ സീസണിന്റെ അവസാനത്തോടെ ഒബെമയാങ്ങിന്റെ ചെല്‍സിയുമായുള്ള കരാര്‍ അവസാനിക്കും. അടുത്ത സീസണിലേക്ക് താരത്തെ ക്ലബ്ബിലേക്കെത്തിക്കാന്‍ ബാഴ്‌സലോണ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും ഉടന്‍ തന്നെ വിഷയത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

10.3 മില്യണ്‍ യൂറോക്കാണ് ബാഴ്‌സലോണ ഒബെമയാങ്ങിനെ ക്ലബ്ബിലെത്തിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. 2022ലാണ് താരം ആഴ്‌സലണലില്‍ നിന്നും ബാഴ്‌സലോണയിലെത്തിയത്. ആറ് മാസക്കാലം ബ്ലൂഗ്രാനക്കൊപ്പം ചെലവഴിച്ച താരം ക്ലബ്ബിനായി കളിച്ച 24 മത്സരങ്ങളില്‍ നിന്ന് 13 ഗോളുകളാണ് അക്കൗണ്ടിലാക്കിയത്.

കഴിഞ്ഞ സീസണില്‍ ഒബെമയാങ്ങിന് പകരക്കാരനായി ബയേണ്‍ മ്യൂണിക്കിന്റെ ഗോള്‍ വേട്ടക്കാരന്‍ റോബേര്‍ട്ട് ലെവന്‍ഡോസ്‌കി ബാഴ്‌സയിലെത്തുകയായിരുന്നു. മെസിയെയും ഒബെമയാങ്ങിനെയും ഒരുമിച്ച് വരവേല്‍ക്കാനുള്ള കാത്തിരിപ്പിലാണ് ബാഴ്‌സ ആരാധകര്‍.

അതേസമയം, കഴിഞ്ഞ ദിവസം ലാ ലിഗയില്‍ നടന്ന മത്സരത്തില്‍ ബാഴ്സലോണ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു. റയല്‍ ബെറ്റിസിനെതിരായ മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു ബാഴ്‌സയുടെ ജയം. ആന്‍ഡ്രിയാസ് ക്രിസ്റ്റെന്‍സെന്‍, റോബേര്‍ട്ട് ലെവന്‍ഡോസ്‌കി, റോഡ്രിഗസ് എന്നിവരാണ് ബാഴ്സക്കായി ഗോളുകള്‍ നേടിയത്.

 

ലാ ലിഗയില്‍ ഇതുവരെ നടന്ന 32 മത്സരങ്ങളില്‍ 25 ജയവുമായി 79 പോയിന്റോടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ബാഴ്സലോണ. 11 പോയിന്റ് വ്യത്യാസത്തില്‍ റയല്‍ മാഡ്രിഡ് ആണ് രണ്ടാം സ്ഥാനത്ത്.

മെയ് രണ്ടിന് ഒസാസുനക്കെതിരെയാണ് ബാഴ്സയുടെ അടുത്ത മത്സരം.

Content Highlights: Pierre Emerick Aubameyang will join Barcelona along with Messi in this summer season