ആംസ്റ്റര്‍ഡാം: ലോക വ്യാപകമായി ന്യൂസ് പോര്‍ട്ടലുകള്‍, സര്‍ക്കാരുകളുടെയും സര്‍വകലാശാലകളുടെയും വെബ്‌സൈറ്റുകള്‍, ഓണ്‍ലൈന്‍ സ്റ്റോറുകള്‍ എന്നിവയില്‍ ഉപയോഗിച്ച് വരുന്ന പി.എച്ച്.പി പ്രോഗ്രാമിങ് ലാംഗ്വേജിലെ സുരക്ഷാ പാളിച്ചയെക്കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ന്നു. അടുത്തിടെ എ.ഐ ഉപയോഗിച്ചുള്ള ഗവേഷണത്തിലാണ് സുരക്ഷാ പാളിച്ച കണ്ടെത്തിയത്. ഈ പാളിച്ചയ്ക്ക് പരിഹാരം കണ്ടെത്തുന്നതിന് മുമ്പ് ഇതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഓണ്‍ലൈനില്‍ ചോരുകയായിരുന്നു.
മൂന്ന് പതിറ്റാണ്ടോളമായി വ്യാപക പ്രചാരത്തിലുള്ളതും ഇപ്പോള്‍ ലോകത്തെ 70 ശതമാനം വെബ്‌സൈറ്റുകളിലും ഉപയോഗിച്ച് വരുന്ന പ്രോഗ്രാമിങ് ലാംഗ്വേജ് ആണ് പി.എച്ച്.പി. സെര്‍വറില്‍ സ്റ്റോര്‍ ചെയ്ത വിവരങ്ങള്‍ വെബ്‌സൈറ്റിലേക്കോ ആപ്പിലേക്കോ എത്തിക്കുന്ന ബാക്ക് എന്‍ഡ് പ്രവര്‍ത്തനങ്ങള്‍ക്കായാണ് പി.എച്ച്.പി ഉപയോഗിക്കുന്നത്.
കണ്ടന്റ് മാനേജ്‌മെന്റ് സിസ്റ്റങ്ങളായ വേര്‍ഡ്പ്രസ്സ്, വൂകൊമേഴ്‌സ്, ഡ്രൂപാല്‍, ജൂംല, മെജന്റോ എന്നിവ പി.എച്ച്.പി ലാംഗ്വേജ് ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇവ ഉപയോഗിക്കുന്ന വെബ്‌സൈറ്റുകളെ പി.എച്ച്.പിയിലെ സുരക്ഷാ വീഴ്ച ബാധിക്കും. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഇറങ്ങിയ പി.എച്ച്.പി പതിപ്പുകളിലാണ് ഈ വീഴ്ച. പിഎച്ച്പി 5.4 ഉം അതിനുശേഷമുള്ള പതിപ്പുകളുമാണ് ഇവയെന്ന് സുരക്ഷാ വിദഗ്ധരെ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
പത്ത് വര്‍ഷത്തിലധികമായി പി.എച്ച്.പിയുടെ കോഡില്‍ മറഞ്ഞിരിക്കുന്ന ചില വീഴ്ചകളാണ് ഇപ്പോള്‍ വിസ് റിസര്‍ച്ച് എന്ന സ്ഥാപനം ഓപ്പണ്‍ എ.ഐ, ഗൂഗിള്‍ എന്നിവയുടെ എ.ഐ. മോഡലുകളുടെ സഹായത്തോടെ കണ്ടെത്തിയത്. ഈ വീഴ്ചകള്‍ മുതലെടുത്ത് സൈബര്‍ ക്രിമിനലുകള്‍ക്ക് വെബ്‌സൈറ്റുകളെ ആക്രമിക്കാന്‍ സാധിക്കും.
വര്‍ഷങ്ങളായി സോഫ്റ്റ് വെയറില്‍ ഒളിഞ്ഞിരുന്ന അപകടസാധ്യതകളാണ് എ.ഐയുടെ സഹായത്തോടെ കണ്ടെത്തിയത്. ഈ പാളിച്ചകളുടെ പരിഹാരങ്ങള്‍ തയ്യാറാക്കുന്നതിന് മുമ്പ് ഈ പാളിച്ചകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നു. ഇതോടെ പി.എച്ച്.പി ഫൗണ്ടേഷന്‍ ഈ സുരക്ഷാ വീഴ്ചകള്‍ക്കുള്ള സെക്യൂരിറ്റി പാച്ചുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുറത്തിറക്കുകയും ചെയ്തു.
സുരക്ഷാ പാളിച്ച കണ്ടെത്തിയ സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് പി.എച്ച്.പി ഫൗണ്ടേഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ‘നിങ്ങള്‍ പി.എച്ച്.പി ഉപയോഗിക്കുന്ന വെബ്‌സൈറ്റ് റണ്‍ ചെയ്യുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഇപ്പോള്‍ അപ്‌ഡേറ്റ് ചെയ്യേണ്ടത് ആവശ്യമാണ്,’ എന്നാണ് മുന്നറിയിപ്പ്.
പാളിച്ചയെക്കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ന്നതോടെ സുരക്ഷാ ഭീഷണി കണക്കിലെടുത്ത് വിവിധ രാജ്യങ്ങളിലെ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ അടക്കമുള്ളവ താത്കാലികമായി ഓഫ് ലൈനാക്കി വെച്ചു. പ്രശ്‌നം പരിഹരിക്കാന്‍ പി.എച്ച്.പി ഫൗണ്ടേഷന്‍ സുരക്ഷാ പാച്ച് പുറത്തിറക്കി. ഈ പാച്ച് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ വേണ്ടിയും വിവിധ ഓണ്‍ലൈന്‍ സേവന ദാദാക്കളും മറ്റ് വെബ് പോര്‍ട്ടലുകളും പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ച് ഓഫ് ലൈനാക്കി മാറ്റി.
ഓണ്‍ലൈന്‍ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ നടത്തിപ്പുകാരായ വിക്കി മീഡിയ അവരുടെ ചില സിസ്റ്റങ്ങള്‍ ഓഫ്‌ലൈനാക്കിയതായി അറിയിച്ചു. ഓണ്‍ലൈന്‍ ആര്‍ക്കൈവായ ഇന്റര്‍നെറ്റ് ആര്‍ക്കൈവും ഈ പ്രശ്‌നം കൈകാര്യം ചെയ്യുന്നതിനായി താല്‍ക്കാലികമായി ഓഫ്ലൈനിലേക്ക് മാറിയിരുന്നതായി വ്യക്തമാക്കി.
നെതര്‍ലന്‍ഡ്സില്‍ ഡച്ച് സൈബര്‍ സുരക്ഷാ ഏജന്‍സിയുടെ പോര്‍ട്ടലുകള്‍ ഓഫ്ലൈനിലേക്ക് പോയി. സുരക്ഷാ പാളിച്ച കാരണം മുന്‍കരുതലായാണ് അങ്ങനെ ചെയ്തതെന്ന് സെബര്‍ സുരക്ഷാ ഏജന്‍സി പറഞ്ഞു. നിരവധി സ്ഥാപനങ്ങള്‍ രാജ്യത്ത് ഈ രീതിയില്‍ വെബ്‌സൈറ്റുകള്‍ ഓഫ്ലൈനാക്കി വെച്ചു. റോട്ടര്‍ഡാം തുറമുഖം, ദേശീയ ഫുട്‌ബോള്‍ അസോസിയേഷന്‍, ഡച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍, നിരവധി ആശുപത്രികള്‍ എന്നിവയുടെ വെബ്സൈറ്റുകള്‍ അതില്‍ ഉള്‍പ്പെടുന്നു.
ഫിന്‍ലാന്‍ഡിലും മുന്‍കൂര്‍ നടപടിയായി വെബ്‌സൈറ്റുകള്‍ ഓഫ്‌ലൈനാക്കി മാറ്റി. ഫ്രാന്‍സിന്റെ ആഭ്യന്തര മന്ത്രാലയം തങ്ങളുടെ എല്ലാ വെബ്സൈറ്റുകളും പ്രതിരോധ അറ്റകുറ്റപ്പണികള്‍ക്കായി നിര്‍ത്തിവെച്ചതായി അറിയിച്ചു. പാരീസ് പൊലീസ് വെബ്സൈറ്റിന്റെ പ്രവര്‍ത്തനവും പാച്ച് അപ്‌ഡേറ്റിന് വേണ്ടി താത്കാലികമായി നിര്‍ത്തിവെക്കേണ്ടി വന്നു.
തങ്ങളുടെ വെബ്സൈറ്റുകള്‍ താല്‍ക്കാലികമായി ഓഫ്ലൈനില്‍ നിന്ന് നീക്കം ചെയ്തതായി ബെല്‍ജിയത്തിന്റെ ഫെഡറല്‍ പബ്ലിക് സര്‍വീസ് ഫോറിന്‍ അഫയേഴ്സ്, ഫോറിന്‍ ട്രേഡ് ആന്‍ഡ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ അറിയിച്ചു. ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ സ്വകാര്യ മേഖലയിലെ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. അടിയന്തര പ്രതികരണ നടപടികളും ആരംഭിച്ചു. വെബ്-ഹോസ്റ്റിംഗ് സ്ഥാപനങ്ങള്‍, ഡാറ്റാ സെന്ററുകള്‍ എന്നിവയ്ക്കും സര്‍ക്കാര്‍ സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി.
ജപ്പാനില്‍ മൊബൈല്‍ സേവന ദാതാവായ സോഫ്റ്റ്ബാങ്ക് തങ്ങളുടെ മൊബൈല്‍ ഉപയോക്താക്കള്‍ക്കായുള്ള അടിയന്തര മുന്നറിയിപ്പ് സംവിധാനം നിര്‍ത്തിവയ്ക്കുന്നതായി വെള്ളിയാഴ്ച അറിയിച്ചു. ജപി.എച്ച്.പിയിലെ സുരക്ഷാ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍, ഭൂകമ്പം, സുനാമി, മറ്റ് ദുരന്തങ്ങള്‍ എന്നിവയെക്കുറിച്ചുള്ള മുന്നറിയിപ്പുകളോ ഒഴിപ്പിക്കല്‍ നിര്‍ദ്ദേശങ്ങളോ ഉപഭോക്താക്കള്‍ക്ക് ലഭിക്കില്ലെന്ന് സോഫ്റ്റ്ബാങ്ക് വ്യക്തമാക്കിയിരുന്നു.
Content Highlight: PHP coding flaw that could pull down 70 percent of the internet?
