സൗത്ത് ആഫ്രിക്കയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ രണ്ടാം ടി-20യില്‍ ആതിഥേയര്‍ പടുകൂറ്റന്‍ ജയം സ്വന്തമാക്കിയിരുന്നു. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 146 റണ്‍സിന്റെ വിജയമാണ് ത്രീ ലയണ്‍സ് നേടിയത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 1-1ന് ഒപ്പമെത്താനും ആതിഥേയര്‍ക്കായി.
ഇംഗ്ലണ്ട് ഉയര്‍ത്തിയ 305 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പ്രോട്ടിയാസ് 16.1 ഓവറില്‍ 158ന് പുറത്തായി. ഫില്‍ സാള്‍ട്ടിന്റെ അപരാജിത സെഞ്ച്വറിയുടെയും ജോസ് ബട്‌ലര്‍, ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് എന്നിവരുടെ വെടിക്കെട്ടിന്റെയും കരുത്തിലാണ് ഇംഗ്ലണ്ട് മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്.
ഈ ഇന്നിങ്‌സിന് പിന്നാലെ ഒരു നേട്ടവും സാള്‍ട്ട് തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തിരുന്നു. അന്താരാഷ്ട്ര ടി-20യില്‍ ഒരു ഇംഗ്ലണ്ട് താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന നേട്ടമാണ് സാള്‍ട്ട് സ്വന്തമാക്കിയത്. സ്വന്തം റെക്കോഡ് തകര്‍ത്താണ് താരം ഈ നേട്ടത്തിലെത്തിയത്.
അന്താരാഷ്ട്ര ടി-20യില്‍ തന്റെ നാലാം സെഞ്ച്വറിയാണ് സാള്‍ട്ട് സ്വന്തം തട്ടകത്തില്‍ കുറിച്ചത്. ഇതോടെ ഏറ്റവുമധികം ടി-20ഐ സെഞ്ച്വറിയുടെ റെക്കോഡില്‍ നിലവില്‍ രണ്ടാമനാണ് സാള്‍ട്ട്. നാല് സെഞ്ച്വറിയുമായി ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവിനൊപ്പമാണ് സാള്‍ട്ട് രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുന്നത്.
അഞ്ച് വീതം സെഞ്ച്വറി നേടിയ ഓസ്‌ട്രേലിയന്‍ വെടിക്കെട്ട് വീരന്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലും മുന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും മാത്രമാണ് സാള്‍ട്ടിന് മുമ്പിലുള്ളത്.
അതേസമയം, നാളെ നടക്കുന്ന പരമ്പരയിലെ സീരീസ് ഡിസൈഡര്‍ മത്സരമാണ് സാള്‍ട്ടിന്റെ അടുത്ത അസൈന്‍മെന്റ്. ട്രെന്റ് ബ്രിഡ്ജാണ് വേദി.
Content Highlight: Phil Salt shatters his own record of highest T20I score by an English batter