മുസ്‌ലിം വിദ്യാര്‍ത്ഥിയെ തീവ്രവാദിയെന്ന് വിളിച്ചാക്ഷേപിച്ചു; പി.ഇ.എസ് സര്‍കലാശാല പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍
India
മുസ്‌ലിം വിദ്യാര്‍ത്ഥിയെ തീവ്രവാദിയെന്ന് വിളിച്ചാക്ഷേപിച്ചു; പി.ഇ.എസ് സര്‍കലാശാല പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍
നിഷാന. വി.വി
Saturday, 28th March 2026, 3:06 pm

ബെംഗളൂരു: മുസ്‌ലിം വിദ്യാര്‍ത്ഥിയെ തീവ്രവാദിയെന്ന് വിളിച്ചാക്ഷേപിച്ച അധ്യാപകന് സസ്‌പെന്‍ഷന്‍.

ബെംഗളൂരുവിലെ പി.ഇ.എസ് സര്‍വകലാശാലയിലെ പ്രൊഫസര്‍ മുരളീധര്‍ ദേശ്പാണ്ഡെ മുസ്‌ലിം വിദ്യാര്‍ത്ഥിയെ ആവര്‍ത്തിച്ച് തീവ്രവാദിയെന്ന് വിളിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍.

വിദ്യാര്‍ത്ഥിയെ പതിമൂന്ന് തവണ തീവ്രവാദിയെന്ന് വിളിക്കുന്നതും സഹപാഠികള്‍ക്ക് മുന്നില്‍ വെച്ച് അധിക്ഷേപിക്കുന്നതുമാണ് വീഡിയോ.

ക്ലാസില്‍ നിന്ന് പുറത്ത് പോവുന്നതിന് അനുവാദം ചോദിച്ചതിനായിരുന്നു അധിക്ഷേപമെന്നാണ് റിപ്പോര്‍ട്ട്.

നിങ്ങളെ പോലെയുളളവര്‍ കാരണമാണ് ഇറാന്‍ യുദ്ധമുണ്ടായത്, ട്രംപ് നിന്നെ കൊണ്ട് പോവും തുടങ്ങിയ പരാമര്‍ശങ്ങളും പ്രൊഫസര്‍ നടത്തിയതായി സഹപാഠികള്‍ പറഞ്ഞു. വീഡിയോ വൈറലായതോടെ സര്‍വകലാശാല അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

വീഡിയോയുടെ ആധികാരികത പരിശോധിച്ച് വരികയാണെന്ന് പി.ഇ.എസ് സര്‍വകലാശാല ചാന്‍സലര്‍ ജവഹര്‍ ദൊരെസ്വാമി പറഞ്ഞു. ഇത്തരം വിവേചനപരമായ നിലപാടുകള്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അച്ചടക്ക സമിതി തെളിവുകള്‍ പരിശോധിച്ച് വരികയാണെന്നും സ്ഥാപനത്തിന്റെ ചരിത്രത്തില്‍ ഇങ്ങനെയൊന്ന് സംഭവിച്ചിട്ടില്ലെന്നും സര്‍വകലാശാല വ്യക്തമാക്കി.

കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ നാഷണല്‍ സ്റ്റുഡന്‍സ് യൂണിയന്‍ ഓഫ് ഇന്ത്യ പൊലീസില്‍ പരാതി നല്‍കുകയും പ്രൊഫസര്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

Content Highlight: PES University professor suspended for calling Muslim student a terrorist

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.