എന്റെ വീട് അപ്പുവിന്റയും, കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്നീ രണ്ട് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഫേവറിറ്റ് ലിസ്റ്റില്‍ ഇടം നേടിയ ജയറാം-കാളിദാസ് കോംബോ 23 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്നു എന്ന പ്രത്യേകതയോടെ കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു ആശകള്‍ ആയിരം. ഒരു വടക്കന്‍ സെല്‍ഫി എന്ന നിവിന്‍ പോളി നായകനായ ഹിറ്റ് ചിത്രത്തിന്റെ സംവിധായകനായ ജി. പ്രജിത്താണ് ആശകള്‍ ആയിരം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥാകൃത്തായും ക്രിയേറ്റീവ് ഡയറക്ടറായും മലയാളത്തിലെ മുന്‍നിര സംവിധായകനായ ജൂഡ് ആന്തണി ജോസഫും പ്രവര്‍ത്തിച്ചിരുന്നു.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ജോണ്‍പോള്‍ ജോര്‍ജ് ചിത്രം ആശാന് സമാനമായി സിനിമക്കുള്ളിലെ സിനിമയുടെ കഥായാണ് ആശകള്‍ ആയിരം ചര്‍ച്ച ചെയ്യുന്നത്. ഒരു മിഡില്‍ ക്ലാസ് കുടുംബത്തിലെ ഗൃഹനാഥനായ ജയറാമിന്റെ കഥാപാത്രം ഹരിഹരനും മകനായി വേഷമിട്ട കാളിദാസിന്റെ കഥാപാത്രം അജീഷ് ഹരിഹരനും തമ്മിലുള്ള സംഘര്‍ഷങ്ങളും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളും ആസ്പദമാക്കിയാണ് ചിത്രം മുന്നേറുന്നത്.
Photo: Rift film
സിനിമയിലഭിനയിക്കണമെന്ന മോഹവുമായി ജീവിക്കുന്ന ഇരുപത്തിയെട്ടുകാരനായ അജീഷിന്റെ ഷോട്ഫിലിം എടുക്കാനുള്ള ശ്രമങ്ങള്‍ കാണിച്ചുകൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. അജീഷിന്റെ സിനിമാ നടനാകാനുള്ള പാഷനും അതേസമയം കാര്യങ്ങളെ സമീപിക്കുന്നതിലുള്ള പക്വതക്കുറവും ആദ്യ സീനില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.
മറുവശത്ത് നാലുപേരടങ്ങുന്ന കുടുംബത്തെ കൈകാര്യം ചെയ്യാന്‍ പാടുപെടുന്ന മെഡിക്കല്‍ റെപ്രസെന്റേറ്റീവായി ജോലി ചെയ്യുന്ന ജയറാമിന്റെ കഥാപാത്രം ഹരിഹരനും പ്രേക്ഷകരിലേക്ക് പെട്ടെന്ന് തന്നെ കണക്ടാവുന്നു. ജോലിസ്ഥലങ്ങളില്‍ നിന്നും നേരിടുന്ന പ്രയാസങ്ങളും പ്രായത്തിന്റെ ബുദ്ധിമുട്ടുകളും കാരണം തന്റെ മകനും ജോലിക്ക് പോകണമെന്ന ആവശ്യം ഹരിഹരന്‍ നിരന്തരം ഉന്നയിക്കുന്നത് കാണാം.
അജീഷിന്റയും കൂട്ടുകാരുടെയും ദിനചര്യകളിലൂടെയും ഹരിഹരന്റെ പ്രയാസങ്ങളിലൂടെയും സഞ്ചരിക്കുന്ന ചിത്രത്തിന്റെ തുടക്കം പ്രേക്ഷകരെ ചിത്രത്തിലേക്ക് ‘ഇന്‍’ ചെയ്യിക്കുന്നുണ്ട്. ലിറ്റില്‍ പ്രിന്‍സ് എന്ന പേരില്‍ അറിയപ്പെടുന്ന അജീഷിന്റെ യൂട്യൂബ് വ്‌ളോഗിങ്ങും റീല്‍സും സിനിമാ സെറ്റുകളിലേക്കുള്ള യാത്രകളും പ്രേക്ഷകരില്‍ ചിരിയുണര്‍ത്തുന്നുണ്ട്.
കാളിദാസ് ജയറാം ചിത്രത്തില്‍. Photo: screen grab/ sree gokulam movies/ youtube.com
ചിത്രത്തിലെ ടേണിങ്ങ് പോയിന്റായി മാറുന്നത് ഷറഫുദ്ദീന്‍ അവതരിപ്പിച്ച സുമിത് കുമാര്‍ എന്ന മലായാള സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍ രംഗപ്രവേശം ചെയ്യുന്നതോടെയാണ്. ജയറാം എന്ന താരത്തെ നടന്‍ എന്ന നിലയില്‍ അടുത്തിടെ മലയാള സിനിമയില്‍ ഉപയോഗപ്പെടുത്തിയ സീനായിരുന്നു ഷറഫുദ്ദീനൊപ്പമുള്ളത് എന്ന് നിസ്സംശയം പറയാം. ചിത്രത്തിന്റെ ഗ്രാഫ് ഏറ്റവും കൂടുതല്‍ ഉയര്‍ന്നു നില്‍ക്കുന്ന പോയിന്റും ഈ സീനിലാണെന്ന് പ്രേക്ഷകപ്രതികരണം സൂചിപ്പിക്കുന്നു.
അത്രയും നേരം സാധാരണ ഇടത്തരം കുടുംബത്തിലെ അച്ഛന്‍-മകന്‍ പ്രശ്‌നങ്ങളില്‍ നിന്നും സിനിമയെ മോഹിക്കുന്ന രണ്ട് അഭിനേതാക്കള്‍ തമ്മിലുള്ള സംഘര്‍ഷമായി ചിത്രം പരിണമിക്കുന്നതും ഇവിടെ വെച്ചാണ്. അച്ഛന്റെയും മകന്റെയും മത്സരങ്ങള്‍ക്കിടയില്‍ പെട്ടുപോകുന്ന വീട്ടമ്മയയെ ആശാ ശരത് അച്ചടക്കത്തോടെ അവതരിപ്പിച്ചിട്ടുണ്ട്.
സിനിമക്കുള്ളിലെ സിനിമയുടെ പല രംഗങ്ങളുമുള്ളതിനാല്‍ അഭിനയത്തിനുള്ളില്‍ അഭിനയിക്കേണ്ടി വരുന്ന പല സീനുകളും വൃത്തിയായി തന്നെ കാളിദാസും ജയറാമും ചെയ്ത് ഫലിപ്പിച്ചിട്ടുണ്ട്. ഒന്ന് പാളിപ്പോയാല്‍ കാണികളില്‍ നിന്നും വിമര്‍ശനം നേരിടേണ്ടിയിരുന്ന ആദ്യ പകുതിയിലെ രംഗങ്ങള്‍ കറക്ട് മീറ്ററിലാണ് ജയറാം കൈകാര്യം ചെയ്തത്.
ആദ്യ പകുതിയില്‍ പ്രേക്ഷകനെ പിടിച്ചിരുത്തിയത് പോലെ രണ്ടാം പകുതിയില്‍ ചെയ്യാന്‍ സാധിക്കാത്തത് ചിത്രത്തിന്റെ പോരായ്മായി തോന്നുന്നുണ്ട്. കാലപ്പഴക്കം വന്ന തമാശകളും ക്ലൈമാക്‌സിലേക്ക് പ്രേക്ഷകനെ പിടിച്ചിരുത്താന്‍ തക്ക ഹുക്കുകളുടെ അഭാവവും സെക്കന്റ് ഹാഫില്‍ ലാഗിന് കാരണമാകുന്നു. ഷറഫുദ്ദീന്റെ പ്രകടനം മികച്ചതായിരുന്നെങ്കിലും വില്ലനായ സുമിത് കുമാര്‍ പ്രേക്ഷകരില്‍ ഇംപാക്ട് സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ടിട്ടുണ്ട്.
സലാം കശ്മീരിലൂടെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായ ജയറാമിന്റെ പാപ്പമാ എക്‌സ്‌പ്രെഷനും ഷാര്‍ജ റ്റു ഷാര്‍ജയിലെ ഗാനവും കൊച്ചു കൊച്ചു സന്തോഷങ്ങളിലെ പശ്ചാത്തലസംഗീതവും ചിത്രത്തില്‍ മികച്ച രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ദിലീപ് ചിത്രം ഭ ഭ ബ യിലെ കാമിയോക്ക് കിട്ടിയ ട്രോളുകള്‍ക്ക് പിന്നാലെ നിര്‍മാതാവായ ഗോകുലം ഗോപാലനും ചിത്രത്തില്‍ മുഖം കാണിച്ചിട്ടുണ്ട്. സീനുകള്‍ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. അസിസ്റ്റന്റ് ഡയറക്ടറായി വേഷമിട്ട ഇഷാനി കൃഷ്ണയും സോഷ്യല്‍ മീഡിയ റീലുകളിലൂടെ ശ്രദ്ധിക്കപ്പെട്ട അഖില്‍ എന്‍.ആര്‍.ഡിയും അവരവരുടെ ഭാഗങ്ങള്‍ ഭംഗിയായി കൈകാര്യം ചെയ്തു.
ക്ലൈമാക്‌സില്‍ ‘നല്ല നടന്‍ ഇപ്പോഴും അച്ഛന്‍ തന്നെയാണ്’ എന്ന് കാളിദാസ് അച്ഛന്‍ ജയറാമിനോട് പറയുന്നത് പോലെ ജയറാമിന്റെ അഭിനയമികവ് കാഴ്ച്ചവെച്ച മറ്റൊരു ചിത്രമായിരുന്നു ആശകള്‍ ആയിരം. രണ്ടാം പകുകിയിലെ ലാഗ് ഒഴിച്ചുനിര്‍ത്തിയാല്‍ സത്യന്‍ അന്തിക്കാട് ചിത്രങ്ങള്‍ നല്‍കുന്ന പോലെ ഒരു ഫീല്‍ ഗുഡ് വൈബ് ആശകള്‍ ആയിരം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നു.
Content Highlight: Personal Movie review of Jayram starrer aashakal aayiram
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.