പെരിങ്ങമലക്കാര്‍ ചോദിക്കുന്നു; നഗരമാലിന്യം നിങ്ങള്‍ക്ക് അവിടെത്തന്നെ സംസ്‌കരിച്ചാലെന്ത്?
നിമിഷ ടോം

ഖരമാലിന്യ പ്ലാന്റിനെതിരായ തിരുവനന്തപുരം പെരിങ്ങമല നിവാസികളുടെ സമരം ഒരു വര്‍ഷം പിന്നിട്ടിട്ടും ആശങ്കകള്‍ക്ക് അറുതിയില്ല. ജൈവവൈവിധ്യങ്ങള്‍ കൊണ്ട് സമ്പന്നമായ മലമ്പ്രദേശമാണ് പെരിങ്ങമല. ഗാഡ്ഗിലും കസ്തൂരി രംഗനും ഒരുപോലെ പരിസ്ഥിതി ലോലമെന്ന് വിശേഷിപ്പിച്ച സ്ഥലം.

പെരിങ്ങമല അഗ്രിഫാമിലെ ഏഴാം ബ്ലോക്കിലെ 15 ഏക്കറിലാണ് ഖരമാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങുന്നത്. ഇതിന് മുമ്പ് പെരിങ്ങമലയില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലെയുള്ള ഓടുചുട്ടപടുക്കയില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആശുപത്രി മാലിന്യ സംസ്‌കരണ പ്ലാന്റ് തുടങ്ങാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ നാട്ടുകാരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ആ പദ്ധതി പിന്‍വലിച്ചു. ഇതിന് പിന്നാലെയാണ് മറ്റൊരു മാലിന്യനിര്‍മാര്‍ജന പദ്ധതിയുമായി സര്‍ക്കാര്‍ എത്തുന്നത്.

ജീവന്‍ കൊടുത്തും നാടിനെ രക്ഷിക്കുമെന്ന ഉറച്ച തീരുമാനത്തിലാണ് പെരിങ്ങമലയില്‍ ആദിവാസികളുള്‍പ്പെടെയുള്ള നാട്ടുകാര്‍. മാലിന്യപ്ലാന്റിനെതിരെ ഞാനും കുടുംബവും സമരത്തിലാണ് എന്ന് സ്ഥാപിച്ച ബോര്‍ഡുകളുണ്ട് ഇവിടെ എല്ലാ വീടുകളുടെയും മുമ്പില്‍. സര്‍ക്കാര്‍ പദ്ധതിക്കെതിരെ ശക്തമായി നിലനില്‍ക്കുമെന്ന് വിളിച്ചുപറയുകയാണിവര്‍.